സഞ്ജു തിളങ്ങി; രാജസ്ഥാന്‍ റോയല്‍സിനു ജയം

sanju and sreeshant

ജയ്പൂര്‍: മലയാളി താരം സഞ്ജു സാംസന്റെഉജ്ജ്വല ബാറ്റിങ്ങിലൂടെ രാജസ്ഥാന്‍ റോയല്‍സ് ബംഗളൂരു റോയല്‍ ചാലഞ്ചേഴ്സിനെ നാലു വിക്കറ്റിനു തോല്‍പിച്ചു. സഞ്ജു നേടിയ തകര്‍പ്പന്‍ അര്‍ധ സെഞ്ചുറിയാണ് റോയല്‍സിനു വിജയം സമ്മാനിച്ചത്. ബംഗളൂരു പടുത്തുയര്‍ത്തിയ 172 റണ്‍സാണ് ആറു വിക്കറ്റ് നഷ്ടത്തില്‍ റോയല്‍സ് മറികടന്നത്.

ഏഴ് ബൗണ്ടറിയും രണ്ട് സിക്സറുകളും അടക്കം 41 പന്തില്‍ നിന്ന് സഞ്ജു 63 റണ്‍സാണ് അടിച്ചുകൂട്ടിയത്. വിജയ ശില്പിയായ സഞ്ജു തന്നെയാണ് മാന്‍ ഓഫ് ദി മാച്ച്. ശ്രീശാന്തിന് ശേഷം ഐ.പി.എല്‍ ക്രിക്കറ്റിലൂടെ ശ്രദ്ധ നേടുന്ന ഏക മലയാളിയാണ് സഞ്ജു.

ആദ്യം ബാറ്റ് ചെയ്ത ബംഗളൂരു ആറ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് എടുത്തു. ഗെയില്‍(34), കോലി(32) എന്നിവരാണ് ടോപ് സ്കോറര്‍മാര്‍. തകര്‍ത്തടിച്ച് തുടങ്ങിയ ഗെയിലിനെ (16 പന്തില്‍ 34) വാട്സന്റെപന്തില്‍ സഞ്ജു പിടിച്ചു പുറത്താക്കി. രാംപോളിനെ വിക്കറ്റിന് പിന്നില്‍ പിടികൂടിയ സഞ്ജു ഹെന്‍ റിക്കസിനെ റണ്ണൗട്ടാക്കുകയും ചെയ്തു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ റോയല്‍സ് ആറു വിക്കറ്റ് നഷ്ടത്തില്‍ ഒരു പന്ത് മാത്രം അവശേഷിക്കെ ലക്ഷ്യം കണ്ടു. മൂന്നാം വിക്കറ്റില്‍ വാട്സണൊപ്പം(41) അടിച്ചുകൂട്ടിയ 68 റണ്‍സാണ് ടീമിന്റെവിജയത്തിന് നിര്‍ണായകമായത്. ഹോഡ്ജ് 18 പന്തില്‍ 32 റണ്‍സെടുത്തു.