സ്ത്രീകൾ മാലപൊട്ടിക്കാനെത്തും; ആൾക്കൂട്ടത്തിൽ തനിയെ അല്ലാതെ

വൈക്കം∙ ആൾക്കൂട്ടത്തിൽ ആരുമറിയാതെ മാല പൊട്ടിക്കാൻ വൈദഗ്ധ്യമുള്ള സംഘം ജില്ലയിൽ. ദേവാലയങ്ങളിൽ ഉൽസവ സീസണായതോടെയാണ് സ്ത്രീകളുടെ സംഘം കേരളത്തിലേക്ക് ഇര തേടിയിറങ്ങിയിരിക്കുന്നത്. പൊള്ളാച്ചിയിൽനിന്നാണ് കൂടുതൽ പേർ. പിടിക്കപ്പെട്ടാൽ ജാമ്യത്തിലെടുക്കാൻ കരം അടച്ച രസീതും ജാമ്യക്കാരുമായി കെ‍ാച്ചിയിൽനിന്നാണ് അഭിഭാഷകർ എത്തുന്നത്

∙ കണ്ടാൽ മോഷ്ടാവാണെന്ന് തോന്നുകേയില്ല

മാല മോഷ്ടാക്കളുടെ ചിത്രം സഹിതം വൈക്കം പൊലീസ് ക്ഷേത്രഗോപുരത്തിൽ വച്ച മുന്നറിയിപ്പ് ബോർഡ് . ഇതിൽ വൈക്കത്ത് പിടികൂടിയ വിശാലവുമുണ്ട്.
വിലകൂടിയ വസ്ത്രങ്ങൾ ധരിച്ച് മോടിയിൽ അണിഞ്ഞൊരുങ്ങി ക്ഷേത്രങ്ങളിലും പള്ളികളിലും എത്തുന്ന ഇവർ പിടിക്കപ്പെട്ടാൽ പോലും മോഷ്ടാക്കളാണെന്ന് ആദ്യം ആരും വിശ്വസിക്കില്ല. ക്ഷേത്രങ്ങളിലും പള്ളികളിലും എത്തുന്ന പ്രായമുള്ള സ്ത്രീകളാണ് ലക്ഷ്യം. കുറഞ്ഞത് മൂന്നുപേരുള്ള സംഘമായാണ് മോഷണത്തിന് എത്തുന്നത്. കഴുത്തിൽ കിടക്കുന്ന മാല സ്വർണമാണെന്ന് ബോധ്യപ്പെട്ടാൽ പിന്നാലെ കൂടും. ഇരയെ കണ്ടെത്തിക്കഴിഞ്ഞാൽ അവരുടെ ഇടത്തും വലത്തും പിന്നിലുമായി പിന്തുടരും.

തിരക്കുള്ള ഭാഗത്തെത്തുമ്പോൾ ആണ് മാല പെ‍ാട്ടിക്കുന്നത്. മാല പെ‍ാട്ടിക്കലും ശ്രദ്ധയോടെയാണ്. സാരിയാണിവരുടെ വേഷം. സാരിയുടെ തുമ്പ് ഉപയോഗിച്ച് ഇടതു കൈപ്പത്തിവരെ പുതയ്ക്കും. സാരിത്തുമ്പ് കെ‍ാണ്ടു മൂടിയ കൈപ്പത്തി ഉപയോഗിച്ചാണ് മാല പെ‍ാട്ടിക്കുന്നത്. മാലയുടെ ഉടമയ്ക്ക് സംശയം തോന്നിയാൽ പെ‍ാട്ടിച്ച മാല ഉടൻ താഴെയിടും. മാലയുടെ ഉടമ അറിയുന്നില്ലെങ്കിൽ കൂടെയുള്ള ആളിനു കൈമാറും.

