സ്കൂൾ വാഹനങ്ങൾക്കു വേഗപ്പൂട്ട് നിർബന്ധം

സ്കൂൾ–കോളജ് വാഹനങ്ങളിൽ സുരക്ഷിത യാത്രയ്ക്കായി കർശന നടപടിയുമായി അധികൃതർ. പരിശോധന വേളകളിൽ മാത്രം വാഹനം മെച്ചപ്പെട്ട രീതിയിലാക്കുന്ന താൽകാലിക പരിഷ്കാരങ്ങൾക്കെതിരെയും നടപടി. സ്കൂൾ വാഹനങ്ങളിൽ വേഗപ്പൂട്ട് നിർബന്ധമാക്കി. എന്നാൽ പരിശോധനകൾക്കു ശേഷം ഈ സംവിധാനം വാഹനങ്ങളിൽനിന്നു മാറ്റുന്ന രീതി വർധിക്കുകയാണെന്നു കണ്ടെത്തി. 30 വരെ പരിശോധന തുടരും. വേഗപ്പൂട്ട് ഒഴിവാക്കിയാൽ അയ്യായിരം രൂപ പിഴ ഈടാക്കാൻ തീരുമാനിച്ചു. കൊച്ചി മരടിൽ സ്കൂൾ വാൻ കുളത്തിലേക്കു മറിഞ്ഞു രണ്ടു കുഞ്ഞുങ്ങളും ആയയും മരിക്കാനിടയായ സംഭവത്തിന്റെ പശ്ചാത്തലത്തിലാണു ജില്ലയിലും സുരക്ഷ കർശനമാക്കുന്നത്.

പത്തുവർഷത്തിൽ താഴെ പ്രവൃത്തിപരിചയമുള്ള ഡ്രൈവർമാരെ സ്കൂൾ – കോളജ് അധികൃതർതന്നെ ഒഴിവാക്കണമെന്നു നിർദേശം നൽകി. പാർട്ട് ടൈം ഡ്രൈവർമാരായി ജോലി നോക്കുന്നവരുടെ എണ്ണം കൂടിവരുന്നതായി കണ്ടെത്തി. സ്കൂൾ ബസിലെ ജോലിക്കു ശേഷം ഇക്കൂട്ടർ മറ്റു ജോലിക്കും പോകുന്നുണ്ട്. ഇതിൽ തെറ്റില്ലെങ്കിലും സമയം ക്രമീകരിക്കാൻ ഡ്രൈവർമാർ അമിത വേഗത്തിൽ വാഹനം ഓടിക്കുന്നതിന് ഇതു കാരണമാകുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.

∙ ടയറുകൾക്കു മൊട്ടത്തോടിനേക്കാൾ മിനുസം! ജില്ലയിൽ കലക്ടറേറ്റിലെ ആർടിഒ ഓഫിസിനു പുറമേ അഞ്ച് സബ് ആർടിഒ ഓഫിസുകളാണ്. വൈക്കം, ഉഴവൂർ, പാലാ, പൊൻകുന്നം, ചങ്ങനാശേരി എന്നിവിടങ്ങളിലാണ് സബ് ഓഫിസുകൾ. ഈ ഓഫിസുകളുടെ പരിധിയിൽ സ്കൂൾ ബസുകളുടെ പരിശോധന കഴിഞ്ഞു. എല്ലാവരും കഴിഞ്ഞമാസംതന്നെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വാങ്ങി. ഓടിത്തേഞ്ഞ് മൊട്ടയായ ടയർ, കീറിപ്പൊളിഞ്ഞ സീറ്റ്, കേടായ വൈപ്പർ ഇതൊക്കെയാണ് നേരത്തേ കണ്ടെത്തിയ തകരാർ. ഇതു പരിഹരിച്ചാണു സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കിയത്. എന്നാൽ പൊൻകുന്നത്ത് കഴിഞ്ഞ ദിവസം ‘മുട്ടത്തോടിനെ’ വെല്ലുന്ന മിനുസമുള്ള ടയറുമായി സ്കൂൾ ബസ് ഓടി. അധികൃതരെ ബോധിപ്പിക്കാൻ പരിശോധനാവേളയിൽ നല്ല ടയർ ഇട്ടശേഷം പിന്നീടു മാറ്റിയതാണ്. ചങ്ങനാശേരിയിലും കോട്ടയത്തും വേഗപ്പൂട്ടാണു പ്രശ്നം.

പരിശോധന വേളയിൽ ഇതുണ്ട്. പിന്നെയില്ല. രണ്ടിടത്തുമായി 12 വാഹനങ്ങൾ പിടിയിലായി. താക്കീതു നൽകി വിട്ടു. ഇനി പിടിയിലായാൽ 1000 രൂപ പിഴ ഈടാക്കുമെന്ന് അധികൃതർ പറഞ്ഞു. പാലായിൽ പരാതികൾ പലതും ലഭിച്ചു. വാഹനങ്ങളിൽ കൂടുതൽ കുട്ടികളെ കയറ്റിപ്പോകുന്നതു സംബന്ധിച്ചാണ് പരാതി. ഇന്നു മിന്നൽ പരിശോധന നടക്കും. വൈക്കത്തു 15 വരെ പരിശോധന തുടരും. മദ്യപിച്ച് വാഹനം ഓടിച്ചതിനു മുൻ വർഷങ്ങളിൽ അറസ്റ്റിലായവരെ ഇത്തവണ തിരികെ പ്രവേശിപ്പിക്കരുതെന്നു നിർദേശം നൽകി. വാഹനങ്ങളിൽ കുട്ടികളെ കുത്തിനിറച്ച് അപകടകരമായ വിധത്തിൽ കൊണ്ടുപോയാലും ഇനി ലൈസൻസ് റദ്ദാക്കും. പള്ളം, ചിങ്ങവനം ഭാഗങ്ങളിൽ ഇത്തരത്തിൽ പരാതികൾ കൂടുതലാണ്.

