സിപിഐക്കെതിരെ കെ.ജെ.തോമസ്

പൊൻകുന്നം ∙ സിപിഐക്കെതിരെ പരോക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.ജെ.തോമസ്. സിപിഎം കാഞ്ഞിരപ്പള്ളി ഏരിയ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിജെപിക്കും കോൺഗ്രസിനും ഒപ്പം ചേർന്ന് ഇടതുപക്ഷത്തിനൊപ്പമുള്ള ചിലർ സമരങ്ങളിൽ പങ്കെടുക്കുകയും മുദ്രാവാക്യങ്ങൾ പങ്കുവയ്ക്കുകയും ചെയ്തതായി സിപിഐയെ പേരെടുത്തു പറയാതെയാണു കെ.ജെ.തോമസ് വിമർശിച്ചത്.

ഇടതുപക്ഷത്തിന്റെ കൂടെയുള്ള ചിലർ ചില ഘട്ടങ്ങളിൽ അവരുടെ കൂടെ കൂടുകയും അവരോടൊപ്പം ചില മുദ്രാവാക്യങ്ങൾ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണി ശക്തിപ്പെട്ടു മുന്നോട്ടു പോകേണ്ടതുണ്ട്. സർക്കാരിനെ നല്ല നിലയിൽ സംരക്ഷിക്കാൻ എല്ലാവർക്കും കഴിയണം.

സംസ്ഥാനത്തു സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണങ്കിലും ക്ഷേമ പെൻഷനുകൾ കൃത്യമായി ജനങ്ങളിലേക്കെത്തിക്കാന്‍ സർക്കാരിനു കഴിഞ്ഞതായും കെ.ജെ.തോമസ് പറഞ്ഞു. ഏരിയ സമ്മേളനം നാളെ സമാപിക്കും.