സീരിയലുകൾക്കനുസരിച്ച് പ്രാർത്ഥനാ സമയം ചിട്ടപ്പെടുത്തുന്നതായി ഇന്നത്തെ പ്രാർത്ഥനകൾ: സ്വാമി ധർമ്മ ചൈതന്യ

പൊൻകുന്നം:ടെലിവിഷനിൽ വരുന്ന സീരിയലുകളുടെ സമയക്രമമനുസരിച്ച് നമ്മുടെ വീടുകളിലെ പ്രാർത്ഥനാസമയം ചിട്ടപ്പെടുത്തുന്ന രീതിയാണ് ഇന്നുനാം കണ്ടുവരുന്നതെന്ന് സ്വാമി ധർമ്മചൈതന്യ.

എസ്.എൻ.ഡി.പി.യോഗം 1044ാം നമ്പർ പൊൻകുന്നം ശാഖയിൽ നടന്ന ശിവഗിരി വിഗ്രഹപ്രതിഷ്ഠാ കനകജൂബിലി ആഘോഷ ചടങ്ങിൽ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു സ്വാമി.ഒരുദിവസം നമ്മുടെ മനസ്സിൽ അടിഞ്ഞുകൂടുന്ന മാലിന്യങ്ങൾ നീക്കി മനസ്സിനെ ശുദ്ധമാക്കിയെടുക്കുന്ന പവിത്രമായ അനുഷ്ഠാനമാണ് പ്രാർത്ഥന.അത് കുടുംബത്തിലെ മുഴുവൻ അംഗങ്ങളും ഒരുമിച്ചിരുന്ന് അനുഷ്ഠിക്കേണ്ട കർമ്മമാണ്.പ്രാർത്ഥന സ്ത്രീകൾക്കും കുട്ടികൾക്കുമായി സംവരണം ചെയ്തിട്ടുള്ള ഒന്നല്ല.അതിൽ വീട്ടിലുള്ള പുരുഷൻമാരും നിർബ്ബന്ധമായും പങ്കെടുക്കണമെന്നും സ്വാമി പറഞ്ഞു. യൂണിയൻ കമ്മിറ്റി അംഗം പി.മോഹൻ റാം അദ്ധ്യക്ഷനായി.യൂണിയൻ പ്രസിഡന്റ് ബാബു ഇടയാടിക്കുഴി,വൈസ് പ്രസിഡന്റ് ലാലിറ്റ് എസ്.തകടിയേൽ,സെക്രട്ടറി പി.ജീരാജ്,യൂണിയൻ കൗൺസിൽ അംഗം ഷാജി ഷാസ്,യൂത്ത്മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് ശ്രീകാന്ത്,ശാഖാ സെക്രട്ടറി എം.എം.ശശിധരൻ,വൈസ് പ്രസിഡന്റ് എ.ആർ.സാഗർ തുടങ്ങിയവർ പ്രസംഗിച്ചു.ശ്രീനാരായണ ഗുരുദേവക്ഷേത്രം മേൽശാന്തി തമ്പലക്കാട് മോഹനൻശാന്തി സ്വാമിയെ പൂർണ്ണകുംഭം നൽകി സ്വീകരിച്ചു.ഹൈറേഞ്ച് യൂണിയൻതല ആഘോഷപരിപാടികൾ കാഞ്ഞിരപ്പള്ളി 55-ാം നമ്പർ ശാഖയിൽ നടന്ന പ്രാർത്ഥനായോഗത്തോടെ സമാപിച്ചു.