∙ വിലാസത്തിലും കള്ളം

പലപ്പോഴും നാട്ടുകാരാണ് ഇവരെ പിടികൂടുന്നത്. പെ‍ാലിസ് സ്റ്റേഷനിൽ എത്തിച്ച് വിശദ പരിശോധന നടത്തുമ്പോഴാണ് സമാനമായ പത്തും ഇരുപതും കേസ് പല സ്ഥലങ്ങളിലായി ഇവരുടെ പേരിൽ ഉണ്ടെന്ന് മനസ്സിലാകുന്നത്. ഇവരുടെ വിലാസങ്ങളും ശരിയായി കെ‍ാള്ളണമെന്നില്ല. കുറവിലങ്ങാട് പള്ളിയിൽനിന്നും മാല പെ‍ാട്ടിക്കുന്നതിനിടെ പിടിയിലായ യുവതികളുടെ വിലാസം കൗതുകകരമാണ്. കുറവിലങ്ങാട് പള്ളിയിൽ ആദ്യ വെള്ളിയാഴ്ച ദിനത്തിൽ പ്രാർഥനയ്ക്കെത്തിയ രണ്ടുപേരുടെ മാലയാണിവർ പെ‍ാട്ടിച്ചത്.

രക്ഷപ്പെടാൻ ശ്രമിക്കവേ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. പാലക്കാട് ഒലവക്കോട് റെയിൽവേ പുറമ്പോക്ക് സരസ്വതി തെരുവിൽ ശാന്തി (27), കവിത (24) എന്ന വിലാസമാണു സ്ത്രീകൾ പൊലീസിനു നൽകിയത്. കഴിഞ്ഞ ദിവസം വൈക്കം മഹാദേവ ക്ഷേത്രത്തിലും ചോറ്റാനിക്കര ക്ഷേത്രത്തിലും മാല പെ‍ാട്ടിക്കൽ നടന്നു. ചോറ്റാനിക്കര ക്ഷേത്രത്തിൽനിന്നു സംഘം തന്ത്രപരമായി രക്ഷപ്പെട്ടു.

അതേ സംഘത്തിലെ അംഗമാണ് വൈക്കം ക്ഷേത്രത്തിൽ പിടിയിലായത്. പെ‍ാള്ളാച്ചി മാരിയമ്മൻ പോട്ടയിൽ കാർത്തിക്കിന്റെ ഭാര്യ വിശാലമാണ് (30) പിടിയിലായത്. ക്ഷേത്രം ജീവനക്കാരാണ് പിടികൂടിയത്. ക്ഷേത്രദർശനത്തിനെത്തിയ ചെമ്മനാകരി സ്വദേശി സരോജിനിയുടെ രണ്ടര പവൻ തൂക്കം വരുന്ന മാലയാണ് പൊട്ടിച്ചെടുക്കാൻ ശ്രമിച്ചത്.

വടക്കേ ഗോപുരനട വഴി ക്ഷേത്രത്തിൽ പ്രവേശിച്ച യുവതി ശ്രീകോവിലിന്റെ മുന്നിൽ നിന്നാണ് മാല പെ‍ാട്ടിച്ചത്. രണ്ടായി പെ‍ാട്ടിയ മാല നിലത്തിട്ടു രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പെ‍ാലീസ് സ്റ്റേഷനിൽ എത്തിച്ച് പരിശോധിച്ചപ്പോൾ 2008ൽ വൈക്കത്ത് മാല പെ‍ാട്ടിച്ച സംഭവത്തിൽ പ്രതിയാണെന്ന് തിരിച്ചറിഞ്ഞു. പുറമെ ഏറ്റുമാനൂർ ക്ഷേത്രത്തിൽ മാല പെ‍ാട്ടിച്ച കേസിലും പ്രതിയാണ്.
പെ‍ാലിസ് നൽകുന്ന മുന്നറിയിപ്പ്

∙ വിലകൂടിയ ആഭരണങ്ങൾ തിരക്കുള്ള സ്ഥലങ്ങളിൽ ഉപയോഗിക്കാതിരിക്കുക

∙ അപരിചിതരായവരുമായി ഉൽസവ സ്ഥലങ്ങളിൽ ചങ്ങാത്തം കൂടാതിരിക്കുക.

∙ സംശയാസ്പദമായി കാണപ്പെടുകയാണെങ്കിൽ സ്ഥലത്തുള്ള പെ‍ാലിസിനെ അറിയിക്കുക.

∙ ഉൽസവ സ്ഥലങ്ങളിലെ സ്ഥിരം മോഷ്ടാക്കളുടെ ചിത്രങ്ങളും ശ്രദ്ധിക്കുക.