സ്ക്രൂവിലും ഒളിക്യാമറ; ഒരിടവും സുരക്ഷിതമല്ല, രഹസ്യക്യാമറ എങ്ങനെ കണ്ടെത്തും?

ഒളിഞ്ഞുനോട്ടം ജീവിതവ്രതമാക്കിയവർ നമുക്കു ചുറ്റും ധാരാളമുണ്ട്. നേരമ്പോക്കിനായി ഒരാൾ തുടങ്ങുന്ന ഒളിഞ്ഞുനോട്ടത്തിൽ ജീവിതം തകർന്നവരുടെ എത്രയോ കഥകൾ നിത്യവും കേൾക്കുന്നു. ബ്ലാക്ക്‌മെയിലിംഗാണ് ഒളിഞ്ഞുനോട്ടക്കാരുടെ മറ്റൊരു വിനോദം. ഇരയെ മാനസികമായി പരമാവധി പീഡിപ്പിക്കുക. അതു കണ്ടുരസിക്കുക. പറ്റുമെങ്കിൽ കുറച്ചധികം കാശും അടിച്ചെടുക്കുക. കുളിക്കടവിലും കുളിമുറിയിലും വാതിൽപ്പഴുതിലും താക്കോൽപ്പഴുതിലും ഒളിഞ്ഞുനോക്കി ശീലിച്ചവരുടെ ഇടയിലേക്കാണ് ഒളിക്യാമറകൾ (സ്പൈ ക്യാം) പെട്ടെന്നു മിഴി തുറന്നത്. മൊട്ടുസൂചിയുടെ മാത്രം വലിപ്പത്തിലേക്ക് ക്യാമറകൾ ചെറുതായപ്പോൾ ഒരുപാടു പേരുടെ സ്വകാര്യതകൾ പുറംലോകത്തിന് കാഴ്ചവസ്തുവായി. സ്വകാര്യതയിലേയ്ക്ക് നീളുന്ന ക്യാമറക്കണ്ണുകള്‍ എവിടെയും പ്രത്യക്ഷപ്പെട്ടേക്കാം. കഴിഞ്ഞ ദിവസങ്ങളിൽ സ്ക്രൂ ഒളിക്യാമറകളുടെ ചിത്രങ്ങളും പ്രചരിച്ചിരുന്നു. അതെ ഒളിക്യാമറ പല രൂപത്തിലും പല ഭാവത്തിലും ഒളിഞ്ഞിരിക്കുന്നുണ്ട്. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല, ഒളിഞ്ഞുനോട്ടത്തിനും ഒളിക്യാമറയ്ക്കും കാലങ്ങളുടെ പഴക്കമുണ്ട്. വിവിധ ഒളിക്യാമറകളെയും അവയിൽ നിന്നുള്ള രക്ഷാമാർഗവും പരിചയപ്പെടാം.

∙ ഓട്ടോ ഡെ ബെഷ് (Automatique De Bertsch)
മിനി ക്യാമുകളുടെ മുതുമുത്തച്ഛനാണ് ഓട്ടോമാറ്റിക് ഡെ ബെഷ് എന്ന ഈ ക്യാമറ. ഒളിക്യാമറയുടെ ഉപയോഗം അതീവലളിതമായ ഇക്കാലത്തു ഈ ക്യാമറയെപ്പറ്റി ആലോചിക്കുന്നത് രസകരമാണ്. 1861ൽ വെറ്റ്– പ്ലേറ്റ് ഫോട്ടോഗ്രാഫിയുള്ള കാലം. കൊണ്ടുനടക്കാവുന്ന ബ്ലാക്ക്റൂമുമായി വേണം ഈ ക്യാമറയുമായി രഹസ്യങ്ങൾ ചിത്രീകരിക്കാൻ പോകേണ്ടത്. നീണ്ട എക്സ്പോഷർ ചിത്രങ്ങളെ അവ്യക്തവുമാക്കിയിരുന്നു. ദി ഫ്രഞ്ച് ചേമ്പർ ഓട്ടോമാറ്റിക് ഡെ ബെഷ് എന്നാണ് മുഴുവൻ പേര് (The French Chambre Automatique De Bertsch). ഒരിഞ്ച് വീതിയും ഒന്നരയിഞ്ച് നീളവും മാത്രമായിരുന്നു ഈ ക്യാമറയുടെ വലിപ്പം.

