സ്ഥലം വേണ്ടുവോളം, അതീവ സുരക്ഷിത വിമാനത്താവളമാക്കാം…


കേരളത്തിൽ വിമാന ദുരന്തങ്ങൾ അപൂർവമായിരുന്നു. എന്നാൽ, തീവ്രകാലാവസ്ഥയുടെ പശ്ചാത്തലത്തിൽ കേരളത്തിന്റെ വ്യോമമേഖലയുടെ സുരക്ഷ മെച്ചപ്പെടുത്തേണ്ടതുണ്ട്. 19 പേർ മരിച്ച കരിപ്പൂർ വിമാനാപകടം നൽകുന്ന സൂചന അതാണ്. കേരളത്തിൽ അഞ്ചാമതായി അനുമതി ലഭിക്കാൻ പോകുന്ന ചെറുവള്ളിയെ അതീവ സുരക്ഷിത വിമാനത്താവളമായി തുടക്കത്തിലേ സംവിധാനം ചെയ്യാൻ കഴിയും. 

സുരക്ഷയുടെ മടിത്തട്ടിലേക്ക്

കാറ്റിന്റെയും മേഘങ്ങളുടെയും ചിറകിലാണ് വിമാനയാത്ര. വ്യോമയാന മേഖല നെഞ്ചോടു ചേർത്തു സൂക്ഷിക്കുന്ന പ്രാഥമിക കാര്യം സുരക്ഷയാണ്. പറക്കലിനിടെ ശ്രദ്ധ ഏറ്റവും ആവശ്യമുള്ള രണ്ടു ഘട്ടമാണ് ലാൻഡിങ്ങും ടേക്ക് ഓഫും. ഇതിൽ തന്നെ ലാൻഡിങ്ങാണ് ഏറെ നിർണായകം. എതിർദിശയിൽ നിന്നു വീശുന്ന കാറ്റാണ് ഇറങ്ങാൻ പോകുന്ന വിമാനത്തിന് അനുകൂലം. 12 മുതൽ 15 നോട്സ് വരെയുള്ള കാറ്റിനെ മറികടക്കാനാവും വിധമാണ് ബോയിങ് വിമാന രൂപകൽപന. 

ഒരു നോട്ട് എന്നു പറഞ്ഞാൽ മണിക്കൂറിൽ 1.85 കിലോമീറ്റർ വേഗം. മണിക്കൂറിൽ 800–900 കിലോമീറ്റർ വേഗത്തിൽ 8 കിലോമീറ്റർ ഉയരത്തിൽ നിന്നു ടൺ കണക്കിനു ഭാരവുമായി പറന്നിറങ്ങുന്ന വിമാനം താഴുന്നതിനു മുൻപ് നന്നായി വേഗം കുറയ്ക്കും. മുന്നിൽ നിന്നു പുറകോട്ടു വീശുന്ന ഹെഡ് വിൻഡ് അന്തരീക്ഷത്തിലെ പ്രതിരോധം വർധിപ്പിക്കും. തല മുതൽ വാൽ വരെ തഴുകിയൊഴുകുന്ന ഈ കാറ്റ് ഒരുക്കുന്ന താങ്ങുവലയത്തിലൂടെ വിമാനം നിലംതൊടും. മികച്ച ലാൻഡിങ് ഒരുക്കുന്ന പൈലറ്റിന്റെ മികവിനെ യാത്രക്കാർ മനസ്സാ നമിക്കും.

പിൻകാറ്റ് അഥവാ ടെയിൽ വിൻഡ്

ഇതിന്റെ നേരെ എതിർ പ്രതിഭാസമാണ് പിന്നിൽ നിന്നു വന്ന് വിമാനത്തെ മുന്നിലേക്കു തള്ളുന്ന പിൻകാറ്റ്. പായ് വഞ്ചികളെ പ്രചോദിപ്പിക്കുന്ന പിന്നണിക്കാറ്റായ ടെയിൽ വിൻഡ് വിമാനങ്ങളുടെ പേടിസ്വപ്നമാണ്. 

