സമരപാതയിലേക്കു ഗെസ്റ്റ് അധ്യാപകർ; കോളജുകൾ പ്രതിസന്ധിയിലേക്ക്

∙ ഹയർ സെക്കൻഡറി അധ്യാപകരേക്കാൾ കുറഞ്ഞ വേതനം; ശമ്പള പരിഷ്കരണം കഴിഞ്ഞിട്ട് അ‍ഞ്ചു വർഷവും. തുടരുന്ന ഈ സർക്കാർ അവഗണനയ്ക്കെതിരെ സർക്കാർ, എയ്ഡഡ് കോളജുകളിലെ ഗെസ്റ്റ് അധ്യാപകർ സമരപാതയിലേക്ക്. വേതനവർധന തേടി മൂവായിരത്തോളം ഗെസ്റ്റ് അധ്യാപകർ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുന്നതോടെ സംസ്ഥാനത്തെ ആർട്സ്–സയൻസ് കോളജുകളുടെ പ്രവർത്തനം താറുമാറാകുമെന്നാണ് സൂചന. ജനുവരി 25 ന് സൂചനാ പണിമുടക്കും ഫെബ്രുവരി അഞ്ചു മുതല്‍ അനിശ്ചിതകാല പണിമുടക്കും ആരംഭിക്കാനാണ് ഓൾകേരള കോളജ് ഗെസ്റ്റ് ലക്ചറേഴ്സ് യൂണിയന്റെ തീരുമാനം.

തുല്യ ജോലിക്ക് തുല്യവേതനം എന്ന ആവശ്യമുന്നയിച്ചാണ് സമരം. ചരിത്രത്തില്‍ ആദ്യമായാണ് ഗെസ്റ്റ് അധ്യാപകർ ഇത്തരത്തിലൊരു സമരത്തിനൊരുങ്ങുന്നത്. സ്കൂൾ തലത്തിൽ തുടങ്ങി എൻജിനീയറിങ് കോളജുകളിൽ വരെയുള്ള താൽക്കാലിക അധ്യാപകർക്കു വേതനം വർധിപ്പിച്ചിട്ടും ആര്‍ട്സ് ആന്‍ഡ്് സയന്‍സ് കോളജുകളിലെ അധ്യാപകരെ സർക്കാർ പരിഗണിക്കുന്നില്ലെന്നാണ് ഗെസ്റ്റ് അധ്യാപക സംഘടനാ നേതാക്കളുടെ വാദം. അപ്രഖ്യാപിത നിയമന നിരോധനം നിലനിൽക്കുന്നതിനാൽ മൂവായിരത്തോളം ഗെസ്റ്റ് അധ്യാപകർ ഈ മേഖലയിൽ ജോലി ചെയ്യുന്നു. ഗെസ്റ്റ് അധ്യാപകർക്കു സ്ഥിരം അധ്യാപകരുടെ ശമ്പളത്തിന്റെ പകുതി മാത്രം നൽകിയാൽ മതി എന്നതു സ്ഥിരം നിയമനം അനുവദിക്കാതിരിക്കാൻ സർക്കാരിനു പ്രേരണയാണ്.

പരമ്പരാഗത ബിരുദ കോഴ്‌സുകൾക്കു ഡിമാൻഡ് വൻതോതിൽ വർധിച്ചുവരുമ്പോഴും സർക്കാർ തുടരുന്ന ഈ ഉദാസീനത കോളജുകളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നു.കോളജിലെ ഗെസ്റ്റ് അധ്യാപകരുടെ വേതനം 2012 ൽ ആണ് അവസാനമായി പരിഷ്കരിച്ചത്. കഴിഞ്ഞ രണ്ടു വർഷമായി ഹയർ സെക്കൻഡറി ഗെസ്റ്റ് അധ്യാപകർക്കു 34,000 രൂപ വരെ മാസ ശമ്പളം ലഭിക്കുമ്പോൾ പിഎച്ച്ഡി, നെറ്റ് എന്നീ ഉയർന്ന യോഗ്യതകൾ നേടിയ കോളജ് ഗസ്റ്റ് അധ്യാപകർക്കു ലഭിക്കുന്നതു പരമാവധി 25,000 രൂപ.