∙ ദി ആൻസ്കോ മെമോ
പ്രൈവറ്റ് ഡിറ്റക്ടീവിസ് ഏറ്റവുമധികം ഉപയോഗിച്ച ക്യാമറയാണിത്. ഡ്രൈ ഫിലിംസിലേക്ക് ഫൊട്ടോഗ്രഫി മാറിയ കാലം. 35 എംഎം ആൻസ്കോ മെമോ മിനിയേച്ചർ രംഗപ്രവേശനം ചെയ്തു. സംഗതി ഹിറ്റായി. 1920– 30 കാലഘട്ടത്തിൽ പോക്കറ്റിലിട്ട് നടക്കാവുന്നതും വേഗത്തിൽ ഫോട്ടോ എടുക്കാവുന്നതുമായ ക്യാമറയായിരുന്നു ഇത്.

∙ ടിക്കാ എക്സോ വാച്ച്
കണ്ടാൽ പോക്കറ്റ് വാച്ചെന്നേ തോന്നൂ. പക്ഷേ സമയം നോക്കാനല്ല, ഫോട്ടോ എടുക്കാനാണ് ഉപയോഗിച്ചിരുന്നത്. ടൈംപീസിനേക്കാൾ ഇരട്ടി കട്ടിയുള്ള ഇത് ക്യാമറയാണെന്ന് പിടികിട്ടില്ല. 1905–1914 കാലഘട്ടത്തിൽ ഒളിക്യാമറ ഓപ്പറേഷന് ഏറ്റവുമധികം ഉപയോഗിക്കപ്പെട്ടു. ഒരു ഡോളറായിരുന്നു ക്യാമറയുടെ വില.

∙ എബിസി റിസ്റ്റ് വാച്ച്
മനോഹരമായ ഡയലുകളുള്ള റിസ്റ്റ് വാച്ച്. 1949ൽ ജർ‌മ്മനിയിൽ നിർമിച്ച ദി എബിസി റിസ്റ്റ്‍വാച്ച് ശരിക്കുമൊരു ക്യാമറയായിരുന്നു. ആൾക്കൂട്ടത്തിലോ മീറ്റിംഗുകളിലോ പങ്കെടുത്ത് രഹസ്യമായി പടങ്ങളെടുക്കാൻ ഇവൻ മിടുക്കനായിരുന്നു. പക്ഷെ, ആരെങ്കിലും വന്നു സമയം ചോദിച്ചാൽ കുടുങ്ങിയതുതന്നെ.

∙ ദി എക്കോ ലൈറ്റർ
എരിയുന്ന സിഗരറ്റുമായി ചാരക്കണ്ണുകളോടെ നടക്കുന്ന ഡിറ്റക്ടീവ്സിന്റെ കൈവശം എപ്പോഴും സിഗരറ്റ് ലൈറ്റർ ഉണ്ടാകും. അലുമിനിയത്തിൽ പൊതിഞ്ഞ ലൈറ്റർ. തീയിനു വേണ്ടി കത്തിക്കുമ്പോൾ ഫ്ലെയിമിനു പകരം ഫ്രെയിമാണ് ഉണ്ടാവുകയെന്നു മാത്രം. 1951ലാണ് ദി എക്കോ 8 ലൈറ്റർ ക്യാമറകൾ വിപണിയിലെത്തിയത്.

∙ സിഗരറ്റ് ക്യാമറ
ലൈറ്ററുകളിൽ ക്യാമറ ആകാമെങ്കിൽ സിഗരറ്റിലായിക്കൂടെ എന്നു ചിന്തയുടെ ഫലമാണ് ടെസ്സിന 35. സിഗരറ്റ് പാക്കറ്റു പോലെ കീശയിലിട്ടു നടക്കാവുന്ന ക്യാമറ. സിഗരറ്റ് വലിച്ചൂതുക, ഒപ്പമൊരു ചിത്രവുമെടുക്കുക. സിഗരറ്റുകൂട് കൈയിൽ പിടിച്ചു നടക്കുന്നയാൾ സൂത്രത്തിൽ ചിത്രമെടുക്കുകയാണെന്ന് മനസിലാകുകയേയില്ല. സിഗരറ്റിനൊപ്പം സിഗരറ്റു ക്യാമറയും ഹിറ്റായി. 1957 മുതൽ 1996 വരെ, 38 വർഷം മികച്ച ക്യാമറയെന്ന പേരോടെ വിപണയിലുണ്ടായി.