പണ്ട് നാട്ടിൽ നിന്നു ചരക്കുമായി ആലപ്പുഴയ്ക്കു പോയിരുന്ന കേവുവള്ളങ്ങളിൽ വലിയ കൊടിപോലെ പായ് കെട്ടുമായിരുന്നു. പിന്നിൽ നിന്നു വീശുന്ന കാറ്റിന്റെ ബലത്തിൽ കഴുക്കോൽ ഊന്നാതെ ഒഴുക്കിനനുസരിച്ച് വള്ളം മുന്നോട്ടു കൊണ്ടുപോകുമെന്നതാണ് ഇതിന്റെ ശാസ്ത്രം.

കാറ്റിനെപ്പറ്റി പഠനം തുടങ്ങാം

കേരളത്തിലെ അഞ്ചാമത്തെ വിമാനത്താവളമായ ചെറുവള്ളിയിൽ ഈ കാറ്റ് അനുകൂലമാകുമോ ? തുലാമഴക്കാലത്ത് ഒഴികെ വർഷത്തിൽ 10 മാസവും പടിഞ്ഞാറു നിന്നു കാറ്റുവീശുന്ന ഇവിടെ കാറ്റിനെക്കുറിച്ചാണ് ആദ്യം പഠനം നടക്കേണ്ടത്. 

റൺവേ രൂപകൽപന ചെയ്യണമെങ്കിൽ ഒരു വർഷത്തെ കാറ്റിന്റെ ദിശയും അളവും നിരീക്ഷിക്കണം. കിഴക്കു പടിഞ്ഞാറും തെക്കുപടിഞ്ഞാറും വടക്കുപടിഞ്ഞാറും ദിശകളിലാണു കേരളത്തിലെ മറ്റു 4 വിമാനത്താവങ്ങളുടെയും റൺവേ. എന്നാൽ നിർദിഷ്ട ചെറുവള്ളി വിമാനത്താവളം കടൽക്കാറ്റിന്റെ പരിധിക്കിപ്പുറമായതിനാൽ അന്തരീക്ഷച്ചുഴികളുടെയോ അതിശക്തമായ കാറ്റിന്റെയോ സാന്നിധ്യമില്ലെന്നാണ് വ്യോമയാന മേഖലയുമായി ബന്ധപ്പെട്ടവരുടെ നിരീക്ഷണം.

സീറോ റിസ്ക് , രണ്ടാം വിമാനത്താവളം

കേരളത്തിലെ ആദ്യ സീറോ റിസ്ക് വിമാനത്താവളമെന്ന സ്വപ്നത്തിലേക്കാണ് ചെറുവള്ളി ചിറകുവിരിക്കുന്നത്. ശംഖുമുഖത്ത് വിമാനത്താവള റോഡ് വരെ കടലെടുത്തു പോകുന്ന സാഹചര്യത്തിൽ തിരുവനന്തപുരത്തിനൊരു രണ്ടാം വിമാനത്താവളം അനിവാര്യമാണ്.

ഈ പദവിക്കു സർവയോഗ്യമാണ് ചെറുവള്ളി. കോടമഞ്ഞാണ് നെടുമ്പാശേരി വിമാനത്താവളം നേരിടുന്ന ഒരു ഭീഷണി. മലയാറ്റൂർ മലനിരകളാണ് ഇതിനു കാരണം. എന്നാൽ ചെറുവള്ളി ഉൾപ്പെട്ട എരുമേലി വനം   റേഞ്ചിൽ  ഇത്തരം  ഉയരം കൂടിയ കുന്നുകളുടെ സാന്നിധ്യമില്ല. 

