സമൂഹമാധ്യമങ്ങളിലൂടെ വഴി വിദ്വേഷം പരത്തിയാൽ കടുത്ത ശിക്ഷ

സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷം പരത്തുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നവർക്കു കൂടിയ ശിക്ഷ നൽകുന്ന രീതിയിൽ നിയമഭേദഗതികൾ വരുത്താൻ ആഭ്യന്തര മന്ത്രാലയം നിയോഗിച്ച വിദഗ്‌ധ സമിതി ഇടക്കാല റിപ്പോർട്ടിൽ ശുപാർശ ചെയ്‌തു. ഇന്ത്യൻ ശിക്ഷാ നിയമം (ഐപിസി), ക്രിമിനൽ നടപടി ചട്ടം (സിആർപിസി), വിവരസാങ്കേതികവിദ്യാ (ഐടി) നിയമം എന്നിവ ഭേദഗതി ചെയ്യാനാണു ശുപാർശ.

ഓൺലൈൻ സംവിധാനത്തിലൂടെ അപകീർത്തിപ്പെടുത്തുന്നതും വിദ്വേഷം പരത്തുന്നതും തടയുന്നതു സംബന്ധിച്ച ഐടി നിയമത്തിൽ നേരത്തെയുണ്ടായിരുന്ന 66 എ വകുപ്പ് 2015 മാർച്ച് 24ന് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ദുരുപയോഗ സാധ്യത ഏറെയുള്ളതാണെന്നു വിലയിരുത്തിയായിരുന്നു ഇത്.

ബാൽ താക്കറെയുടെ നിര്യാണത്തെത്തുടർന്നു ശിവസേന ആഹ്വാനം ചെയ്‌ത ബന്ദിനെ വിമർശിച്ച രണ്ടു പെൺകുട്ടികളെ അറസ്‌റ്റ് ചെയ്‌ത പശ്‌ചാത്തലത്തിലുണ്ടായ കേസിലായിരുന്നു കോടതിയുടെ നടപടി.

തുടർന്നാണ്, 66 എ വകുപ്പിന്റെ സത്ത ഉൾക്കൊണ്ടുള്ള നിയമപരിഷ്‌കാരം നിർദേശിക്കാൻ ആഭ്യന്തര മന്ത്രാലയം സമിതിയെ നിയോഗിച്ചത്. 66 എ വകുപ്പ് പരിഷ്‌കരിച്ചു പുനഃസ്‌ഥാപിക്കുന്നതിനെക്കാൾ ഉചിതം ഐപിസി ശക്‌തിപ്പെടുത്തലാണെന്നു കേന്ദ്ര നിയമന്ത്രാലയത്തിലെ മുൻ സെക്രട്ടറി ടി.കെ.വിശ്വനാഥൻ അധ്യക്ഷനായ സമിതി വിലിയിരുത്തി. ഏതെങ്കിലും ആശയവിനിമയ മാധ്യമത്തിലൂടെ ഭീഷണിപ്പെടുത്തുന്നതും തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതും രണ്ടുവർഷം വരെ തടവും 50,000 രൂപ പിഴയും കിട്ടാവുന്ന കുറ്റമാകും

രണ്ടുവർഷം തടവ്; അരലക്ഷം രൂപ പിഴ

വിദ്വേഷം പരത്തുന്ന സന്ദേശങ്ങളും മറ്റും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതു തടയാൻ വിദഗ്ധ സമിതി നിർദേശിച്ച ഇന്ത്യൻ ശിക്ഷാ നിയമ ഭേദഗതികൾ ഇങ്ങനെ:

∙ 153 സി വകുപ്പ് – മതം, വർണം, ജാതി, സമുദായം, ലിംഗം, ഭാഷ, താമസസ്‌ഥലം തുടങ്ങിവയുടെ പേരിൽ ഏതെങ്കിലും ആശയവിനിമയ മാധ്യമത്തിലൂടെ
(എ) വ്യക്‌തികളെയോ സംഘങ്ങളെയോ ഉപദ്രവിക്കുമെന്നു ഭീഷണിപ്പെടുത്തുക, (ബി) വ്യക്‌തികൾക്കോ സംഘങ്ങൾക്കോ എതിരെ കുറ്റകൃത്യത്തിനു പ്രേരകമാകുന്ന രീതിയിൽ വിദ്വേഷം പ്രചരിപ്പിക്കുക – രണ്ടുവർഷം വരെ തടവും 50,000 രൂപവരെ പിഴയും.

∙ 505 എ – മതം, വർണം, ജാതി, സമുദായം, ലിംഗം, ഭാഷ, താമസസ്‌ഥലം തുടങ്ങിവയുടെ പേരിൽ ഏതെങ്കിലും ആശയവിനിമയ മാധ്യമത്തിലൂടെ ബോധപൂർവം ആരെങ്കിലും (എ) ക്ഷതമേൽക്കുമെന്ന ഭയമോ ആശങ്കയോ ഉണ്ടാക്കും വിധത്തിൽ അധിക്ഷേപകരമോ വിദ്വേഷം ജനിപ്പിക്കുന്നതോ തെറ്റായോ ആയ കാര്യങ്ങളു പ്രചരിപ്പിക്കുക, (ബി) അക്രമത്തിനു പ്രേരിപ്പിക്കും വിധം ഭീഷണിപ്പെടുത്തുന്നതോ അധിക്ഷേപകരമോ ആയ വിവരങ്ങൾ വ്യക്‌തികൾക്കോ സംഘങ്ങൾക്കോ എതിരെ പ്രചരിപ്പിക്കുക– രണ്ടുവർഷം വരെ തടവും 50,000 രൂപ പിഴയും.

നിയമ കമ്മിഷൻ നിലപാടിന്റെ തുടർച്ച

ഐപിസിയിൽ പുതിയ വ്യവസ്‌ഥകൾ ഉൾപ്പെടുത്തണമെന്നു ലോ കമ്മിഷൻ ഓഫ് ഇന്ത്യ നൽകിയ ശുപാർശയുടെ ചുവടുപിടിച്ചുള്ളതാണു തങ്ങളുടെ നിർദേശങ്ങളെന്നു വിദഗ്‌ധസമിതി അംഗം ഡോ. എസ്.ശിവകുമാർ പറഞ്ഞു.