സ്ത്രീസൗഹൃദ വിശ്രമകേന്ദ്രം തുറന്നു

പൂഞ്ഞാർ∙ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ പണിപൂർത്തിയാക്കിയ സ്ത്രീസൗഹൃദ വിശ്രമകേന്ദ്രം പി.സി. ജോർജ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് അധ്യക്ഷത വഹിച്ചു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. പ്രേംജി, ജില്ലാ പഞ്ചായത്തംഗം ലിസി സെബാസ്റ്റ്യൻ, റോഷ്‌നി ടോമി, ആനിയമ്മ സണ്ണി, സിന്ധു ഷാജി, അനിൽകുമാർ മഞ്ഞപ്ലാക്കൽ കെ.എഫ്. കുര്യൻ എന്നിവർ പ്രസംഗിച്ചു. സ്ത്രീകൾക്കും അമ്മമാർക്കും പ്രയോജനകരമായ രീതിയിൽ പഞ്ചായത്ത് ഓഫിസിന് സമീപം ബസ് സ്റ്റാൻഡിനോട് ചേർന്നാണ് കേന്ദ്രം പണികഴിപ്പിച്ചിരിക്കുന്നത്.

പഞ്ചായത്ത് ഓഫിസിലും മറ്റ് സ്ഥാപനങ്ങളിലും വരുന്ന സ്ത്രീകൾക്കും കുട്ടികളുമായെത്തുന്ന അമ്മമാർക്കും വിശ്രമകേന്ദ്രം പ്രയോജനപ്പെടുത്താനാവും. ഇൻസിനേറ്റർ, നാപ്കിൻ വെൻഡിങ് മെഷീൻ ഉൾപ്പെടെയുള്ള ഷീ ടോയ്‌ലറ്റും കുട്ടികളുമായി എത്തുന്ന അമ്മമാർക്ക് മുലയൂട്ടുന്നതിനായി ഫീഡിങ് റൂം എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ പഞ്ചായത്ത് പരിധിയിലുള്ള വിദ്യാർഥികളെയും മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാലയങ്ങളെയും ചടങ്ങിൽ ആദരിച്ചു.