സ്ത്രീസംരക്ഷണ നിയമങ്ങൾ

സ്ത്രീസംരക്ഷണ നിയമങ്ങൾ

ലൈംഗിക ചുവയോടെ സ്ത്രീയോട് സംസാരിക്കുകയോ നീലച്ചിത്രം കാട്ടികൊടുക്കുകയോ ചെയ്താൽ ഒരുവർഷം തടവ്; അനുമതിയില്ലാതെ സ്ത്രീയുടെ ഫോട്ടോ നോക്കിയാലും തടവുശിക്ഷ; സ്ത്രീയെ പിൻതുടരുകയോ ഇമെയിൽ വഴി ബന്ധപ്പെടുകയോ ചെയ്താലും മൂന്നു വർഷം തടവ്: ഋഷിരാജ് സിംഗിന്റെ 14 സെക്കന്റ് പ്രസംഗത്തിന്റെ വെളിച്ചത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിൽ പറയുന്ന സ്ത്രീകൾക്കെതിരായുള്ള കുറ്റകൃത്യങ്ങളെ കുറിച്ച് അറിയുക

പതിന്നാല് സെക്കൻഡ് ഒരാൾ ഒരു പെൺകുട്ടിയെ തുറിച്ച് നോക്കിയാൽ പൊലീസിന് കേസെടുക്കാമെന്ന് എക്‌സൈസ് കമ്മീഷണർ ഋഷിരാജ് സിംഗിന്റെ പ്രസംഗം വലിയ ചർച്ചകൾക്കാണ് വഴിതുറക്കുന്നത്. കൊച്ചിയിൽ സി എ വിദ്യാർത്ഥികളുടെ സംഘടനയായ സികാസ സംഘടിപ്പിച്ച സാംസ്‌കാരികോത്സവത്തിലാണ് ഋഷിരാജ് ഇക്കാര്യം പറഞ്ഞത്. പ്രസംഗത്തിന് പിന്നാലെ എക്‌സൈസ് കമ്മിഷണറുടെ ഈ പ്രസംഗം അരോചകമാണെന്നും ഇക്കാര്യം എക്‌സൈസ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും പറഞ്ഞുകൊണ്ട് മന്ത്രി ഇപി ജയരാജൻ രംഗത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ വിഷയം ചൂടേറിയ ചർച്ചയായി.

14 സെക്കൻഡ് തുറിച്ചുനോക്കിയാൽ കേസെടുക്കാമെന്നാണ് നിയമമെന്നും അതിക്രമം നേരിട്ടാൽ പെൺകുട്ടികൾ തന്നെ മുന്നിട്ടിറങ്ങി പ്രതികരിക്കണമെന്നുമായിരുന്നു സിംഗിന്റെ പരാമർശം. സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസം നേടുന്ന പെൺകുട്ടികളുടെ എണ്ണം കുറഞ്ഞുവെന്നും ഇതും ചൂഷണത്തിന്റെ ഒരു വശമാണെന്നും പെൺകുട്ടികൾ യഥാസമയത്ത് പ്രതികരിക്കാത്തത് ചൂഷണം കൂടിവരാൻ കാരണമെന്നും സിങ് വ്യക്തമാക്കുകയും ചെയ്തു.

തുറിച്ചുനോട്ടമെന്ന പരാമർശത്തിലൂന്നിയാണ് സോഷ്യൽമീഡിയയിൽ ട്രോളുകൾ പെരുകുന്നതെങ്കിൽ ഇന്ത്യൻ ശിക്ഷാനിയമത്തിൽ കടുത്ത ശിക്ഷകളാണ് സ്ത്രീ പീഡനത്തിന് 2013ൽ പാർലമെന്റ് പാസാക്കിയ ഇന്ത്യൻ ക്രിമിനൽ നിയമം ഭേദഗതി ബില്ലിലൂടെ രാജ്യത്ത് നടപ്പാക്കിയിട്ടുള്ളത്. ബലാത്സംഗ വിരുദ്ധ നിയമമെന്നാണ് ഇത് അറിയപ്പെടുന്നത്.

