സാങ്കേതികത്വത്തിൽ കുടുങ്ങി പട്ടയവിതരണം മുടങ്ങി

പമ്പാവാലി∙ പതിറ്റാണ്ടുകൾക്കു മുൻപ് റവന്യു, വനം വകുപ്പുകൾ സംയുക്തമായി നടത്തിയ പരിശോധനാ റിപ്പോർട്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിൽ എത്താതിരുന്നതിനെ തുടർന്ന് ഏഞ്ചൽവാലിയിൽ പട്ടയവിതരണം നിർത്തിവയ്ക്കുന്നു. രണ്ടു വർഷം മുൻപ് 904 പേർക്ക് പട്ടയം അനുവദിച്ചിരുന്നു. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്താണ് ഏഞ്ചൽവാലി മേഖലയിൽ പട്ടയം നൽകാൻ തീരുമാനിച്ചത്.

മേള നടത്തി 529 പേർക്ക് പട്ടയം വിതരണം നടത്തുകയും ചെയ്തു. കഴിഞ്ഞ ജൂലൈ മാസത്തിൽ റവന്യു അഡീഷനൽ ചീഫ് സെക്രട്ടറിയുടെ തീരുമാന പ്രകാരം എരുമേലി വില്ലേജ് ഓഫിസിൽ കരം അടയ്ക്കുകയും ചെയ്തിരുന്നു. ശേഷിക്കുന്ന കുടുംബങ്ങളുടെ പട്ടയം എല്ലാ നടപടിക്രമങ്ങളും പൂർത്തീകരിച്ച് കക്ഷികളെക്കൊണ്ട് ഒപ്പിടുവിച്ച് താലൂക്ക് ഓഫിസിൽ സൂക്ഷിച്ചിട്ടുമുണ്ട്.

എന്നാൽ, പതിറ്റാണ്ടുകൾ മുൻപു നടത്തിയ സംയുക്ത പരിശോധനാ റിപ്പോർട്ട് സിസിഎഫിനും തുടർന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനും ലഭിച്ചില്ലെന്ന കാരണം പറഞ്ഞാണ് സംസ്ഥാന സർക്കാർ പട്ടയ വിതരണം തൽക്കാലം നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. മൊത്തം 502 ഹെക്ടർ പ്രദേശമാണുള്ളത്. സ്വാതന്ത്ര്യലബ്ധിയുടെ കാലത്ത് ഭക്ഷ്യക്ഷാമം പരിഹരിക്കാൻ സർക്കാർ തന്നെയാണ് കർഷകരെ ഏഞ്ചൽവാലിയിലേക്ക് അയച്ചത്. എന്നാൽ മാറി മാറി വന്ന സർക്കാരുകൾ പട്ടയവിഷയത്തിൽ നാട്ടുകാരെ പറ്റിക്കുന്ന നിലപാടാണ് എടുത്തത്.

പട്ടയം: ധർണ 20ന്

ഏഞ്ചൽവാലി∙ പട്ടയ വിഷയത്തിൽ 20നു രാവിലെ 11നു താലൂക്ക് ഓഫിസിലേക്കു മാർച്ചും ധർണയും നടത്താൻ കേരള കോൺഗ്രസ് മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു. കർഷകർക്ക് ലഭ്യമായ പട്ടയങ്ങൾക്കു നിയമ സാധുത ഉറപ്പാക്കുക, വസ്തുക്കളുടെ ബ്ലോക്ക്– സർവേ നമ്പരുകളിൽ വ്യക്തത വരുത്തുക, ഈ ഭൂമിയുടെ ന്യായവില നിശ്ചയിച്ച് വസ്തുവിന്റെ ക്രയവിക്രയം ഉറപ്പു വരുത്തുക, റവന്യു നടപടി ക്രമങ്ങൾ പൂർത്തിയാക്കാത്ത വസ്തുക്കളുടെ അപേക്ഷകളിൽ അടിയന്തര തീരുമാനം എടുക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തിയാണു മാർച്ച്.

യോഗത്തിൽ മണ്ഡലം പ്രസിഡന്റ് പി.ജെ.സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്ത് അംഗം സെബാസ്റ്റ്യൻ കുളത്തിങ്കൽ, മണ്ഡലം സെക്രട്ടറി ജയ്സൺ കുന്നത്തുപുരയിടം, വാർഡ് അംഗം വൽസമ്മ തോമസ്, മാത്യു ജോസഫ്, ഷിൻസ് വടക്കേൽ, സണ്ണി കടവിൽ, സാബു കാലാപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.