സ്കൂള്‍ കന്റീനുകളില്‍ ജങ്ക് ഫുഡിന് നിരോധനം; വിലക്ക് ഈ ഭക്ഷ്യവസ്തുക്കൾക്ക്

സ്കൂള്‍ കന്റീനുകളില്‍ ജങ്ക് ഫുഡിന് നിരോധനം വരുന്നു. 50 മീറ്റര്‍ ചുറ്റളവിലും ജങ്ക് ഫുഡുകൾ വില്‍ക്കാനാവില്ലെന്ന് കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി അറിയിച്ചു. കോള, ചിപ്സ്, ബര്‍ഗര്‍, പീസ, ഗുലാബ്ജാമൂന്‍, കാര്‍ബണേറ്റഡ് ജ്യൂസുകള്‍ തുടങ്ങിയവക്കാണ് വിലക്ക്. അടുത്ത മാസം മുതല്‍ നിരോധനം പ്രാബല്യത്തില്‍ വരും. കായികമേളകളില്‍ ഇത്തരം ഭക്ഷ്യവസ്തുക്കളുടെ പരസ്യം അനുവദിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി. ‘ഈറ്റ് റൈറ്റ്’ എന്ന കേന്ദ്രസർക്കാരിന്റെ ക്യാംപെയിനിന്റെ ഭാഗമായാണ് ഭക്ഷ്യസുരക്ഷ അതോറിറ്റി സ്കൂൾ കുട്ടികളുടെ ഭക്ഷ്യക്രമം സംബന്ധിച്ച മാർഗനിർദേശങ്ങളിൽ സുപ്രധാന തീരുമാനം ഉൾപ്പെടുത്തിയിട്ടുള്ളത്.

പോഷകം വളരെ കുറവും കാലറി കൂടുതലുമുള്ള ഭക്ഷണ പദാർഥങ്ങളാണ് ജങ്ക് ഫുഡ്. കോള, ബർഗർ, സോസേജ്, പീറ്റ്സ, ഫ്രെഞ്ച് ഫ്രൈ, പ്രത്യേക രീതിയിൽ സംസ്കരിച്ചതും പാചകം ചെയ്തതുമായ മാംസ ഭക്ഷണങ്ങൾ, നേരത്തേ പായ്ക്ക് ചെയ്തു വച്ച സ്നാക്സ്, ചോക്ളേറ്റ്, കുക്കീസ് തുടങ്ങിയവയെ ജങ്ക് ഫുഡ് വിഭാഗത്തിൽപെടുത്താം.

ദോഷങ്ങൾ
∙ അമിതഭാരം, പൊണ്ണത്തടി
∙ ഹൃദ്രോഗം, പ്രമേഹം, രക്തസമ്മർദം
∙ എല്ല് – പേശി ബലക്കുറവ്
∙ കൃത്രിമ നിറങ്ങൾ വഴി കാൻസർ
∙ കുടലിലെ അർബുദം
∙ പെൺകുട്ടികളിൽ സ്തനാർബുദം, ഗർഭാശയ കാൻസർ