ഡൽഹി നഗരത്തിൽ 2012 ഡിസംബർ 16ന് രാത്രി സുഹൃത്തിനൊപ്പം ബസ്സിൽ യാത്രചെയ്തിരുന്ന ജ്യോതിസിങ് പാണ്ഡെയെന്ന വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയാകുകയും ഗുരുതരമായ ക്ഷതമേറ്റതിനെ തുടർന്ന് വിദേശത്തുൾപ്പെടെ കൊണ്ടുപോയി ചികിത്സ നൽകിയെങ്കിലും ഡിസംബർ 29ന് മരിക്കുകയുയം ചെയ്തു. രാജ്യംമുഴുവൻ വ്യാപകമായി പ്രതിഷേധമുയർന്നതിനെ തുടർന്നാണ് സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമങ്ങളിൽ കടുത്തശിക്ഷ നൽകാൻ യോജിച്ച രീതിയിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിൽ ഭേദഗതി കൊണ്ടുവന്നത്.

ലൈംഗിക ചുവയോടെ ഒരു സ്ത്രീയോട് സംസാരിക്കുകയോ അശ്‌ളീല ചിത്രം കാട്ടിക്കൊടുക്കുകയോ ചെയ്താൽ ഒരുവർഷവരെ തടവുശിക്ഷ നൽകാനും സ്ത്രീയെ പിൻതുടരുകയോ ഇമെയിൽ വഴിയോ ചാറ്റിംഗിലൂടെയോ അവളുടെ അനുമതിയില്ലാതെ ശല്യംചെയ്താലുമെല്ലാം മൂന്നുവർഷം വരെ തടവുശിക്ഷ ലഭിക്കും. അനുമതിയില്ലാതെ സ്ത്രീയുടെ ഫോട്ടോ നോക്കിയാലും ശിക്ഷയുണ്ട്. ഇത്തരത്തിൽ സ്ത്രീസുരക്ഷയ്ക്കായി നമ്മുടെ രാജ്യത്ത് കർശന ശിക്ഷയ്ക്ക് വ്യവസ്ഥ ചെയ്യുന്ന നിയമമാണ് ക്രിമിനൽ ലാ (ഭേദഗതി) നിയമം, 2013, അഥവാ ബലാത്സംഗവിരുദ്ധ നിയമം. ജസ്റ്റീസ് ജെ എസ് വർമ്മ കമ്മിഷന്റെ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് നിയമഭേദഗതി കൊണ്ടുവന്നത്.

ബലാത്സംഗത്തിന് ഏഴുവർഷം മുതൽ ജീവിതാന്ത്യംവരെ കഠിനതടവ്

അടിമവ്യാപാരത്തെക്കുറിച്ച് പ്രതിപാദിച്ചിരുന്ന 370-ാം വകുപ്പ് മനുഷ്യവാണിഭത്തെ കുറിച്ച് പ്രതിപാദിക്കുന്ന 370, 370 എ എന്നീ വകുപ്പുകളായാണ് ഭേദഗതി ചെയ്തത്. ‘ബലാത്സംഗം’ എന്ന വാക്കിനുപകരം ‘ലൈംഗികാതിക്രമം’ എന്ന വാക്കുപയോഗിച്ച് ആണ് 375-ാം വകുപ്പിൽ പ്രധാനമായും ഭേദഗതികൾ കൊണ്ടുവന്നത്.

