സിംഗിള്‍ യൂസ്‌ പ്ലാസ്‌റ്റിക്കിന്‌ കോട്ടയം ജില്ലയില്‍ നിരോധനം

സമ്പൂര്‍ണ ശുചിത്വവും മാലിന്യ സംസ്‌കരണവും ലക്ഷ്യമിടുന്ന കര്‍മ്മ പരിപാടികളുമായി ഈ വര്‍ഷത്തെ ഗാന്ധിജയന്തി വാരം കോട്ടയം: ജില്ലയില്‍ ആഘോഷിക്കും. ഒകേ്‌ടാബര്‍ രണ്ടിനു ജില്ലാതല ഉദ്‌ഘാടനത്തോടെയാണു വിപുലമായ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിക്കുക. കലക്‌ടര്‍ പി.കെ. സുധീര്‍ ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വകുപ്പു മേധാവികളുടെ യോഗത്തില്‍ വാരാചരണ പരിപാടികള്‍ക്കു രൂപം നല്‍കി.

വീടുകളിലും സ്‌ഥാപനങ്ങളിലും പൊതു ഇടങ്ങളിലും ശുചീകരണവും പ്ലാസ്‌റ്റിക്‌ നിര്‍മാര്‍ജ്‌ജനവും ഊര്‍ജ്‌ജിതമായി നടപ്പാക്കണമെന്നും തദ്ദേശ സ്‌ഥാപനങ്ങളും പൊതുജനങ്ങളും ഉദ്യോഗസ്‌ഥരും ഇതില്‍ സജീവ പങ്കാളികളാകണമെന്നും കലക്‌ടര്‍ നിര്‍ദേശിച്ചു. സെപ്‌റ്റംബര്‍ ഒന്നിനു തുടക്കം കുറിച്ച സ്വച്‌ഛത ഹി സേവ കര്‍മ്മ പദ്ധതി പ്രവര്‍ത്തനങ്ങളും ഇക്കാലയളവില്‍ തുടരണം. എല്ലാ തദ്ദേശ ഭരണ സ്‌ഥാപനങ്ങളിലെയും ഹരിത കര്‍മ്മസേനകള്‍ വീടുകളില്‍നിന്നും സ്‌ഥാപനങ്ങളില്‍നിന്നും വൃത്തിയാക്കിയ പ്ലാസ്‌റ്റിക്‌ ശേഖരിച്ചു തദ്ദേശ സ്‌ഥാപനങ്ങളുടെ സംഭരണ കേന്ദ്രങ്ങളില്‍ എത്തിക്കണം. ഹരിത സഹായ സ്‌ഥാപനങ്ങളുടെ നേതൃത്വത്തില്‍ അവ തരംതിരിച്ചു വിപണിമൂല്യമുള്ള പ്ലാസ്‌റ്റിക്ക്‌ റീസൈക്ലിംഗിനായി നല്‍കണം. റീസൈക്ലിംഗ്‌ സാധ്യമല്ലാത്തവ ഷ്രെഡിംഗ്‌ യൂണിറ്റുകളിലെത്തിച്ചു ഷ്രെഡ്‌ ചെയ്‌തു ടാറിങിന്‌ ഉപയോഗിക്കുന്നതിനായി ക്ലീന്‍ കേരള കമ്പനിക്കു കൈമാറണം.

ഒറ്റത്തവണ ഉപയോഗിച്ച്‌ ഉപേക്ഷിക്കുന്ന പ്ലാസ്‌റ്റിക്കിന്‌ ഒകേ്‌ടാബര്‍ രണ്ടു മുതല്‍ ജില്ലയില്‍ പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തുമെന്നു കലക്‌ടര്‍ പറഞ്ഞു. നിരോധനം നടപ്പിലാക്കുന്നതിന്‌ തദ്ദേശ സ്‌ഥാപനങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്‌. പ്ലാസ്‌റ്റിക്‌ കവറുകള്‍ക്കു പകരം ഉപയോഗിക്കാവുന്ന കടലാസ്‌, തുണി എന്നിവ കൊണ്ടുള്ള കവറുകളും സഞ്ചികളും തയ്യാറാക്കുന്ന യൂണിറ്റുകള്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ആരംഭിക്കും.

ഗാന്ധി ജയന്തി ആഘോഷ പരിപാടികളുടെ ജില്ലാതല ഉദ്‌ഘാടനം ഒകേ്‌ടാബര്‍ രണ്ടിനു രാവിലെ ഒന്‍പതിന്‌ തിരുനക്കര ഗാന്ധി സ്‌ക്വയറില്‍ നടക്കും. സമാധാന സന്ദേശ റാലി, ഗാന്ധി പ്രതിമയില്‍ ഹാരാര്‍പ്പണവും പുഷ്‌പ്പാര്‍ച്ചനയും പൊതുസമ്മേളനം എന്നിവയും ഇതോടനുബന്ധിച്ചു സംഘടിപ്പിക്കും.
കലക്‌ടറേറ്റില്‍ ചേര്‍ന്ന ആലോചനാ യോഗത്തില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജസ്‌റ്റിന്‍ ജോസഫ്‌, ശുചിത്വമിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ ഫിലിപ്പ്‌ ജോസഫ്‌, ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. രമേഷ്‌, ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ്‌ വി.കെ. കരുണാകരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികള്‍ പങ്കെടുത്തു.