∙ മിനോക്സ്
ഫിലിം റീലോഡ് ചെയ്യാതെ 50 ചിത്രങ്ങളെടുക്കാം എന്നതായിരുന്നു മിനോക്സ് ക്യാമറയുടെ മെച്ചം. കൈപ്പിടിയിൽ ഒളിഞ്ഞിരിക്കുന്ന ക്യാമറയിലൂടെ നിലവാരം കൂടിയ ചിത്രങ്ങൾ എടുക്കാം. 1937ൽ പുറത്തിറങ്ങിയെങ്കിലും അറുപതുകളിലും എഴുപതുകളിലുമാണ് പ്രീതി നേടിയത്. പിന്നീട് ഈ ക്യാമറയുടെ ഡിജിറ്റൽ പതിപ്പും ഇറങ്ങി.

∙ പീജിയൺ ക്യാമറ
വ്യക്തികൾ മാത്രമല്ല. സൈന്യങ്ങളും രാജ്യങ്ങളും രഹസ്യമായി ചിത്രങ്ങളെടുക്കുന്നുണ്ട്. ആകാശവീക്ഷണ ചിത്രത്തിന് ഇന്ന് സാറ്റലൈറ്റും ഡ്രോണുമുണ്ട്. പക്ഷേ 1940–50 കാലഘട്ടത്തിൽ ഇത്തരത്തിൽ രഹസ്യചിത്രം എടുക്കാൻ ഉപയോഗിച്ചിരുന്നത് പ്രാവുകളെയാണ്. യുദ്ധസമയങ്ങളിൽ 95 ശതമാനം കൃത്യതയോടെ പ്രാവുക്യാമറകൾ പല രാജ്യങ്ങൾക്കായി പണിയെടുത്തു.

∙ ബട്ടൺഹോൾ ക്യാമറ
ഉടുപ്പിന്റെ ബട്ടണിൽ ക്യാമറ പിടിപ്പിക്കുന്നത് ഇക്കാലത്ത് സാധാരണം. 1970ൽ തന്നെ കോട്ടുകളിൽ തുന്നിപ്പിടിപ്പിച്ച ക്യാമറകൾ ഉപയോഗിച്ചിരുന്നു. യുഎസ്, സോവിയറ്റ് യൂണിയൻ, യൂറോപ്യൻ രാജ്യങ്ങൾ ആകമാനം ചാരവൃത്തിക്കായി ക്യാമറയുള്ള കോട്ടിട്ടു. ഇപ്പോൾ മുഴുനീള വിഡിയോ ചിത്രീകരിക്കാം. അന്നു ചിത്രമെടുക്കേണ്ട ഘട്ടത്തിൽ കോട്ടിന്റെ പോക്കറ്റിൽ കൈയിട്ട് ക്യാമറയുടെ ട്രിഗർ പ്രവർത്തിപ്പിക്കുകയാണ് ചെയ്തിരുന്നത്.

∙ ഇൻഫ്രാറെ‍ഡ് ബ്രീഫ്കെയ്സ്
പോക്കറ്റിലിട്ട് നടക്കാവുന്ന ക്യാമറകൾ മാത്രമായിരുന്നില്ല പണ്ടുണ്ടായിരുന്നത്. ബ്രീഫ്കെയ്സിൽ കൊണ്ടുനടക്കുന്ന തരവുമുണ്ടായിരുന്നു, സ്റ്റാസി ബ്രീഫ്കെയ്സ് ക്യാമറ (Stasi Briefcase camera). കൊണ്ടുനടക്കുക പ്രയാസമായിരുന്നു. എന്നാലും ചില അധികഗുണങ്ങൾ ഈ ഒളിക്യാമറക്കുണ്ട്. ഇൻഫ്രാറെഡ് ‌ഫിലിമാണ് ഉപയോഗിച്ചിരുന്നത്. മനുഷ്യനേത്രങ്ങൾക്ക് തിരിച്ചറിയാനാകാത്തതായിരുന്നു ഇതിലെ ഫ്ലാഷ്. രാത്രിയിലോ ഇരുട്ടിലോ ചിത്രമെടുക്കാൻ അനുയോജ്യം.