സ്ഥലം വേണ്ടുവോളം, മാതൃകാ വിമാനത്താവളമാക്കാം

കരിപ്പൂരിനെ അപേക്ഷിച്ച് ധാരാളം സ്ഥലം ലഭ്യമായ ഗ്രീൻഫീൽഡ് വിമാനത്താവളമാണ് ചെറുവള്ളിയിൽ ശുപാർശ ചെയ്തിരിക്കുന്നത്. .ഏതു കാലാവസ്ഥയിലും ഇറങ്ങാൻ സഹായിക്കുന്ന ഇൻസ്ട്രുമെന്റൽ ലാൻഡിങ് സിസ്റ്റത്തെ കുറച്ചു കൂടി മെച്ചപ്പെടുത്തുന്ന ബാരറ്റ് ലൈറ്റ് സിസ്റ്റം തിരുവനന്തപുരം വിമാനത്താവളത്തിൽ നിർമിച്ചു തുടങ്ങി. ചെറുവള്ളിയിൽ ഇത് ആദ്യഘട്ടത്തിൽ തന്നെ സ്ഥാപിക്കാനാവും. കേരളത്തിലെ അത്യാധുനികവും സുരക്ഷിതവും സൗകര്യപ്രദവുമായ മാതൃകാ വിമാനത്താവളമായി ചെറുവള്ളിയെ സൃഷ്ടിക്കാം.

പൈലറ്റുമാരുടെ ഇഷ്ടകേന്ദ്രമാക്കാം

കേരളത്തിലെ ചില വിമാനത്താവളങ്ങളെങ്കിലും പൈലറ്റുമാർക്ക് കനത്ത വെല്ലുവിളി ഉയർത്താറുണ്ട്. ചെറുവള്ളി ഇത്തരമൊരു പ്രശ്നമേഖലയല്ലെന്നാണു പ്രാഥമിക നിഗമനം.   കാലാവസ്ഥാ മാറ്റം കാരണം അതിതീവ്രമഴകളും ചുഴലിക്കാറ്റുകളും വർധിച്ചു വരുന്ന സാഹചര്യത്തിൽ കൊച്ചിയിലോ തിരുവനന്തപുരത്തോ കരിപ്പൂരോ പ്രതികൂല കാലാവസ്ഥ സംജാതമായാൽ വിമാനങ്ങളെ ബെംഗളൂരുവിനോ ചെന്നൈയ്ക്കോ തിരിച്ചുവിടുന്നതിനു പകരം ചെറുവള്ളിയിലേക്കു വഴിമാറ്റാം. 

മുൻപ് കൊച്ചിയിൽ നിന്നു വഴിതിരിച്ചു വിട്ട വിമാനം തിരുവനന്തപുരം വരെ പറന്നപ്പോഴേക്കും ഇന്ധനം തീരുകയും അപകട മുന്നറിയിപ്പു നൽകി പൈലറ്റിനു വിമാനം പെട്ടെന്ന് ഇറക്കേണ്ടി വരികയും ഉണ്ടായി. ഇത്തരം സന്ദർഭങ്ങളിൽ ചെറുവള്ളിയെ സുരക്ഷാ ഇടനാഴിയായി മാറ്റാം. 10 മിനിറ്റിൽ താഴെ മാത്രമേ പറക്കൽ ദൂരമുള്ളൂ.

കരിനിഴൽ വീഴ്ത്തി കരിപ്പൂർ 

2010 മേയ് 22 നുണ്ടായ മംഗലാപുരം ദുരന്തത്തിനു ശേഷം പൊതുവേ സുരക്ഷിതമായിരുന്ന ഇന്ത്യൻ വ്യോമയാന മേഖലയിൽ കരിപ്പൂർ വ്യോമദുരന്തം കരിനിഴൽ വീഴ്ത്തി. സംസ്ഥാനത്തെ അഞ്ചാമത്തെ വിമാനത്താവളത്തിന്റെ നിർമാണവുമായി മുന്നോട്ടു നീങ്ങുന്ന സർക്കാരിന് ഇതൊരു വെല്ലുവിളിയാണ്. 

ടേബിൾ ടോപ് വിഭാഗത്തിൽപെട്ട വിമാനത്താവളങ്ങളാണ് കരിപ്പൂരും മംഗലാപുരവും. കാലാവസ്ഥ മാറുന്നതിനനുസരിച്ച് അപകട സാധ്യത ഇവിടെ ഏറെയാണ്. വിമാനം ഇറങ്ങിവരുന്ന ആംഗിളും നിർണായകമാണ്. കാഴ്ചാ മരീചിക (ഒപ്റ്റിക്കൽ ഇല്യൂഷൻ) ചെറുവള്ളിയുടെ വിശാലതയിൽ വലിയ പ്രശ്നമാകില്ലെന്നു പറയാം. പരന്ന ധാരാളം സ്ഥലം ലഭ്യമാണ്.