375, 376 വകുപ്പുകൾ പ്രകാരം ആണ് ലൈംഗികാതിക്രമ (ബലാത്സംഗ) കുറ്റങ്ങൾ ചുമത്തുന്നത്. ഇത് പുതിയ നിയമ പ്രകാരം 376 എ മുതൽ 376 ഡി വരെയുള്ള വകുപ്പുകൾ പ്രകാരമാണ് ലൈംഗികാതിക്രമ കുറ്റങ്ങളുടെ നിർവചനം. ലൈംഗികമായി ഉപയോഗിക്കുന്നതിന് ബലപ്രയോഗത്തിലൂടെ, ഇരയുടെ അനുവാദമില്ലാതെ നടക്കുന്ന ഏത് അതിക്രമവും അതിന്റെ തോത് തീവ്രമാണാ ലഘുവാണോ എന്ന ഭേദമില്ലാതെ ഒരേപോലെയുള്ള കുറ്റകൃത്യമായി കണക്കാക്കും. സ്ത്രീയുടെ സമ്മതപ്രകാരമാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് എങ്കിൽപ്പോലും അവളെ വിവാഹം കഴിക്കുമെന്ന് തെറ്റിദ്ധരിപ്പിച്ചോ എന്തെങ്കിലും പ്രലോഭനങ്ങൾ നൽകിയോ ആണ് ബന്ധപ്പെടുന്നതെങ്കിലും അത് ലൈംഗികാതിക്രമമായി കണക്കാക്കും. ഏഴുവർഷത്തിൽ കുറയാത്ത കഠിന തടവാണ് ബലാത്സംഗത്തിനുള്ള ശിക്ഷ. ഇത് കുറ്റകൃത്യത്തിന്റെ കാഠിന്യമുൾപ്പെടെയുള്ള മറ്റ് ഘടകങ്ങൾ കൂടി പരിശോധിച്ച് ജീവപര്യന്തമോ ജീവിതാന്ത്യം വരെയുള്ള തടവോ ആകാം. തടവുശിക്ഷയ്ക്കുപുറമെ പിഴശിക്ഷയും ഉണ്ടാകും. മാനഭംഗത്തിന്റെ ഭാഗമായി ഇരയ്ക്ക് മുറിവേൽക്കുകയോ അത് മരണകാരണമാകുകയോ ചെയ്താൽ കുറഞ്ഞ ശിക്ഷ 20 വർഷത്തെ കഠിന തടവായിരിക്കണമെന്ന് 376എ വകുപ്പ് നിഷ്‌കർഷിക്കുന്നു.

ആസിഡ് ആക്രമണം മുതൽ വസ്ത്രാക്ഷേപംവരെ

ആസിഡ് ആക്രമണം, ലൈംഗികാതിക്രമം, ഒളിഞ്ഞുനോട്ടം, പിന്നാലെ നടക്കൽ എന്നിങ്ങനെ ഓരോ തരത്തിലുള്ള പീഡനങ്ങൾക്കും പ്രത്യേകം പ്രത്യേകം ശിക്ഷ പുതിയ നിയമ ഭേദഗതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകളുടെ നേരെ നടക്കുന്ന ആസിഡ് ആക്രമണം അവരുടെ സൗന്ദര്യം ഇല്ലാതാക്കുകയും അവർക്ക് സാധാരണ ജീവിതം നയിക്കാൻ പറ്റാത്തവിധം ആക്കുകയും ചെയ്യുുന്ന ഗുരുതര കുറ്റകൃത്യമായാണ് കണക്കാക്കുന്നത്.

326 എ വകുപ്പ് അനുശാസിക്കുന്നത് ആസിഡ് ആക്രമണത്തിന് പത്തുവർഷത്തിൽ കുറയാത്തതും ജീവപര്യന്തം വരെ ദീർഘിപ്പിക്കാവുന്നതുമായ തടവും പിഴയുമാണ്. പിഴശിക്ഷ പത്തുലക്ഷം രൂപവരെ ചുമത്താം. ലിംഗഭേദമില്ലാതെയാണ് ശിക്ഷ വിധിക്കുക. ആസിഡ് ആക്രമണത്തിനുള്ള ശ്രമത്തിന് അഞ്ചുവർഷം മുതൽ ഏഴുവർഷംവരെ കഠിന തടവും പിഴയും ശിക്ഷ ലഭിക്കും.

