സ്കൂട്ടറിന്റെ പിൻചക്രം പൊട്ടിത്തെറിച്ചു; മാതാപിതാക്കൾക്കും മകനും പരുക്ക്

കാഞ്ഞിരപ്പള്ളി ∙ ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന്റെ പിൻചക്രം പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ രണ്ടു വയസ്സുകാരനടക്കം മൂന്നു പേർക്കു പരുക്കേറ്റു. പരുക്കേറ്റ എരുമേലി അക്കരപറമ്പിൽ മനു (30), ഭാര്യ സുനിത(29), മകൻ ഏകനാഥ്(രണ്ട്) എന്നിവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 11 മണിയോടെ കുറുവാമൂഴി–പൊൻകുന്നം റോഡിൽ വിഴിക്കിത്തോട്ടിലായിരുന്നു അപകടം.

എരുമേലിയിൽനിന്നു സുനിതയുടെ പാലായിലെ വീട്ടിലേക്ക് സ്കൂട്ടറിൽ പോവുകയായിരുന്നു മനുവും കുടുംബവും. വിഴിക്കിത്തോടിനു സമീപം വളവിലെത്തിയപ്പോൾ സ്കൂട്ടറിന്റെ പിൻചക്രം വൻ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ടു മറിഞ്ഞ സ്കൂട്ടറിൽനിന്നു മൂവരും റോഡിലേക്കു തെറിച്ചുവീണു. റോഡിൽ മുഖം ഉരഞ്ഞാണ് ഏകനാഥിനു പരുക്കേറ്റത്. സുനിതയുടെ കാലിനാണു പരുക്ക്.