സാമൂഹ്യസുരക്ഷിതത്വ പെൻഷൻ വിതരണം മുടങ്ങിയതായി ആക്ഷേപം

എരുമേലി ∙ പുതിയ ഗുണഭോക്താക്കൾ സത്യവാങ്മൂലം നൽകണമെന്ന വ്യവസ്ഥ പഞ്ചായത്ത് അധികൃതർ അറിയിക്കാതിരുന്നതു മൂലം നൂറുകണക്കിന് ആളുകളുടെ സാമൂഹ്യസുരക്ഷിതത്വ പെൻഷൻ വിതരണം മുടങ്ങിയതായി ആക്ഷേപം. സത്യവാങ്മൂലം സമർപ്പിക്കാൻ കഴിയാത്തത് സർക്കാർ സൈറ്റ് ബ്ലോക്ക് ചെയ്തിരിക്കുന്നതു മൂലമെന്നു പഞ്ചായത്ത് അധികൃതർ. എന്തായാലും പുതിയ പെൻഷൻ‍ അപേക്ഷകരുടെ ഓണം നിറംമങ്ങുമെന്ന് ഇതോടെ വ്യക്തമായി.

ഒരുവർഷം മുൻപ് ക്ഷേമകാര്യ സ്ഥിരം സമിതി പട്ടിക അംഗീകരിച്ച്, പഞ്ചായത്ത് കമ്മിറ്റി പാസാക്കിയ അപേക്ഷകർക്കാണു പെൻഷൻ ലഭിക്കാതെപോകുന്നത്. പെൻഷനുവേണ്ടി ഗുണഭോക്താക്കൾ പഞ്ചായത്ത് കാര്യാലയത്തിൽ എത്തിയപ്പോൾ ഓണത്തിനു ശേഷമേ സത്യവാങ്മൂലം സ്വീകരിക്കൂ എന്ന മറുപടിയാണു ലഭിച്ചത്. എല്ലാവർക്കും 1100 രൂപ അനുവദിച്ചതായി ക്ഷേമ പെൻഷൻ സൈറ്റിൽ കാണിക്കുന്നുണ്ടെങ്കിലും ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് തുക എത്തുന്നില്ല.

ഓണത്തിനു പെൻഷൻ ലഭിക്കുമെന്നു പ്രതീക്ഷിച്ചിരുന്ന നൂറുകണക്കിന് ആളുകൾ ഇതോടെ നിരാശരായി. ഇതു സംബന്ധിച്ച് പരാതിപറഞ്ഞ് എത്തിയവരോട് ജനസംഖ്യയെക്കാൾ കൂടുതലാണ് പെൻഷൻകാരെന്ന് അതിശയോക്തി പറഞ്ഞ് ഭരണപക്ഷത്തെ ജനപ്രതിനിധി ആക്ഷേപിച്ചതായും പറയപ്പെടുന്നു. പഞ്ചായത്തു വഴിയാണ് സത്യാവാങ്മൂലം സമർപ്പിക്കേണ്ടത്.

ഒരാൾ തന്നെ വിവിധ പെൻഷനുകൾ വാങ്ങുന്നെന്ന ആരോപണത്തെ തുടർന്നാണു സത്യാവാങ്മൂലം നിർബന്ധമാക്കിയത്. മറ്റ് പെൻഷനുകൾ വാങ്ങുന്നുണ്ടോ, വരുമാന പരിധി തുടങ്ങിയ കാര്യങ്ങളിലാണു സത്യവാങ്മൂലം നൽകേണ്ടത്. പെൻഷൻ അപേക്ഷകരുടെ എണ്ണം വർധിച്ചതാണു സൈറ്റ് ബ്ലോക്ക് ചെയ്യാൻ കാരണമെന്നും പറയപ്പെടുന്നു.