ലൈംഗികാതിക്രമത്തിനുള്ള ശിക്ഷകൾ വ്യക്തമാക്കുന്നത് 354 എ വകുപ്പ് പ്രകാരമാണ്. സ്ത്രീകളോട് സമ്മതമില്ലാതെ ലൈംഗികോദ്ദേശ്യത്തോടെ നടത്തുന്ന ഏതൊരു ഇടപെടലും ലൈംഗികാതിക്രമമായി കണക്കാക്കും. ലൈംഗികോദ്ദേശ്യത്തോടെയുള്ള സമീപനം, ശാരീരിക സ്പർശം, ലൈംഗിക പ്രീണനത്തിനായുള്ള അഭ്യർത്ഥന, പ്രേരണ തുടങ്ങിയ കുറ്റങ്ങൾക്ക് അഞ്ചുവർഷം വരെ കഠിനതടവോ പിഴയോ രണ്ടുംകൂടിയോ ശിക്ഷ ലഭിക്കും. ലൈംഗിക ചുവയുള്ള പരാമർശങ്ങൾ നടത്തുക, അശ്‌ളീല ദൃശ്യങ്ങൾ നിർബന്ധിച്ച് കാണിക്കുക, വാക്കുകളിലോടെയോ എഴുത്തിലൂടെയോ ലൈംഗികതാൽപര്യത്തോടെ സമീപിക്കുക തുടങ്ങിയ കുറ്റങ്ങൾക്ക് ഒരുവർഷംവരെ തടവോ പിഴയോ രണ്ടും ഒരുമിച്ചോ ശിക്ഷ കിട്ടാം.

പൊതുസ്ഥലത്തുവച്ചുള്ള വസ്ത്രാക്ഷേപമാണ് മറ്റൊരു അതിക്രമം. ഏതൊരു സ്ത്രീയേയും പൊതുസ്ഥലത്തുവച്ച് നഗ്നയാകാൻ നിർബന്ധിക്കുന്നതോ അവരുടെ വസ്ത്രത്തിന് സ്ഥാനഭ്രംശം വരുന്ന രീതിയിൽ ഇടപെടലുകൾ നടത്തുന്നതോ അത്തരം കയ്യേറ്റങ്ങളോ എല്ലാം ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ്. ബലപ്രയോഗത്താൽ ചെയ്താലും ഇതിന് പ്രേരിപ്പിച്ചാലുമെല്ലാം ശിക്ഷിക്കപ്പെടും. മൂന്നുമുതൽ ഏഴുവർഷംവരെ തടവും പിഴയുമാണ് കുറ്റകൃത്യത്തിന്റെ ഗൗരവമനുസരിച്ച് ലഭിക്കാവുന്ന ശിക്ഷയെന്ന് 354 ബി വകുപ്പ് നിഷ്‌കർഷിക്കുന്നു. സ്ത്രീകളെ നോക്കിനിൽക്കുക, ചിത്രങ്ങളെടുക്കുക തുടങ്ങിയവയെല്ലാം ഈ വകുപ്പിന്റ കീഴിൽ കുറ്റകൃത്യമായി കണക്കാക്കും.

തുറിച്ചുനോട്ടം മുതൽ കുളിമുറിയിലെ ഒളിഞ്ഞുനോട്ടം വരെ

ഒളിഞ്ഞുനോട്ടത്തിൽ നിന്ന് സ്ത്രീകൾക്ക് രക്ഷ നൽകുന്ന വകുപ്പാണ് 354 സി. ഒളിഞ്ഞുനിന്ന് സ്ത്രീകളെ നിരീക്ഷിക്കുന്നത്, സത്രീകളുടെ സ്വകാര്യതയെ ബാധിക്കുംവിധം നോക്കുന്നത്. അടിവസ്ത്രത്തോടെയുള്ളപ്പോൾ പോലും സ്തനങ്ങളിലേക്കോ അരക്കെട്ടിലേക്കോ നോക്കുന്നത് തുടങ്ങി കുളിമുറിയിലെയോ കുളിസ്ഥലത്തെയോ എത്തിനോട്ടവും പരസ്യമായി തുറിച്ചുനോക്കുന്നതുമെല്ലാം ഇതിന്റെ പരിധിയിൽ വരും. ആദ്യതവണ കുറ്റംചെയ്താൽ ഒരുവർഷം മുതൽ മൂന്നുവർഷംവരെ ശിക്ഷ ലഭിക്കാം. പിന്നെയും തെറ്റ് ആവർത്തിച്ചാൽ ശിക്ഷ ഏഴുവർഷംവരെ ദീർഘിപ്പിക്കും. പിഴശിക്ഷയും ഉണ്ടാകും.

