സേവാഗ്രാം ഗ്രാമകേന്ദ്രം: പരിശീലനക്ളാസ് നടത്തി

മുണ്ടക്കയം: സേവാഗ്രാം, ഗ്രാമകേന്ദ്രം, വാര്‍ഡ് കേന്ദ്രം പദ്ധതിയുടെ ഭാഗമായുള്ള പരിശീലന ക്ളാസ് നടന്നു. കാഞ്ഞിരപ്പള്ളി ബ്ളാക്കുതല പരിശീലന ക്ളാസ് ജില്ലാ പഞ്ചായത്ത് മെംബര്‍ അനിതാ ഷാജി ഉദ്ഘാടനം ചെയ്തു.

ഓരോ വാര്‍ഡുകളില്‍ നടപ്പിലാക്കുന്ന ഭരണ വികസന ക്ഷേമ, സേവന, സാംസ്കാരിക, സാമൂഹിക പ്രവര്‍ത്തനങ്ങള്‍ കൂട്ടമായിരുന്ന് ചര്‍ച്ച ചെയ്യുന്നതിനും കാര്യങ്ങള്‍ വിലയിരുത്തുന്നതിനും ഇക്കാര്യങ്ങള്‍ നടപ്പിലാക്കുവാന്‍ അതത് വാര്‍ഡ് വികസന സമിതിയെ സഹായിക്കുന്നതിനും വേണ്ടിയാണ് വാര്‍ഡ് കേന്ദ്രം. ഇതിലുപരി ഗ്രാമസഭ, വാര്‍ഡ് സഭ അംഗങ്ങളുടെ ഒത്തുചേരല്‍ സ്ഥലമാണ് വാര്‍ഡു കേന്ദ്രം. ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വാര്‍ഡുതല പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായും ഉറവിടം പ്രവര്‍ത്തിക്കും. എന്നാല്‍, ഗ്രാമ പഞ്ചായത്തുകളില്‍ ഗ്രാമസഭ ഓഫീസായിട്ടാണ് വാര്‍ഡ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.

അതത് വാര്‍ഡുകളെ സംബന്ധിക്കുന്ന സ്ഥിതി വിവര കണക്കുകള്‍ വാര്‍ഡ് കേന്ദ്രങ്ങളില്‍ നിന്നു ലഭ്യമാകും. ഇതിന്റെ നടത്തിപ്പ് ചുമതല വാര്‍ഡ് അംഗത്തിനായിരിക്കും. പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ ആഴ്ചയില്‍ അഞ്ചു ദിവസം പ്രവര്‍ത്തിക്കുന്ന വാര്‍ഡ് കേന്ദ്രങ്ങളില്‍ ഒരു ഉദ്യോഗസ്ഥന്റെ സേവനം ലഭ്യമാക്കും.ഓരോ വാര്‍ഡിലെ ആംഗന്‍വാടി കെട്ടിടം, ഹൊല്‍ത്ത് സബ് സെന്ററുകള്‍, കമ്മ്യൂണിറ്റി ഹാള്‍ എന്നിവ അടക്കം ലഭ്യമാകുന്ന കെട്ടിടങ്ങളില്‍ വാര്‍ഡ് കേന്ദ്രങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം.സര്‍ക്കാരില്‍ നിന്ന് അര്‍ഹതപ്പെട്ടവര്‍ക്ക് അനുവദിച്ച ആനുകൂല്യങ്ങള്‍ കൃത്യസമയത്ത് ലഭ്യമാക്കുകയെന്നത് വാര്‍ഡ് കേന്ദ്രത്തിന്റെ ലക്ഷ്യമാണ്. ജനപ്രതിനിധികള്‍, സന്നദ്ധപ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കാണ് പരിശീലന ക്ളാസ് നടത്തിയത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെബാസ്റ്റ്യന്‍ ചുള്ളിത്തറ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ജോയിമോന്‍കുട്ടി, സലിംകുമാര്‍, പി.വി. ശശീധരന്‍, മുഹമ്മദ സീതി എന്നിവര്‍ ക്ളാസെടുത്തു.