സ്ത്രീകളെ പമ്പ കടക്കാന്‍ അനുവദിക്കില്ല: പ്രയാര്‍ ഗോപാലകൃഷ്ണന്‍

എരുമേലി: സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പത്തിനും അന്‍പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ പമ്പ കടക്കാന്‍ അനുവദിക്കില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യവുമായി പഞ്ചതീര്‍ഥ പരാശക്തി ക്ഷേത്രം സേവാസമിതി എരുമേലി ടൗണില്‍ സംഘടിപ്പിച്ച കൂട്ടഉപവാസ പ്രാര്‍ഥന സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

താന്‍ പ്രസിഡന്റായിരുന്നപ്പോള്‍ ശബരിമല 365 ദിവസവും തുറക്കാന്‍ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിപ്രായത്തെ എതിര്‍ത്തിരുന്നുവെന്നും, ശബരിമലയില്‍ സ്ത്രീ പ്രവേശന വിഷയത്തില്‍ അനുകൂല നിലപാട് സ്വീകരിക്കാത്തതിനാല്‍ മുഖ്യമന്ത്രി തന്നോട് വൈരാഗ്യം കാട്ടിയതായും പ്രയാര്‍ സൂചിപ്പിച്ചു. വ്യക്തി വൈരാഗ്യത്തിന്റെ ഭാഗമായാണ് പ്രസിഡന്റ് സ്ഥാനത്തിനു ഒരു വര്‍ഷം കാലാവധി ബാക്കി നില്‍ക്കെ തന്നെ പുറത്താക്കിയതെന്നും പ്രയാര്‍ സൂചിപ്പിച്ചു.

ശരണം വിളികളോടെ പേട്ടധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച ഘോഷയാത്ര ധര്‍മ്മ ശാസ്താ ക്ഷേത്രത്തിന് വലം വച്ച് തിരികെ എരുമേലി ടൗണില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് നടത്തിയ സമ്മേളനത്തില്‍ സേവാസമിതി രക്ഷാധികാരി ഡോ. ബി. ജയചന്ദ്രരാജ് അധ്യക്ഷത വഹിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ. എസ്. ബിജു, അഡ്വ. പ്രദീഷ് വിശ്വനാഥ്, ജെ. പ്രമീള ദേവി, പി. കെ. വ്യാസന്‍ അമനകര, കെ. വി. നാരായണന്‍, പനച്ചിക്കാട് സരസ്വതി ക്ഷേത്രം ട്രസ്റ്റി കെ. എന്‍. ദാമോദരന്‍ നമ്പൂതിരി, വി. സി. അജികുമാര്‍, അനിയന്‍ എരുമേലി, ടി. എസ്. കൃഷ്ണകുമാര്‍, ശ്രീകുമാര്‍ ശ്രീപാദം, അനോജ് കുമാര്‍, സേവാ സമിതി കണ്‍വീനര്‍ സേതുനാഥ് എന്നിവര്‍ പ്രസംഗിച്ചു. സ്വാമി സത്സ്വരൂപാനന്ദ സരസ്വതി സമാപന പ്രഭാഷണം നടത്തി.