∙ കീചെയിൻ ക്യാമറ
എഴുപതുകളിൽ സിഐഎ ഏജന്റുമാരുടെ കൈവശം കീചെയിൻ നിർബന്ധമായും കാണും. കീചെയിൻ ഇല്ലെങ്കിൽ കാര്യമെല്ലാം കുളമാകും. കാരണം കീചെയിനിലുള്ളത് ഒളിക്യാമറയായിരുന്നു.

∙ യുഎസ്ബി ഫ്ലാഷ്
കീ ചെയിൻ പോലെ യുഎസ്ബി വിരലിലിട്ട് വീശിനടക്കുന്നവരെ ചിലപ്പോൾ സംശയിക്കേണ്ടി വരും. കാരണം പോക്കറ്റിൽ സൂക്ഷിക്കാവുന്ന യുഎസ്ബി പുറത്തുകാണിച്ചു നടക്കുമ്പോൾ ചില ഉദ്ദേശ്യങ്ങളുണ്ടാകാം. ഒളിക്യാമറകൾ ഫിറ്റ് ചെയ്ത യുഎസ്ബികൾ ധാരാളം വാങ്ങാൻ കിട്ടും. ഇതിലേതെങ്കിലുമാണ് ഇവരുടെ കൈയിലുള്ളതെങ്കിൽ കുടുങ്ങിയതു തന്നെ. യുഎസ്ബി പ്ലഗിന് എതിർവശത്താകും ക്യാമറകൾ സ്ഥാപിച്ചിരിക്കുക. ഓഫീസിലെയോ ക്ലാസ്മുറിയിലെയോ കംപ്യൂട്ടറിൽ അറിയാത്ത മട്ടിലിരിക്കുന്ന യുഎസ്ബികൾ ശ്രദ്ധിക്കണം.

∙ ഷവർജെൽ ക്യാമറ
ഷാമ്പൂ, ബോഡിവാഷ് കുപ്പികളിൽ സ്പൈകാം വയ്ക്കുന്നവരുമുണ്ട്. ഒരുതരത്തിലും സംശയം തോന്നില്ലെന്നതാണ് ഇവയുടെ ഗുണം. കുപ്പിയുടെ പകുതി ഷാമ്പൂവോ ഷവർജെല്ലോ തന്നെയാകും. മുകളിലോ താഴെയോയുള്ള ബാക്കി പകുതിയിലാകും ക്യാമറ. ജലപ്രതിരോധവും ചലനങ്ങളെ തിരിച്ചറിയാവുന്നതുമായ ആധുനിക ക്യാമറകളാണ് കുപ്പികളിലാക്കുന്നത്. പരിചിതമല്ലാത്ത വീടുകളിലോ ഹോട്ടൽ മുറികളിലോ ആണ് ഇത്തരം ചതിക്കുഴികൾ വലവിരിക്കുക.

∙ വൈഫൈ അഡാപ്റ്റർ
പ്ലഗിൽ കുത്തിയിട്ടിരിക്കുന്ന എസി\വൈഫൈ അഡാപ്റ്റർ. താഴേക്ക് വയർ നീണ്ടുകിടപ്പുണ്ടാകും. എത്ര നോക്കിയാലും സംശയമേയുണ്ടാകില്ല. പക്ഷെ അഡാപ്റ്ററിൽ ഒളിപ്പിച്ചിട്ടുള്ള ക്യാമറ നിങ്ങളെ ഒപ്പിയെടുക്കാൻ തുടങ്ങിയിരിക്കും. പോസിറ്റീവ്, നെഗറ്റീവ് ചിഹ്നങ്ങളുടെ ഹോളുകൾക്കു ഉള്ളിലായിരിക്കും മിക്കവാറും ക്യാമറകൾ. ഇൻബിൽറ്റ് വൈഫൈ ഉള്ള ചിലയിനം ക്യാമറകളിൽ നിന്ന് ദൃശ്യങ്ങൾ തത്സമയം ആവശ്യക്കാരുടെ ഫോണിലോ ടാബിലോ എത്തും. ഇതിനുള്ള ആപ്പുകളുണ്ട്. മൈക്രോ എസ്ഡി കാർഡിൽ ദൃശ്യങ്ങൾ ശേഖരിക്കുകയും ചെയ്യും.

∙ ടിഷ്യു ബോക്സ്
സാധാരണ ടിഷ്യുപേപ്പർ ബോക്സ് ക്യാമറയാക്കി മാറ്റിയിരിക്കും. ടിഷ്യുവും അതിലുണ്ടാകും. സംശയം തോന്നില്ല. മുറിയിൽ വസ്ത്രങ്ങളുടെ കൂട്ടത്തിലോ ബാത്റൂമിലോ വച്ചാൽ കണ്ടുപിടിക്കുക എളുപ്പമല്ല.

∙ ഇലക്ട്രിക്കൽ ഇമോജി
ഇലക്ട്രിക് പ്ലഗുകൾ സ്പൈകാമിന്റെ ഇഷ്ട ഇടമാണ്. ഉപയോഗിക്കാത്ത പ്ലഗുകളിൽ ചിലപ്പോൾ സ്മൈലി ഇമോജികൾ ഫിറ്റ് ചെയ്തിട്ടുണ്ടാകും. ഇതിൽ ഒളിക്യാമറയുണ്ടാകും എന്നതാണ് ആശങ്ക. ഇത്തരം സ്പൈ ഇമോജികൾ സോക്കറ്റിൽ മാത്രമല്ല ചുമരുകളിലും ഒട്ടിച്ചുവയ്ക്കാം. അലങ്കാരത്തിനു വച്ചതെന്നോ കരുതൂ.

∙ ടോയ്‍ലറ്റ് ബ്രഷ്
ബാത്റൂമിലെ വാതിലിലും ഷാമ്പൂ ബോട്ടിലിലും സ്ക്രൂകളിലും ടിഷ്യു ബോക്സിലും ഒളിക്യാമറയെ സംശയിക്കണമെന്ന് ഇപ്പോൾ നമുക്കറിയാം. എന്നാൽ ഇതൊന്നും പോരാഞ്ഞ്, താഴെ മൂലയിലിരിക്കുന്ന ടോയ്‍ലറ്റ് വൃത്തിയാക്കുന്ന ബ്രഷിലും ക്യാമറകളുണ്ടെന്നാണ് പുതിയ വിവരം. റിമോട്ട് കൺട്രോളും മോഷൻ സെൻസിംഗുമുള്ള ക്യാമറകളാണ് ബ്രഷിലുണ്ടാകുക. അതിബുദ്ധിയുള്ള ആളുകളെക്കൂടി ചതിയിൽ വീഴ്ത്തുകയാണ് ലക്ഷ്യം.

∙ സ്മോക് ഡിറ്റക്ടർ

ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഹോം സ്റ്റേകളിലുമാണ് സ്മോക് ഡിറ്റക്ടർ സ്ഥാപിച്ചിരിക്കുക. തീപിടുത്തമുണ്ടായാൽ പെട്ടെന്ന് മനസിലാക്കി അലാറം അടിച്ച് ഉടമസ്ഥരെ അറിയിക്കുകയാണ് ഉദ്ദേശ്യം. മുറിക്കുമുകളിലായി സ്ഥാപിച്ചിട്ടുള്ള സ്മോക് ഡിറ്റക്ടറിനെ പലരും സംശയിക്കാറുമില്ല. എന്നാൽ സ്മോക് പിടിച്ചെടുക്കാനല്ല, ആളുകളെ സ്വകാര്യത പൂർ‌ണതോതിൽ പിടിച്ചെടുക്കാനുള്ള ക്യാമറകളാണ് ഇങ്ങനെ സ്ഥാപിച്ചിരിക്കുന്നതെന്നാണ് വിദഗ്ധർ പറയുന്നത്.

∙ സ്പോർട്സ് ഷൂ
ആരും ചിന്തിക്കാത്തിടത്ത് ക്യാമറകൾ സ്ഥാപിക്കുന്നതിലാണ് ഒളി‍ഞ്ഞുനോട്ടക്കാരുടെ വിജയം. സ്പോർട്സ് ഷൂവിലാണ് പുതിയ പരീക്ഷണം. സാധാരണ ഷൂ പോലെയിരിക്കും. കാലിലണിഞ്ഞു നടക്കുകയും ചെയ്യാം. ആർക്കും സംശയത്തിന്റെ സൂചന പോലും കൊടുക്കാതെ ഒരു ഹാൾ മൊത്തമായി തന്നെ രഹസ്യമായി ഇവർ പകർത്തിയിരിക്കും.

