സ്ഥാനാര്‍ഥികള്‍ക്ക് പ്രിയം നവമാധ്യമങ്ങള്‍

മുണ്ടക്കയം: ഇത്തവണ സ്ഥാനാര്‍ഥികള്‍ കൂടുതല്‍ ആശ്രയിക്കുന്നത് നവമാധ്യമങ്ങളെ. സ്മാര്‍ട്ട് ഫോണുകളുടെ വ്യാപനവും നവമാധ്യമങ്ങളുടെ പ്രചാരവുമാണ് സ്ഥാനാര്‍ഥികളെ ആകര്‍ഷിക്കുന്നത്.

പ്രവര്‍ത്തകരുടെയും അനുയായികളുടെയും അക്കൗണ്ടുകളില്‍നിന്ന് ദിനംപ്രതി വോട്ടഭ്യര്‍ഥിച്ചുള്ള ചിത്രങ്ങളും സന്ദേശങ്ങളുമാണ് പോസ്റ്റ് ചെയ്യുന്നത്. സ്ഥാനാര്‍ഥികളുടെ ഒരോ ദിവസത്തെയും പ്രചാരണ പരിപാടികളുടെ ചിത്രങ്ങളും വിവരങ്ങളും തത്സമയം ലോഡ് ചെയ്യുന്നുണ്ട്. സാധാരണക്കാര്‍ ഏറെ ഉപയോഗിക്കുന്ന ഫെയ്‌സ് ബുക്കിലാണ് ഇത്തരം പ്രചാരണം കൊടുമ്പിരിക്കൊള്ളുന്നത്.

വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ കീഴില്‍ രൂപവല്‍ക്കരിച്ചിരിക്കുന്ന മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിട്ടറിങ് സെല്ലാണ് തിരഞ്ഞെടുപ്പ് പരസ്യങ്ങള്‍ക്ക് അനുമതി നല്‍കുന്നത്. സെല്ലിന്റെ അനുമതിയ്ക്ക് ശേഷമേ സ്ഥാനാര്‍ഥികള്‍ക്ക് ബ്ലോഗുകള്‍, യുട്യൂബ്, വിക്കിപീഡിയ, ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയവയിലെല്ലാം പരസ്യങ്ങള്‍ പ്രചരിപ്പിക്കാനാവൂ എന്നതാണ് ചട്ടം.

നിലവില്‍ പല അക്കൗണ്ടുകളില്‍ നിന്നായി പ്രചാരണം നടക്കുന്നുണ്ട്. എന്നാല്‍ ഇവ നിരീക്ഷിക്കാനോ അതിന്റെ സ്രോതസ് കണ്ടുപിടിക്കാനോ സംവിധാനമില്ല.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതല്‍ മുന്നണികളുടെ പേരില്‍ ട്രോളുകളും സന്ദേശങ്ങളും വാട്‌സ് ആപ്പിലൂടെയും ഫെയ്‌സ്ബുക്കിലൂടെയും പ്രചരിച്ചു തുടങ്ങി. പലരും ഷെയര്‍ ചെയ്യുന്ന ഇവയുടെ ഉറവിടത്തെക്കുറിച്ച് വ്യക്തമല്ല. വ്യക്തികള്‍ക്കെതിരായും സാമുദായിക സംഘര്‍ഷമുണ്ടാക്കുന്ന പ്രചാരണങ്ങള്‍ പോലുമുണ്ടിതില്‍. എന്തായാലും ചെലവ് കണക്കുകൂട്ടാനോ നിരീക്ഷിക്കാനോ സംവിധാനമില്ലാത്തതിനാല്‍ പലരും ഇത് അനുഗ്രഹമായി കാണുന്നു.