സ്ഥല പരിമിതി : ബസ് സ്റ്റാൻഡിനായി കൂടുതൽ സ്ഥലം തേടി പഞ്ചായത്ത്

എരുമേലി∙ മുക്കൂട്ടുതറയിൽ സ്വകാര്യ ബസ് സ്റ്റാൻഡും എരുമേലിയിൽ ബസ്, ടാക്സി സ്റ്റാൻഡുകളും സ്ഥാപിക്കുന്നതിന്റെ ഭാഗമായി സ്ഥലം തേടി പഞ്ചായത്ത് സമ്മതപത്രം ക്ഷണിച്ചു. പട്ടണങ്ങൾക്ക് സമീപമുള്ള അനുയോജ്യമായ സ്ഥലം ലഭ്യമായാൽ സമുച്ചയങ്ങളുടെ നിർമാണം സാധ്യമാവുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. എരുമേലിയിലും മുക്കൂട്ടുതറയിലും ഓരോ കോടി വീതം ചെലവഴിച്ചാണ് സ്ഥലം വാങ്ങുക.

പട്ടണങ്ങൾക്ക് സമീപമുള്ളതും ജല ലഭ്യതയുള്ളതുമായ സ്ഥലങ്ങളാണ് പരിഗണിക്കുക. ഇതിനായി പദ്ധതി തുക ലഭ്യമാക്കുക എളുപ്പമല്ലാത്തതിനാൽ വിവിധ ഏജൻസികളിൽ നിന്ന് ലോൺ വാങ്ങാനാണ് തീരുമാനം. നിലവിൽ എരുമേലി കെഎസ്ആർടിസി, സ്വകാര്യ സ്റ്റാൻഡുകളിലെ സ്ഥല പരിമിതി മൂലം യാത്രക്കാരും വാഹന ജീവനക്കാരും ക്ലേശിക്കുകയാണ്. കെഎസ്ആർടിസി സ്റ്റാൻഡിലെ സ്ഥലപരിമിതി മൂലം വാഹന പാർക്കിങ് ശബരിമല പാതയോരത്താണ്.

ദേവസ്വം ബോർഡ് പാട്ടത്തിന് നൽകിയ അരയേക്കർ സ്ഥലത്താണ് ഡിപ്പോ പ്രവർത്തിക്കുന്നത്. 33 ബസുകൾ സർവീസ് നടത്തുന്ന ഡിപ്പോയ്ക്ക് കൂടുതൽ സ്ഥലം ലഭ്യമായാൽ മാത്രമേ വികസനം സാധ്യമാവൂ. ഇതേ അവസ്ഥയാണ് സ്വകാര്യബസ് സ്റ്റാൻഡിലും. ശുചിമുറിയുടെ പ്രവർത്തനം പോലും ഇവിടെ കാര്യക്ഷമമല്ല. മിക്കപ്പോഴും ശുചിമുറി അടഞ്ഞ് കിടക്കുകയാണ്. വൃത്തിഹീനമായ സ്റ്റാൻഡിൽ നിന്നു തിരിയാൻ പോലും കഴിയുന്നില്ല.

പട്ടണത്തിൽ ടാക്സി സ്റ്റാൻഡ് ഇല്ലാത്തതും പ്രശ്നമാണ്. മണ്ഡല മകരവിളക്ക് സീസണിൽ ടാക്സികൾ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റാൻ നിർബന്ധിതമാവുന്നു. ശബരിമല സീസണിൽ അടക്കം രൂക്ഷമായ ഗതാഗത പ്രശ്നം നേരിടുന്ന പട്ടണമാണ് മുക്കൂട്ടുതറ. ബസ് സ്റ്റാൻഡ് ഇല്ലാത്തതിനാൽ പാതയോരങ്ങളിലാണ് പാർക്കിങ്. പദ്ധതി പ്രാവർത്തികമായാൽ മുക്കൂട്ടുതറയിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാവും.