സൈനുദീനുവേണ്ടി ചേനപ്പാടി ഒന്നിച്ചു ; ലഭിച്ചത് പത്തുലക്ഷം

എരുമേലി ∙ സൈനുദീനുവേണ്ടി കരളുരുകിയ ചേനപ്പാടി ഗ്രാമം ഒറ്റ ദിവസം കൊണ്ട് സമാഹരിച്ചതു പത്തര ലക്ഷം രൂപ. കരളിൽ കാൻസർ ബാധിച്ച് അമൃത ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന പുതുപ്പറമ്പിൽ സൈനുദീനു (39)വേണ്ടി ഒരു ദിവസത്തെ എല്ലാ ജോലികളും മാറ്റി വച്ച് മൂന്നു വാർഡുകളിൽ നിന്നുമാണു പത്തര ലക്ഷം സമാഹരിച്ചത്. ചേനപ്പാടിയിൽ പെട്ടി ഓട്ടോ ഡ്രൈവറായ സൈനുദീനു കരളിൽ അർബുദമാണെന്ന് ഏതാനും ആഴ്ചകൾക്കു മുൻപാണ് ആർസിസിയിൽ സ്ഥിരീകരിച്ചത്. കടവും കഷ്ടപ്പാടും മിച്ചമുള്ള സൈനുദീനും കുടുംബത്തിനും താങ്ങാവുന്നതിനപ്പുറമായിരുന്നു ഈ അറിവ്. രോഗത്തിനു മുൻപിൽ പകച്ചു പോയ സൈനുദീനെയും കുടുംബത്തെയും സഹായിക്കാൻ ചേനപ്പാടി ഗ്രാമത്തിനു കൂടുതലൊന്നും ആലോചിക്കേണ്ടി വന്നില്ല.

അടിയന്തരമായി നാട്ടുകാർ യോഗം ചേർന്ന് സെബാസ്റ്റ്യൻ കുളത്തിങ്കൽ രക്ഷാധികാരിയും പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. കൃഷ്ണകുമാർ ചെയർമാനും ടി.പി. രാധാകൃഷ്ണൻ നായർ കൺവീനറും വാർഡ് അംഗങ്ങളായ എ.ആർ. രാജപ്പൻ നായർ, അനിത സന്തോഷ്, സി.ജി. സുധ എന്നിവർ ഉൾപ്പെട്ട സഹായ സമിതി രൂപീകരിച്ചു. ചൊവ്വ പകൽ വിവിധ സംഘങ്ങളായി തിരിഞ്ഞ് ചേനപ്പാടിയിലെ മൂന്ന് വാർഡുകളിലെ വീടുകളിലും വ്യാപാരശാലകളിലും കയറിയിറങ്ങി എട്ടര ലക്ഷം സമാഹരിച്ചു. ബാങ്കിൽ എത്തിയ രണ്ടു ലക്ഷം കൂടി ആയതോടെ തുക 10 ലക്ഷം കവിഞ്ഞു. ഇനി സൈനുദീനു ജീവിതപ്രതീക്ഷയുടെ സമയം.