സുരക്ഷയ്ക്ക് വള്ളിയോളം ബലം!

കൂട്ടിക്കൽ ∙ പ്രളയക്കെടുതിയെ തുടർന്നു തകർന്ന ചപ്പാത്ത് പാലത്തിന്റെ കൈവരികൾക്കു പകരം ഇപ്പോൾ ഉള്ളത് വെറും വള്ളി മാത്രം. അപകട സാധ്യത വർധിക്കുന്നതിനാൽ കൈവരികൾ നിർമിക്കുവാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കോട്ടയം ഇടുക്കി ജില്ലകളെ തമ്മിൽ ബന്ധിപ്പിച്ചു കൂട്ടിക്കൽ, കൊക്കയാർ പഞ്ചായത്തിന്റെ അതിർത്തിയിൽ ഇളംകാട് റോഡിനു സമീപമുള്ള പാലം അപകടാവസ്ഥയിലായിരിക്കുന്നത്.

കഴിഞ്ഞ കാലവർഷത്തിൽ ഇളംകാട്ടിൽ ഉരുൾപൊട്ടുകയും പുല്ലകയാർ കരകവിഞ്ഞൊഴുകിയതോടെ കൈവരികൾ നശിക്കുകയുമായിരുന്നു. ഒരുവശത്ത് പാതിയിലധികം കൈവരികളാണു നശിച്ചത്. ഇതേ തുടർന്ന് ഇവിടെ വള്ളികൾ വലിച്ചു കെട്ടിയ നിലയിലാണ്. വീതികുറഞ്ഞ പാലത്തിലൂടെ നടക്കുന്ന കാൽനടയാത്രികർക്കൊപ്പം അതേ സമയംതന്നെ വാഹനങ്ങളും കടന്നുപോകുന്നത് അപകട സാധ്യത വർധിപ്പിക്കുന്നു.