വേഗപ്പൂട്ട് മാറ്റിയാൽ അധികൃതർ ‘പൂട്ടും!’ വേഗം നിയന്ത്രിക്കുന്നതിനു വാഹനങ്ങളിൽ വേഗപ്പൂട്ട് പിടിപ്പിക്കണമെന്നു കർശന നിർദേശം നൽകി. സ്വകാര്യ വാഹനങ്ങളൊഴിച്ചു പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന ചെറുതും വലുതുമായ എല്ലാ വാഹനങ്ങൾക്കും വേഗനിയന്ത്രണ സംവിധാനം ഘടിപ്പിക്കണം. പരമാവധി വേഗം മണിക്കൂറിൽ 60 കിലോമീറ്ററായാണു നിശ്‌ചയിച്ചിരിക്കുന്നത്. സ്കൂൾ പരിസരത്ത് ഇതു 30 കിലോമീറ്ററാണ്. വാഹനത്തിന്റെ വേഗം നിശ്‌ചിത പരിധി കടക്കാതെ നിയന്ത്രിക്കുകയാണു വേഗപ്പൂട്ട് ചെയ്യുന്നത്. രണ്ടുതരം വേഗപ്പൂട്ടുകളാണ് പ്രധാനമായുള്ളത്. ഒന്ന് ആക്‌സിലറേറ്റർ നിയന്ത്രിക്കുന്നതും മറ്റൊന്ന് ഇന്ധനം കട്ടു ചെയ്യുന്നതും. പരിശോധനകൾ കഴിഞ്ഞാൽ ഈ സംവിധാനം ഇല്ലാതാക്കുന്നുവെന്നും കണ്ടെത്തി. ഇതിനെതിരെ കർശന പരിശോധന തുടരും.

∙ എയർഹോൺ നിരോധിക്കും വാഹന പരിശോധനയ്ക്ക് ഇന്നലെ നഗരത്തിലിറങ്ങിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ബസുകളിലെ എയർഹോൺ കണ്ട് ഞെട്ടി. അമിത അപകടകാരിയായ എയർഹോണുകൾ ഘടിപ്പിച്ചാണു മിക്ക ബസുകളും ഓടുന്നത്. ഇതു നിരോധിക്കും. എന്നാൽ വിവിധ വകുപ്പുകളിലെ കൂടിയാലോചനകൾക്കു ശേഷമേ നടപ്പാക്കൂ. ആദ്യപടിയായി കലക്ടറേറ്റു മുതൽ തിരുനക്കര വരെ കെകെ റോഡിൽ എയർഹോൺ നിരോധിക്കും. ആശുപത്രികൾ, കലാലയങ്ങൾ, കോടതികൾ, പ്രാർഥനാലയങ്ങൾ തുടങ്ങിയ പ്രദേശങ്ങൾ ശബ്ദരഹിത മേഖലയായി കണക്കാക്കണം എന്നാണു നിയമം. എയർഹോൺ രഹിത നഗരമാക്കി കോട്ടയത്തെ മാറ്റണമെന്ന ലക്ഷ്യത്തോടെയാണു നടപടി.

∙ നിയമങ്ങൾ നടപ്പാക്കും സ്കൂൾ ബസുകൾ പരിശോധിക്കുന്നതോടൊപ്പം മറ്റു വലിയ വാഹനങ്ങളും പരിശോധിക്കും. ഓട്ടോകളിൽ മൂന്നു യാത്രക്കാർ മാത്രമേ പാടുള്ളൂ. മിനി വാനുകൾക്കും യാത്രക്കാരുടെ എണ്ണം നിജപ്പെടുത്തിയിട്ടുണ്ട്. വാഹനങ്ങളിൽ ഘടിപ്പിക്കേണ്ട ഹോണുകളെപ്പറ്റിയും മാനദണ്ഡങ്ങളുണ്ട്. സ്കൂട്ടർ – ബൈക്ക് മുതൽ ബസ് വരെയുള്ള വാഹനങ്ങളിൽ അവയുടെ ഭാരവും വലുപ്പവുമനുസരിച്ച് ഇത് 80 മുതൽ 91 ഡെസിബൽ വരെയാകാം. വാഹനങ്ങളിൽ എയർഹോൺ ഉപയോഗിക്കരുതെന്നും ഇലക്‌ട്രിക് ഹോൺ ഉപയോഗിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. നിയമം ലംഘിക്കുന്ന വാഹനങ്ങൾക്കു മൂവായിരം മുതൽ അയ്യായിരം രൂപ വരെയാണ് പിഴ ഈടാക്കാവുന്നത്.