പിന്നാലെ നടന്ന് ശല്യംചെയ്യുന്നവരെയും പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരാമെന്ന് 354 ഡി വകുപ്പ് നിർദ്ദേശിക്കുന്നു. ഒരു വ്യക്തിക്ക് ഇഷ്ടമില്ലെങ്കിൽ അയാളുടെ പുറകെ നടക്കുന്നത്, നിരന്തരം പിൻതുടരുകയും നിരീക്ഷിക്കുകയും ചെയ്യുന്നത് തുടങ്ങിയവയെല്ലാം കുറ്റകരമാണ്. ഒരു വ്യക്തിയിൽ ആക്രമിക്കപ്പെടുമോ എന്ന ഭയത്തിന് കാരണമാകുന്ന ഏതൊരു പ്രവൃത്തിയും ശിക്ഷാർഹമാണ്. അസ്വസ്ഥയുണ്ടാക്കുംവിധം പിന്നാലെ നടക്കുന്നത്, ഇന്റർനെറ്റ് വഴിയോ, ഇ-മെയിൽ, സോഷ്യൽമീഡിയ തുടങ്ങിയവയിലൂടെയോ സന്ദേശമയക്കുന്നതും ചാറ്റ് ചെയ്യുന്നതും വിലക്കിയാലും അത് തുടരുന്നതുമെല്ലാം ശിക്ഷ ക്ഷണിച്ചുവരുത്തും. ഫോണിലൂടെ ശല്യംചെയ്യുന്നതും കത്തിലൂടെ ശല്യംചെയ്യുന്നതുമെല്ലാം ഈ വകുപ്പിന്റെ പരിധിയിൽ വരും. പുറകേ നടക്കൽ എന്ന ശീർഷകത്തിൽ വരുന്ന ഇത്തരം കുറ്റങ്ങൾക്കും ഒരുവർഷം മുതൽ മൂന്നുവർഷംവരെ തടവും പിഴയുമാണ് ശിക്ഷ.

വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചാലും കൂട്ട മാനംഭംഗത്തിനും കടുത്ത ശിക്ഷ

ബലപ്രയോഗം, ഭീഷണി, സമ്മർദ്ദം, ചതി, തട്ടിക്കൊണ്ടുപോകൽ, വഞ്ചന, അധികാര ദുരുപയോഗം, പ്രലോഭനം തുടങ്ങി ഏതു മാർഗത്തിലൂടെയും വേശ്യാവൃത്തിക്കുവേണ്ടിയോ അതുപോലെ മറ്റെന്തെങ്കിലും ആവശ്യത്തിനുവേണ്ടിയോ അടിമപ്പണിക്കുവേണ്ടിയോ ആരെയെങ്കിലും ഉപയോഗിച്ചാൽ ഇരകളുടെ എണ്ണത്തിന് അനുസരിച്ച് ഏഴുവർഷം മുതൽ ജീവിതാവസാനം വരെ ജയിൽശിക്ഷ ലഭിക്കും.

പെൺകുട്ടികൾക്കുനേരെയുള്ള ലൈംഗികാതിക്രമമായി പരിഗണിച്ചിരുന്ന പ്രായം 16 വയസ്സായിരുന്നത് 18 വയസ്സായി ഉയർത്തി. പുതിയ ഭേദഗതി പകാരം 18 വയസ്സിൽ താഴെയുള്ള പെൺകുട്ടികളുമായി ഉഭയസമ്മതപ്രകാരം വേഴ്ച നടത്തിയാലും അത് ബലാത്സംഗമായി കണക്കാക്കും. കൂട്ട ബലാത്സംഗ കേസുകളിൽ കുറ്റവാളികൾക്ക് ലിംഗഭേദമെന്യേ പരമാവധി ശിക്ഷ ലഭിക്കും. ഇരുപത് വർഷത്തിൽ കുറയാത്തതു മുതൽ ജീവിതാന്ത്യം വരെ കഠിന തടവുശിക്ഷ ലഭിക്കുമെന്നു മാത്രമല്ല, ഇരയുടെ ചികിത്സാ ചെലവും പുനരധിവാസ ചെലവും ഉൾപ്പെടെ നഷ്ടപരിഹാരവും കുറ്റവാളികളിൽ നിന്ന് ഈടാക്കി നൽകും.