സഭയെ ഉപേക്ഷിക്കില്ല -ബനഡിക്ട് പാപ്പ

pope

വത്തിക്കാന്‍സിറ്റി: ”പ്രാര്‍ഥനയ്ക്കും ധ്യാനത്തിനുമായി ഇനിയുള്ള സമയം ചെലവഴിക്കാനാണ് ദൈവം എന്നോട് നിര്‍ദേശിച്ചത്. അതുപ്രകാരമാണ് ഞാന്‍ പാപ്പാ സ്ഥാനത്തുനിന്ന് വിരമിക്കുന്നത്. എന്നാല്‍ സഭയെ ഞാന്‍ ഉപേക്ഷിക്കില്ല” ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ വികാരഭരിതനായി പറഞ്ഞു. ഞായറാഴ്ച സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ നിറഞ്ഞുകവിഞ്ഞ വിശ്വാസികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അപ്പസ്‌തോലിക കൊട്ടാരത്തിലെ തന്റെ വസതിയുടെ ജനാലയില്‍നിന്ന് അദ്ദേഹം വിശ്വാസികളെ ആശീര്‍വദിച്ചു.

ഈ മാസം 28ന് വിരമിക്കുന്നതിനുമുമ്പ് പാപ്പ എന്ന നിലയിലുള്ള അവസാന ഞായറാഴ്ചയാണ് കടന്നുപോയത്. ഇനിയൊരിക്കലും ബനഡിക്ട് പതിനാറാമനെ ഞായറാഴ്ച പ്രാര്‍ഥനയില്‍ ഇവിടെ കാണാനാവില്ലെന്ന തിരിച്ചറിവോടെ ഒരുലക്ഷത്തോളം വിശ്വാസികളാണ് ചത്വരത്തില്‍ ഒരുമിച്ചത്. ‘വലിയ പിതാവേ ഞങ്ങള്‍ അങ്ങയെ സ്‌നേഹിക്കുന്നു’ എന്നെഴുതിയ ബാനറുകള്‍ ചത്വരത്തില്‍ ഉയര്‍ന്നു. സഭയുടെ 2000 വര്‍ഷത്തെ ചരിത്രത്തില്‍ സ്വമേധയാ വിരമിക്കുന്ന രണ്ടാമത്തെ മാത്രം മാര്‍പാപ്പയാണ് ബനഡിക്ട് പതിനാറാമന്‍. വിരമിക്കുന്നതിനുമുമ്പുള്ള പാപ്പയുടെ അവസാനത്തെ പൊതുകൂടിക്കാഴ്ച ബുധനാഴ്ച നടക്കും. ഗംഭീര യാത്രയയപ്പാണ് വത്തിക്കാന്‍ ബനഡിക്ട് പാപ്പയ്ക്ക് നല്‍കാനൊരുങ്ങുന്നത്.

പുതിയ പാപ്പയെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവിന്റെ തീയതി തീരുമാനിക്കാന്‍ കര്‍ദിനാള്‍മാരുടെ യോഗങ്ങള്‍ തുടരുകയാണ്. മാര്‍ച്ച് 15 മുതലുള്ള ഏതു ദിവസവും കോണ്‍ക്ലേവ് ചേരാമെന്ന് വത്തിക്കാന്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു. അതിനുമുമ്പ് ചേരാനുള്ള സാധ്യതയും ആരായുന്നുണ്ട്. അടുത്ത പാപ്പാസ്ഥാനത്തേക്ക് വ്യക്തമായ സാധ്യതയുള്ള കര്‍ദിനാള്‍മാരാരും ഇനിയും ഉയര്‍ന്നുവന്നിട്ടില്ലെങ്കിലും താരതമ്യേന ചെറുപ്പമുള്ള ഒരാള്‍ ആഗോള കത്തോലിക്കാസഭയെ നയിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.