സെർവർ തകരാർ; സബ് റജിസ്ട്രാർ ഓഫിസ് പ്രവർത്തനം അവതാളത്തിൽ

എരുമേലി∙ സബ് റജിസ്ട്രാർ ഓഫിസിലെ സെർവർ തകരാറിലായതിനെ തുടർന്ന് പ്രവർത്തനം വൻ പ്രതിസന്ധിയിൽ. ഒരാഴ്ചയായി തുടരുന്ന തകരാറിന് പരിഹാരമില്ലാത്തതിനാൽ ജീവനക്കാരും നാട്ടുകാരും ദുരിതത്തിലായി. ഏഴു ദിവസം മുൻപാണ് എരുമേലി സബ് റജിസ്ട്രാർ ഓഫിസിലെ സെർവർ തകരാറിലായത്. ഇതോടെ ആധാരം റജിസ്റ്റർ ചെയ്യൽ, ബാധ്യതാ സർട്ടിഫിക്കറ്റ് നൽകൽ, ആധാരം പകർപ്പ് സർട്ടിഫൈ ചെയ്യൽ തുടങ്ങിയ നടപടി ക്രമങ്ങൾ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. എരുമേലി സബ് റജിസ്ട്രാർ ഓഫിസിൽ ദിവസേന ശരാശരി 10 ആധാരങ്ങളാണു റജിസ്റ്റർ ചെയ്യുന്നത്.

മുപ്പതിലേറെ ബാധ്യതാ സർട്ടിഫിക്കറ്റുകളും അരഡസനിലേറെ പകർപ്പുകളും വിതരണം ചെയ്യുന്നു. സബ് റജിസ്ട്രാർ ഓഫിസിൽ നിന്നു ദിവസേന രണ്ടു ലക്ഷത്തിലേറെ രൂപയാണു സർക്കാരിലേക്ക് ലഭിക്കുന്നത്. കേരള സ്റ്റേറ്റ് വൈഡ് ഏരിയ നെറ്റ്‍‌വർക്ക് എന്ന സ്ഥാപനത്തിനായിരുന്നു സെർവർ ക്രമീകരണത്തിന്റെ ചുമതല. എന്നാൽ സ്ഥാപനം അടുത്തയിടെ സേവനം അവസാനിപ്പിച്ചിരുന്നു. ഇതിനു ശേഷമാണ് സബ് റജിസ്ട്രാർ ഓഫിസിലെ സെർവർ തകരാറിലായത്.

നിലവിൽ എരുമേലി സബ് റജിസ്ട്രാർ ഓഫിസിൽ ആധാരങ്ങൾ സ്വീകരിക്കുന്നുണ്ടെങ്കിലും തുടർ നടപടിക്രമങ്ങൾ ചെയ്യുന്നത് കൂവപ്പള്ളി സബ് റജിസ്ട്രാർ ഓഫിസിലാണ്. ഇതിനായി എരുമേലി ഓഫിസിലെ ജീവനക്കാരെ കൂവപ്പള്ളിയിൽ എത്തിച്ച് അവിടെ റജിസ്ട്രേഷൻ നടത്തുകയാണ്. എന്നാൽ ഇത്തരം സാങ്കേതികത്വം മൂലം സമയബന്ധിതമായി റജിസ്ട്രേഷൻ പ്രക്രിയ നടക്കുന്നില്ല. ആറു ജീവനക്കാർ മാത്രമാണ് എരുമേലി ഓഫിസിലുള്ളത്.