സ്കൂൾ വാഹനങ്ങളുടെ സുരക്ഷ: പരിശോധന നടത്തി

കാഞ്ഞിരപ്പള്ളി∙ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെ സ്‌കൂൾ വാഹനങ്ങളിൽ പരിശോധന നടത്തി. കാഞ്ഞിരപ്പള്ളി മേഖലയിലെ സ്കൂൾ ബസുകളിലും, വിദ്യാർഥികൾ യാത്ര ചെയ്യുന്ന മറ്റു വാഹനങ്ങളും പരിശോധിച്ചു. ഇന്നലെ രാവിലെയും വൈകിട്ടുമായി 30 സ്കൂൾ വാഹനങ്ങളാണു പരിശോധിച്ചത്. നിയമ ലംഘനങ്ങൾ കണ്ടെത്തിയില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

ഡ്രൈവർമാരുടെ ലൈസൻസ്, വാഹനങ്ങളിൽ ആയമാരുടെ സാന്നിധ്യം, ബസിന്റെ ഫിറ്റ്‌നസ്, യാത്ര ചെയ്യുന്ന കുട്ടികളുടെ എണ്ണം എന്നിവയാണ് പ്രധാനമായും പരിശോധിച്ചത്. എംവിഐ: ഷാനവാസ് കരീം, ഉദ്യോഗസ്ഥരായ മനോജ് കുമാർ, ഷാജു വർഗീസ്, ഷിംസൺ മിറോഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.