സ്കൂളില്‍ മോഷണം, ലക്ഷ്യം അടിച്ചുപൊളി

പൊൻകുന്നം∙ ഒന്നര ലക്ഷത്തിന്റെ സാധനസാമഗ്രികൾ വിറ്റപ്പോൾ കിട്ടിയത്15,000 രൂപ. മോഷണമുതലായതിനാൽ വിലപേശാനുമാകില്ല. എന്തായാലും കിട്ടിയതാകട്ടെയെന്നു കരുതി ആദ്യം പോയത് തിരുവനന്തപുരത്തിന്. ന്യൂ ഇയർ അടിച്ചുപൊളിക്കുകയായിരുന്നു ആദ്യ ഉദ്ദേശ്യമെങ്കിലും പിന്നിടത് തിരുത്തി. പൊൻകുന്നം ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ അസാപ് പഠന വിഭാഗത്തിലെ സ്റ്റോർ മുറിയിൽ നിന്നും ഒന്നര ലക്ഷം രൂപയുടെ ഇലക്ട്രോണിക്സ് പഠനോപകരണങ്ങളും അലമാരയും മോഷ്ടിച്ച നാലംഗ സംഘത്തിന്റെ ലക്ഷ്യം ഇതായിരുന്നു.

ഉണ്ടായിരുന്ന പണത്തിൽ നിന്നും കുറച്ചൊക്കെ ചെലവാക്കി. ഇനി എങ്ങനെയെങ്കിലും ബാക്കിപ്പണവും കൂടി സംഘടിപ്പിച്ച് ഗോവയിലേക്ക് പോകാനായിരുന്നു സംഘത്തിന്റെ പദ്ധതിയെന്നു പൊലീസ് പറഞ്ഞു. കഴിഞ്ഞ മാസം 28ന് സ്കൂൾ അടച്ച ശേഷം ഈ മാസം അഞ്ചിന് വീണ്ടും തുറന്നപ്പോഴാണ് സ്കൂളിലെ പഠന സാമഗ്രികൾ മോഷണം പോയതറിഞ്ഞത്. സ്കൂൾ അധിക‍ൃതരുടെ പരാതിയിൽ പൊലീസ് സ്കൂളിലെ സിസിടിവി ദൃശ്യം പരിശോധിച്ചതിൽ അവധി ദിവസം സ്കൂളിലെത്തിയ ഓട്ടോയെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് നാലംഗ സംഘം പിടിയിലായത്.

ജനാലകുത്തിത്തുറന്നാണ് സംഘം സ്കൂളിലെ മുറിയിൽ കയറിയത്. ഇവിടെ നിന്നും മോഷ്ടിച്ച സാധനങ്ങൾ സംശയം വരാതിരിക്കാൻ കാഞ്ഞിരപ്പള്ളിയിലും പൊൻകുന്നത്തുമുള്ള ആക്രിക്കടകളിൽ വിൽക്കുകയായിരുന്നു. സംഭവം നടന്നു ദിവസങ്ങൾ കഴിഞ്ഞിട്ടും കാര്യമായ അന്വേഷണം വരാതിരുന്നതിനാലാണ് നാലംഗ സംഘം ഇവിടെത്തന്നെ കറങ്ങിയതെന്നും ഇനിയും തൊണ്ടിമുതൽ കണ്ടെത്താനുണ്ടെന്നും പൊലീസ് പറഞ്ഞു.