സിനിമ താരം കനക കാൻസർ വന്നു മരിച്ചെന്നു അഭുഹം .. താൻ മരിച്ചിട്ടില്ലന്നു കനക ..

kanaka

കനക മരിച്ചെന്ന് വിശ്വസിച്ചു ആദരാജ്ഞലി പോസ്റ്റുകള്‍ ഇറക്കിയ ആരാധകരെ ഞെട്ടിച്ചു കനക തന്നെ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ വന്നു. ഇതോടെ മരിച്ചെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമായി. വിക്കിപീഡിയയെ അടക്കം പറ്റിച്ചാണ് കനക മരിച്ചെന്ന വാര്‍ത്ത‍ സോഷ്യല്‍ മീഡിയകളിലൂടെ പരന്നത്. വിക്കിപീഡിയ സംഭവം പിന്നീടു തിരുത്തി.

മരിച്ചുവെന്ന വാര്‍ത്തകള്‍ ചില ചാനലുകളിലും സോഷ്യല്‍ മീഡിയയിലും പരന്നതോടെയാണ് നടി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്. വിയറ്റ്‌നാം കോളനി സിനിമയ്ക്ക് ശേഷം താന്‍ കേരളത്തിലേക്ക് വന്നിട്ടേയില്ലെന്നും കനക പറഞ്ഞു. തനിക്ക് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നുമാണ് കനക മാധ്യമങ്ങളോട് പറഞ്ഞത്. ആരോ പരത്തിയ നുണയാണ് തന്റെ വാര്‍ത്തെയെന്നും കനക മാധ്യമങ്ങളെ അറിയിച്ചു. ചെന്നൈയിലെ വീട്ടിലാണ് കനക ഇപ്പോള്‍ ഉള്ളത്.

”കനക എന്നുകേട്ടാല്‍ നിങ്ങള്‍ എന്തു വാര്‍ത്തയും കൊടുക്കും. കനക ഇപ്പോഴും ഹോട്ട് സബ്ജക്ട് ആണെന്നറിയുന്നതില്‍ സന്തോഷം”. തന്നെ കൊന്ന മാധ്യമങ്ങളോട് പരിഭവമേതുമില്ലാതെ നടി കനക പറഞ്ഞു. ”എന്നെ കണ്ടിട്ട് നിങ്ങള്‍ക്ക് എന്തു തോന്നുന്നു, ഞാന്‍ ഉയിരോടെ തന്നെയില്ലേ!” ചെന്നൈയിലെ രാജാ അണ്ണാമലൈപുരത്തുള്ള വീട്ടില്‍ ചൊവ്വാഴ്ച ഉച്ചതിരിഞ്ഞെത്തിയ മാധ്യമ പ്രവര്‍ത്തകരെ സ്വന്തം മരണവാര്‍ത്ത ആസ്വദിച്ച് ചിരിച്ചുകൊണ്ടാണ് കനക നേരിട്ടത്.

”നിങ്ങളുടെ സന്തോഷം” മരിച്ചതായുള്ള വാര്‍ത്തയെക്കുറിച്ച് ഒരു പത്രപ്രവര്‍ത്തകന്‍ ചോദിച്ചപ്പോള്‍ കനകയുടെ മറുപടി ഒട്ടും വൈകിയില്ല. ആലപ്പുഴയില്‍ അര്‍ബുദത്തിന് ചികിത്സയിലായിരുന്നെന്ന റിപ്പോര്‍ട്ടുകള്‍ കനക നിഷേധിച്ചു. എന്റെ ഒരു സുഹൃത്ത് ആലപ്പുഴയിലുണ്ട്. ഈ വാര്‍ത്തകേട്ട് അവരും എന്നെ വിളിച്ചിരുന്നു. അടുത്തകാലത്തെങ്ങും ഞാന്‍ കേരളത്തില്‍ പോയിട്ടില്ല.
”അര്‍ബുദത്തിനോ പ്രമേഹത്തിനോ ഞാന്‍ പരിശോധനയൊന്നും നടത്തിയിട്ടില്ല. പിന്നെ മനുഷ്യരാവുമ്പോള്‍ അസുഖങ്ങള്‍ വരും, പോവും” – കനക പറഞ്ഞു.

