സഭയിൽ കക്ഷിനേതാവ് ജോസഫ് തന്നെ; വാക് പോര് തുടരുന്നു ഒത്തുതീർപ്പ് യോഗം ഇന്നു ചേർന്നേക്കും

കേരള കോൺഗ്രസ് (എം) നിയമസഭാ കക്ഷിനേതാവ് തൽക്കാലം പി.ജെ. ജോസഫ് തന്നെ. നിയമസഭാ സമ്മേളനം പുനരാരംഭിച്ച ഇന്നലെ കക്ഷി നേതാവിന്റെ ഇരിപ്പിടത്തിൽ അദ്ദേഹം തുടർന്നു. പാർട്ടി ചെയർമാന്റെ അഭാവത്തിൽ വർക്കിങ് ചെയർമാനാണ് പരമാധികാരമെന്നത് അംഗീകരിക്കണമെന്നു ജോസഫ് പ്രതികരിച്ചു. എന്നാൽ ചെയർമാനെ തീരുമാനിക്കാനുള്ള അധികാരം കേരള കോൺഗ്രസ് സംസ്ഥാന സമിതിക്കാണെന്നും അതിൽ ഭൂരിപക്ഷം ആർക്കാണെന്നതാണു കാര്യമെന്നും മാണി വിഭാഗത്തിലെ റോഷി അഗസ്റ്റിൻ എംഎൽഎയും തിരിച്ചടിച്ചു.

ഒത്തുതീർപ്പ് നീക്കങ്ങൾ ശക്തമെങ്കിലും ഇരുവിഭാഗവും ഇനിയും അയ‍ഞ്ഞിട്ടില്ലെന്ന സൂചനയാണ് ഈ പ്രതികരണങ്ങൾ നൽകിയത്. അഭിപ്രായ ഐക്യത്തിലൂടെ ചെയർമാനെ കണ്ടെത്തുമെന്നു ജോസഫ് പറഞ്ഞു. സംസ്ഥാന സമിതിയിലും ഭൂരിപക്ഷമുണ്ടെന്ന വിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.ജോസഫ് പാർലമെന്ററി പാർട്ടി നേതാവായി തുടരുന്നതിൽ വിരോധമില്ലെന്നും ചെയർമാനെ തങ്ങൾ തീരുമാനിക്കുമെന്നുമായിരുന്നു റോഷിയുടെ മറുപടി. മാണി – ജോസഫ് ലയന സമയത്തെ ധാരണകൾ പാലിക്കണമെന്നും റോഷി ആവശ്യപ്പെട്ടു.

മധ്യസ്ഥരുടെ നേതൃത്വത്തിൽ പ്രശ്നം ഒത്തുതീർക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. മധ്യസ്ഥരിൽ ഒരാൾ കോട്ടയത്തു തങ്ങുന്നു. മറ്റൊരു മധ്യസ്ഥൻ ഇന്നു തിരുവനന്തപുരത്തു ഇരുവിഭാഗം നേതാക്കളുമായി ചർച്ച നടത്തുമെന്നാണു സൂചന. ഇരു വിഭാഗത്തെയും മുതിർന്ന നേതാക്കൾ ഒരുമിച്ചിരുന്നു സംസാരിച്ച ശേഷം ഒത്തുതീർപ്പു ചർച്ച നടത്താമെന്നാണു മധ്യസ്ഥരുടെ നിർദേശം. എംപിമാരും എംഎൽഎമാരും പങ്കെടുക്കുന്ന നിർണായകമായ ഈ യോഗം ഇന്നു ചേർന്നേക്കും. എന്തായാലും പാർട്ടിയിൽ പിളർപ്പു പാടില്ല എന്നതാണ് സി.എഫ്. തോമസ് എംഎൽഎയുടെ നിലപാട്. മാണി–ജോസഫ് വിഭാഗങ്ങളുടെ ലയനത്തിനായി ചെയർമാൻ സ്ഥാനവും പിന്നീടു ലഭിക്കാവുന്ന മന്ത്രിസ്ഥാനവും സി.എഫ്. തോമസ് ഉപേക്ഷിച്ചിരുന്നു.

കെ.എം. മാണി മന്ത്രിയായിരുന്നപ്പോൾ വളരെ വർഷങ്ങൾ പാർട്ടി ചെയർമാനായിരുന്ന സി.എഫ്. തോമസിനെ ചെയർമാനാക്കണമെന്ന അഭിപ്രായവും പാർട്ടിയിൽ ശക്തമായിട്ടുണ്ട്. ചെയർമാൻ സ്ഥാനത്തിനായി ജോസഫ്, മാണി വിഭാഗങ്ങൾ പിടിമുറുക്കുന്ന സാഹചര്യത്തിലാണിത്.അതിനിടെ സിനീയോറിറ്റി നോക്കിയിരുന്നെങ്കിൽ 1978 ൽ പി.ജെ. ജോസഫിനു ചെയർമാൻ ആകാൻ സാധിക്കില്ലായിരുന്നുവെന്നു കേരള കോൺഗ്രസ് എം ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് പറഞ്ഞു. പ്രമുഖ നേതാക്കളിലൊരാളായ വിക്ടർ ടി. തോമസ് സമൂഹമാധ്യമത്തിലിട്ട കുറിപ്പിൽ പിളർപ്പ് ഒഴിവാക്കണമെന്നാണ് അഭിപ്രായപ്പെട്ടത്.