സാമ്പത്തിക സംവരണം സംസ്ഥാന സർക്കാരിന്റെ നിലപാട് പ്രതിഷേധാർഹം. മാധ്യമ കമ്മീഷൻ

കാഞ്ഞിരപ്പള്ളി : സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് കേന്ദ്ര സംസ്ഥാന സർക്കാർ സർവീസുകളിലേക്കുള്ള മത്സര പരീക്ഷകൾക്കും, ഉന്നതവിദ്യാഭ്യാസ രംഗത്തും ഭരണഘടനാപരമായി അനുവദിച്ചിരിക്കുന്ന പത്ത് ശതമാനം സാമ്പത്തിക സംവരണം നടപ്പിലാക്കുന്നതിൽ സംസ്ഥാന സർക്കാർ പുലർത്തുന്ന അനാസ്ഥ പ്രതിഷേധാർഹമാണ്.

കേന്ദ്രസർക്കാരും മറ്റ് പല സംസ്ഥാന സർക്കാരുകളും സാമ്പത്തിക സംവരണം നടപ്പിലാക്കിയെങ്കിലും കേരള സർക്കാർ ഇക്കാര്യത്തിൽ ബോധപൂർവ്വകമായ ഉദാസീനത തുടരുകയാണ്. കേരളത്തിലെ യുവജനങ്ങൾ പ്രതീക്ഷയോടെ കാത്തിരുന്ന കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് ( കെ.എ.എസ്), എൽ ഡി ക്ലർക്ക് തുടങ്ങിയ നിരവധി തസ്തികകളിലേക്കുള്ള വിജ്ഞാപനങ്ങൾ പുറത്തുവന്നിട്ടും ഇതിലൊന്നും സാമ്പത്തിക സംവരണം ബാധകമാക്കാത്തത് മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന നിരവധി ആളുകളെ പ്രതികൂലമായി ബാധിക്കാൻ പോവുകയാണ്. അതിനാൽ നിലവിൽ വജ്ഞാപനം ചെയ്തിരിക്കുന്ന കെ.എ.എസ് ഉൾപ്പടെയുള്ള തസ്തികകൾക്ക് സാമ്പത്തിക സംവരണം ബാധകമാക്കികൊണ്ട് ഉത്തരവ് സംസ്ഥാന സർക്കാർ അടിയന്തിരമായി പുറത്തിറക്കണം. സാമ്പത്തിക സംവരണത്തിന്റെ മാനദണ്ഡങ്ങളിൽ വ്യക്തത വരുത്താൻ സംസ്ഥാന സർക്കാരിന് കഴിയുന്നില്ലെങ്കിൽ കേന്ദ്ര മാനദണ്ഡങ്ങൾ പിന്തുടർന്നുകൊണ്ട് ഭരണഘടനാപരമായ അവകാശങ്ങൾ ഉറപ്പ് നൽകാൻ സർക്കാർ തയ്യാറാകണമെന്നും ആവശ്യപ്പെടുന്നു…. റോണി കെ. ബേബി, സെക്രട്ടറി, മാധ്യമ കമ്മീഷൻ, കാഞ്ഞിരപ്പള്ളി രൂപതാ പാസ്റ്ററൽ കൗൺസിൽ.