∙ ബള്‍ബ് ക്യാമറ
കാണുമ്പോള്‍ സാധാരണ ബള്‍ബിനെപ്പോലെത്തന്നെ ഇരിക്കുന്ന ഈ ക്യാമറയ്ക്ക് ഇരുട്ടത്തു പോലും കാര്യങ്ങള്‍ കാണാനും രേഖപ്പെടുത്താനും കഴിയും. റിമോട്ട് കൺട്രോള്‍ ഉപയോഗിച്ച് കാര്യങ്ങള്‍ നിയന്ത്രിക്കാം.

∙ പേന ക്യാമറ
സർവസാധാരണമാണ് പേനയിലെ ക്യാമറകള്‍. കീശയില്‍ നിന്ന് അല്‍പ്പം ഉയര്‍ന്നു നില്‍ക്കുന്ന പേനകള്‍ മുന്നില്‍ സംസാരിച്ചു കൊണ്ടിരിക്കുന്ന ആളുകളുടെ ഫോട്ടോകളും വിഡിയോകളും രേഖപ്പെടുത്തി വയ്ക്കും.

∙ സ്ക്രൂ ക്യാമറ
കുഞ്ഞു സ്ക്രൂവിൽ ഒളിപ്പിക്കാവുന്ന ക്യാമറകളും ഇപ്പോൾ ലഭ്യമാണ്. ഇത്തരം ക്യാമറകൾ ഉപയോഗിച്ച് വിഡിയോകൾ പകർത്താൻ സാധിക്കും. ഇത്തരം സ്ക്രൂ ക്യാമറകൾ കണ്ടുപിടിക്കുക ഏറെ ബുദ്ധിമുട്ടാണ്.

ക്യാമറക്കണ്ണുകള്‍ എങ്ങനെ തിരിച്ചറിയാം
കണ്ണുകള്‍ കൊണ്ട് തിരിച്ചറിയാനാവാത്ത വിധം വിദഗ്ധമായായിരിക്കും ഒളിക്യാമറകള്‍ ക്രമീകരിക്കുന്നത്. ഇവയെ പ്രതിരോധിക്കാനും ചില മാര്‍ഗങ്ങളുണ്ട്. എങ്കിലും അപരിചിതമായ സ്ഥലങ്ങളില്‍ പോകുമ്പോള്‍ ജാഗ്രത കാണിക്കുക എന്നതാണ് പ്രധാന പോംവഴി.

∙ വയര്‍ലെസ് ക്യാമറ ഡിറ്റക്റ്റര്‍
ഓണ്‍ലൈനില്‍ നിന്നോ ഇലക്ട്രോണിക് സ്റ്റോറുകളില്‍ നിന്നോ വാങ്ങാന്‍ കിട്ടും. ഇവ ഉപയോഗിച്ച് മുറിക്കുള്ളില്‍ ഒളിപ്പിച്ചിരിക്കുന്ന ക്യാമറ കണ്ടെത്താനാകും.

∙ മൊബൈലും ഉപയോഗിക്കാം
സ്പീക്കറുകള്‍ക്ക് അടുത്തൊക്കെ നിന്ന് സംസാരിക്കുമ്പോള്‍ മൂളല്‍ പോലെ ഫോണില്‍ ഒരു പ്രത്യേക ശബ്ദം കേള്‍ക്കാറില്ലേ. ഇതേ വിദ്യ ഇവിടെയും പ്രായോഗികമാണ്. ക്യാമറ ഉള്ളിടത്ത് ശക്തമായ വൈദ്യുതകാന്തികമണ്ഡലം (electromagnetic field) കാണും. ഇങ്ങനെയുള്ളിടത്തു നിന്ന് ഫോണില്‍ സംസാരിക്കുമ്പോള്‍ ഇതേ രീതിയിലുള്ള ശബ്ദം കേള്‍ക്കാന്‍ സാധിക്കും. മാത്രമല്ല, മുറിയിലെ ലൈറ്റെല്ലാം അണച്ചശേഷം മൊബൈലിലെ ക്യാമറ ഓണാക്കി മുറി മൊത്തം നോക്കിയാലും ഒളിക്യാമറകൾ കണ്ടുപിടിക്കാം. ഏതുചെറിയ ക്യാമറയായാലും പ്രവർത്തിക്കുമ്പോൾ ചെറിയ ചുവപ്പ് ലൈറ്റ് കത്തും. ഇതാണ് മൊബൈൽ ക്യാമറ പിടിച്ചെടുക്കുന്നത്.