ബൈറ്റ് എടുക്കാനെത്തിയ മലയാളം ചാനലിലെ റിപ്പോര്‍ട്ടര്‍മാരോട് ഏത് ചാനലിലാണ് താന്‍ മരിച്ച വാര്‍ത്ത വന്നതെന്നായിരുന്നു കനകയുടെ ചോദ്യം. വാര്‍ത്ത കൊടുത്തതില്‍ വിഷമമൊന്നുമില്ലെന്നും എല്ലാവരെയും കാണാന്‍ ഒരവസരമുണ്ടായി എന്നാണ് താന്‍ കരുതുന്നതെന്നും കനക പറഞ്ഞു. ”എനിക്ക് ഒരു കുഴപ്പവുമില്ല. ആരെങ്കിലും വെടിവെച്ചാലേ ഞാന്‍ മരിക്കൂ” – ചിരിച്ചുകൊണ്ട് കനക പറഞ്ഞു.

കഴിഞ്ഞ കുറച്ചുദിവസങ്ങളായി കനക ആലപ്പുഴയില്‍ അര്‍ബുദത്തിന് ചികിത്സയിലാണെന്ന് കിംവദന്തികള്‍ പ്രചരിച്ചതിന് പിന്നാലെയാണ് കനക മരിച്ചെന്ന് ചൊവ്വാഴ്ച രാവിലെ ചില ചാനലുകളില്‍ വാര്‍ത്ത വന്നത്. സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകള്‍ ഇത് ഏറ്റുപിടിച്ചതോടെ കനകയുടെ ചരമവാര്‍ത്ത നാടെങ്ങും പടര്‍ന്നു. ചില ചാനലുകള്‍ കനകയ്‌ക്കൊപ്പം അഭിനയിച്ച താരങ്ങളുടെ കമന്റുകള്‍വരെ തേടിയെടുത്ത് കൊടുക്കുകയും ചെയ്തു.

2വാര്‍ത്തയുടെ നിജസ്ഥിതി അറിയാനായി ചെന്നൈയിലെ പത്രപ്രവര്‍ത്തകര്‍ കനകയുടെ പിതാവ് ദേവദാസിനെ വിളിച്ചതോടെയാണ് കനക ഇപ്പോള്‍ ചെന്നൈയില്‍തന്നെയുണ്ടെന്നും കനകയ്ക്ക് കുഴപ്പമൊന്നുമില്ലെന്നും വ്യക്തമായത്. ഒടുവില്‍ താന്‍ ജീവനോടെതന്നെയുണ്ടെന്ന് തെളിയിക്കാനായി കനകതന്നെ മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു.

മുന്‍കാല തമിഴ് നടി ദേവികയുടെ മകളായ കനക 16-ാം വയസ്സില്‍ അഭിനയം തുടങ്ങിയതാണ്. തമിഴില്‍ രജനികാന്ത്, പ്രഭു, കാര്‍ത്തിക് എന്നിവരുടെയൊക്കെ നായികയായി അഭിനയിച്ച കനക മലയാളത്തില്‍ മോഹന്‍ലാല്‍ , മമ്മൂട്ടി, ജയറാം തുടങ്ങിയവരുടെ നായികയായിട്ടുണ്ട്. കനക നായികയായ ഗോഡ്ഫാദര്‍, വിയറ്റ്‌നാം കോളനി, ഗോളാന്തര വാര്‍ത്തകള്‍ എന്നീ സിനിമകള്‍ വന്‍ഹിറ്റായിരുന്നു. 2003-ലാണ് മലയാളത്തില്‍ കനക അവസാനമായി അഭിനയിച്ചത്.

2002-ല്‍ അമ്മ ദേവിക മരിച്ചതിനുശേഷം പൊതുവെ സമൂഹത്തില്‍ നിന്ന് പിന്‍വലിഞ്ഞ് നില്ക്കുകയായിരുന്ന കനക മൂന്നുകൊല്ലം മുമ്പ് ഒരു വാരികയ്ക്ക് നല്കിയ അഭിമുഖത്തില്‍ താന്‍ ആത്മാക്കളോട് സംസാരിക്കാറുണ്ടെന്ന് പറഞ്ഞത് വിവാദമായിരുന്നു.
പിതാവ് ദേവദാസുമായി കഴിഞ്ഞ കുറെകൊല്ലങ്ങളായി കനകയ്ക്ക് അടുപ്പമില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 2007-ല്‍ കാലിഫോര്‍ണിയയില്‍ എന്‍ജിനീയറായ മുത്തുകുമാറിനെ കനക വിവാഹം കഴിച്ചതായും വാര്‍ത്തയുണ്ടായിരുന്നു. ചെന്നൈയിലെ രാജാ അണ്ണാമലൈപുരത്തുള്ള വീട്ടില്‍ കനക തനിച്ചാണ് ഇപ്പോള്‍ തമാസമെന്നറിയുന്നു.
1

വീഡിയോ ഇവിടെ കാണുക .