ഹയർ സെക്കൻഡറി, ഹൈസ്ക്കൂൾ, എൻജിനീയറിങ് കോളജുകളിലെ താൽക്കാലിക അധ്യാപകർക്ക് 40,000 രൂപയിലേറെ മാസം ലഭിക്കുമ്പോൾ ആർട്സ് ആൻഡ് സയൻസ് കോളജ് അധ്യാപകർക്ക് ലഭിക്കുന്നത് പരമാവധി 25,000 രൂപയെന്നത് നീതീകരിക്കാനാകുമോ എന്നാണ് ഗസ്റ്റ് ലക്ചേർസ് യൂണിയന്റെ ചോദ്യം. 50 മണിക്കൂർ ക്ലാസ് ലഭിക്കുന്ന മാസങ്ങളിൽ മാത്രമേ ഇത്രയെങ്കിലും ശമ്പളം ലഭിക്കൂവെന്ന സ്ഥിതിയുമുണ്ട്. വിദ്യാർഥി സമരങ്ങളും മറ്റും കാരണം അധ്യയന ദിവസങ്ങൾ നഷ്ടപ്പെടുന്ന മിക്ക കോളജുകളിലെയും ഗെസ്റ്റ് അധ്യാപകർക്കും പലപ്പോഴും ലഭിക്കുന്നത് 20,000 രൂപയിൽ താഴെ മാത്രവും.

വടക്കൻ ജില്ലകളിൽ പുതുതായി അനുവദിച്ച പല സർക്കാർ കോളജുകളും ഗെസ്റ്റ് അധ്യാപകരെ കൊണ്ടു മാത്രം ക്ലാസുകൾ നടത്തേണ്ട സ്ഥിതിയിലാണ്. എന്നിട്ടും ഇക്കാര്യത്തിൽ മുൻ കോളജ് അധ്യാപകൻ കൂടിയായ വിദ്യാഭ്യാസ മന്ത്രി മൗനം തുടരുന്നതായാണ് ആക്ഷേപം. നെറ്റ് യോഗ്യതക്കാർക്കു മണിക്കൂറിന് 500 രൂപ, നെറ്റ് ഇല്ലാത്തവര്‍ക്ക് 300 രൂപ എന്നിങ്ങനെയാണ് നിലവിലെ വേതന വ്യവസ്ഥ. 2016ല്‍ ഗസ്റ്റ് ലക്ചര്‍മാര്‍ക്ക് പ്രതിദിനം 1550 രൂപ വേതനം നല്‍കണമെന്ന് സര്‍ക്കാര്‍ ഉത്തരവുണ്ടായെങ്കിലും ഗവണ്‍മെന്റ്-എയ്ഡഡ് കോളേജുകളിലെ അധ്യാപകര്‍ക്ക് ഇത് ബാധകമല്ലെന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ വാദം.

കലണ്ടര്‍ അവധികള്‍, സർവകലാശാല പരീക്ഷാ ദിനങ്ങൾ‍, ഹര്‍ത്താലുകള്‍ തുടങ്ങിയ ദിവസങ്ങളിൽ ഇവര്‍ക്ക് വേതനം ലഭിക്കില്ല. പരീക്ഷാ ഡ്യൂട്ടിയെടുത്താല്‍ മൂന്നു മണിക്കൂറിന് ലഭിക്കുന്നത് കേവലം 60 രൂപയും. എയ്ഡഡ് കോളജുകളിലെ ഗെസ്റ്റ് അധ്യാപകരുടെ ശമ്പളം പലപ്പോഴും ഒരു വർഷത്തിനു ശേഷമാണു ലഭിക്കുന്നത്. കോഴിക്കോട്, കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിലെ എയ്ഡഡ് കോളജ് അധ്യാപകർക്കു നാലു വർഷത്തിനു ശേഷമാണു ശമ്പളം ലഭിക്കുന്നത്. വേതനം അനിശ്ചിതമായി വൈകുന്നതിനാൽ പിടിച്ചുനിൽക്കാൻ പറ്റാതെ പലരും വേറെ മേഖലകളിലേക്കു തിരിയുന്നു. ഒരു വർഷത്തിൽ ഒരു വിഷയം പഠിപ്പിക്കാൻ പലപ്പോഴും പല അധ്യാപകർ വരുന്ന സാഹചര്യമാണ് നിലവിൽ.

2012ൽ പുതിയതായി അനുവദിച്ച കോഴ്സുകളുടെ അംഗീകാരം, തസ്തിക നിർണയം എന്നിവ ഇതുവരെ പൂർത്തിയാക്കാത്തതിനാൽ അഞ്ചു വർഷമായി വേതനം പോലും ലഭിക്കാതെ ഒരുപാടു പേർ ജോലി ചെയ്യുന്നുണ്ട്. ശമ്പളവർധനയ്ക്കായി മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, ധനമന്ത്രി എന്നിവരെ പലതവണ സമീപിച്ചെങ്കിലും ഒരു പരിഗണനയും ലഭിച്ചില്ലെന്നാണ് ആക്ഷേപം. അൺ എയ്ഡഡ് കോളജുകൾ, നഴ്സിങ് തുടങ്ങിയ മേഖലകളിലെ ജീവനക്കാരുടെ വേതനത്തെക്കുറിച്ചു സർക്കാർ വാചാലരാവുമ്പോൾ തങ്ങളെ അവഗണിക്കുന്നുവെന്നാണ് ഇവരുടെ പരാതി.