സെൽഫിയിലൂടെ സംഭവങ്ങളുടെ തുടക്കം, ക്ലൈമാക്സിൽ വീണ്ടും ട്വിസ്റ്റ്; ഓണ സമ്മാനമിങ്ങനെ


മുണ്ടക്കയം ∙ അപ്രതീക്ഷിത ഓണ സമ്മാനമായി നന്മയുടെ ഗുരുദക്ഷിണ‌. പനക്കച്ചിറ നിവാസികളായ ചൂരനോലിൽ ആദർശ് വിനോദ് (20), പുതുപ്പറമ്പിൽ മനീഷ് മനോജ് (20) എന്നിവർ അധ്യാപികയായ സിസിലിയുടെ കയ്യിൽ നിന്നും ഓണ സമ്മാനം വാങ്ങിയപ്പോൾ സമൂഹത്തിനു പകർന്നത് ആകസ്മികമായി സംഭവിച്ച നന്മയുടെ കഥയാണ്. തിരുവോണ ദിനത്തിലാണ് സംഭവങ്ങളുടെ തുടക്കം.. കണ്ണിമല സെന്റ് ജയിംസ് സ്കൂളിലെ ഹെഡ്മാസ്റ്റർ ജോയി പുളിക്കൽ, ഭാര്യ വണ്ടൻപതാൽ സെന്റ് പോൾസ് സ്കൂളിലെ അധ്യാപിക സിസിലി, മകൻ എന്നിവർ ഓണത്തിന് ബന്ധുവീട്ടിൽ പോകാൻ ഇറങ്ങിയപ്പോൾ മൂവർക്കും ഒരു മോഹം ഒരു സെൽഫി എടുത്താലോ എന്ന്.

കാറിനു അരികിൽ നിന്നു സെൽഫിയും എടുത്ത് നേരെ ടൗണിലേക്ക് നീങ്ങി. വരിക്കാനിയിൽ പെട്രോൾ പമ്പിൽ വന്ന് പെട്രോൾ അടിക്കാം എന്ന് കരുതി പഴ്സ് നോക്കിയപ്പോൾ പോക്കറ്റ് കാലി, പഴ്സ് നഷ്ടപ്പെട്ടു എന്ന പരിഭ്രാന്തിയിൽ നോക്കുന്നതിനിടെ രണ്ട് യുവാക്കൾ ബൈക്കിൽ എത്തി കാറിന് വശത്ത് നിർത്തി. ‘ വഴിയിൽ വീണ് കിട്ടിയതാണ് ’ എന്ന് പറഞ്ഞ് പഴ്സ് നൽകി മറ്റൊന്നും പറയാതെ പോയി. സെൽഫി എടുക്കുന്ന സമയത്ത് പഴ്സ് കാറിനു മുകളിൽ വെച്ചതും അത് എടുക്കാൻ മറന്നതു അപ്പോഴാണ് ജോയി ഓർത്തെടുത്തത്.

7000 രൂപ ഉണ്ടായിരുന്ന പഴ്സ് തിരികെ നൽകിയ യുവാക്കൾ ആരാണെന്ന് അറിയാൻ അപ്പോൾ തന്നെ ശ്രമം തുടങ്ങി.സംഭവങ്ങൾ വിവരിച്ച് വാട്സാപ് ഗ്രൂപ്പുകളിൽ മെസേജ് അയച്ചു. അങ്ങനെ നന്മയുടെ കരങ്ങൾ ഒടുവിൽ കണ്ടെത്തിയപ്പോഴാണ് ക്ലൈമാക്സിൽ വീണ്ടും ട്വിസ്റ്റ്. കോരുത്തോട് സെന്റ് ജോർജ് യുപി സ്കൂളിൽ ആദർശിനെ വർഷങ്ങൾക്ക് മുൻപ് പഠിപ്പിച്ച അധ്യാപികയായിരുന്നു സിസിലി എന്ന് അവർ വെളിപ്പെടുത്തിയതോടെ സന്തോഷം ഇരട്ടിയായി.  ഇരുവർക്കും ഓണ സമ്മാനം നൽകിയാണ് അധ്യാപകർ യാത്രയാക്കിയത്.