സദാചാര ഗുണ്ടകളുടെ മര്‍ദനമേറ്റയാള്‍ മരിച്ച സംഭവം: ഭാര്യ പരാതി നൽകി

എരുമേലി∙ വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചു സദാചാര ഗുണ്ടകളുടെ മർദനമേറ്റ ഗൃഹനാഥനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ടു ഭാര്യ മുഖ്യമന്ത്രിക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും പരാതി നൽകി. കഴിഞ്ഞ മാസം 12ന് ആണു പാണപിലാവ് പുളിച്ചമാക്കൽ ബാബുവിനെ വനത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ബാബുവിന്റെ ഭാര്യ അജിത നൽകിയ പരാതിയിൽ പറയുന്നത് ഇങ്ങനെ: അജിതയും നാലു മക്കളും ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിൽ പങ്കെടുത്തു വീട്ടിൽ മടങ്ങിവന്നപ്പോൾ ബാബുവിനെ കാണാനില്ലായിരുന്നു. വീട് അലങ്കോലപ്പെട്ട നിലയിലുമായിരുന്നു. വീടിന്റെ ഭിത്തിയിലും വാതിലിലും ചെളി കാണാമായിരുന്നു. വീടു തുറന്നു കിടന്നിരുന്നു. ബാബുവിനെ വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.

രാത്രി ഒൻപതിനു വീട്ടിലെത്തിയ ചിലർ വീടിനുള്ളിലേക്കു കടന്നുവന്ന് അതിക്രമം നടത്തി. മക്കൾ കഴിച്ചുകൊണ്ടിരുന്ന ഭക്ഷണപാത്രം തട്ടിത്തെറിപ്പിച്ചു. അജിതയുടെ വസ്ത്രം വലിച്ചു കീറി. ഒച്ചയും ബഹളവും കേട്ടെത്തിയ അയൽക്കാരെ കണ്ടതോടെ സംഘം പിൻവലിഞ്ഞു. പിറ്റേന്നു ഭർത്താവിനെ വനത്തിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഭർത്താവിനെ വകവരുത്തിയെന്നാണ് അജിതയുടെ ആരോപണം. സംഭവത്തെക്കുറിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ അന്വേഷിച്ചാൽ സത്യം പുറത്തുവരുമെന്നും പരാതിയിൽ പറയുന്നു