സോഷ്യല്‍ മീഡിയകളില്‍ സച്ചിന്‍ തന്നെ സൂപ്പര്‍ സ്റ്റാര്‍

sachin and family
ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയും ചേതേശ്വര്‍ പൂജാരയും അശ്വിനും ജഡേജയുമെല്ലാമാണ് താരങ്ങളെങ്കില്‍ സോഷ്യല്‍ മീഡയകളില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ തന്നെയാണ് ഇപ്പോഴും സൂപ്പര്‍ സ്റ്റാറെന്ന് പഠനം. ഓസ്ട്രേലിയക്കെതിരായ ആദ്യ മൂന്ന് ടെസ്റ്റ് മത്സരങ്ങള്‍ കഴിഞ്ഞശേഷം സോഷ്യല്‍ മീഡിയകളിലെ ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ ഐബിഎം ഇന്ത്യ നടത്തിയ പഠനമനുസരിച്ച് 50 ശതമാനം പേരും ഇപ്പോഴും സച്ചിന്റെ ബാറ്റിംഗിനെക്കുറിച്ചു തന്നെയാണ് ചര്‍ച്ച ചെയ്യുന്നത്. സച്ചിന്റെ മുന്‍ റെക്കോര്‍ഡുകളെക്കുറിച്ചും വിരമിക്കലിനെക്കുറിച്ചുമെല്ലാം ചര്‍ച്ച ചെയ്യുന്നവരും കുറവല്ല.

സച്ചിന്‍ കഴിഞ്ഞാല്‍ പിന്നെ ധോണി തന്നെയാണ് സോഷ്യല്‍ മീഡിയകളിലെ താരം. ധോണി കഴിഞ്ഞാല്‍ ഓസീസിനെതിരെ തുടര്‍ച്ചയായി രണ്ടു സെഞ്ചുറികള്‍ നേടിയ മുരളി വിജയ് ആണ് സോഷ്യല്‍ മീഡിയകളില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന താരം. ബൗളര്‍മാരില്‍ അശ്വിനാണ് ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയതെങ്കിലും ജഡേജയാണ് സോഷ്യല്‍ മീഡിയകളിലെ ബൗളിംഗ് താരോദയമെന്നും ഐബിഎമ്മിന്റെ സോഷ്യല്‍ സര്‍വീസ് ഇന്‍ഡക്സ് പറയുന്നു.

പരമ്പരയുടെ തുടക്കത്തില്‍ സോഷ്യല്‍ മീഡിയകളില്‍ ധോണി വിരുദ്ധ വികാരം ശക്തമായിരുന്നെങ്കില്‍ ആദ്യ ടെസ്റ്റിലെ ഇരട്ട സെഞ്ചുറിയടെ അത് തനിക്കനുകൂലമാക്കി മാറ്റാന്‍ ധോണിക്കായി. മൊഹാലി ടെസ്റ്റിലെ അത്ഭുത ഇന്നിംഗ്സിനുശേഷം ശീഖര്‍ ധവാനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ മുമ്പുണ്ടായിരുന്നതിന്റെ 200 ശതമാനം അധികമായെന്നും ഐബിഎമ്മിന്റെ പഠനത്തില്‍ പറയുന്നു. ഇന്ത്യാ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയ്ക്കിടെ ഫേസ്ബുക്ക്, ട്വിറ്റര്‍, യുട്യൂബ്, ബ്ലോഗുകള്‍ എന്നിവയില്‍ പ്രസിദ്ധീകരിച്ച 1.2 ലക്ഷം പോസ്റ്റുകള്‍ വിശകലനം ചെയ്താണ് ഐബിഎം റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.