സ്ഥാനാര്‍ഥികള്‍ തീരുമാനമായി .. ഇനി പോസ്റ്റർ യുദ്ധം

election
സ്ഥാനാര്‍ഥിത്വം ഉറപ്പായ സ്ഥാനാര്‍ഥികള്‍ ഒന്നാംഘട്ടം ബാനറും പോസ്റ്ററും  അടിച്ചുകഴിഞ്ഞു. വഴിയിലും ചുവരിലും സ്ഥാനാര്‍ഥികള്‍ ഇടം പിടിച്ചുതുടങ്ങി.

എറണാകുളത്ത് മികച്ച പ്രസുകള്‍ വന്നതോടെ അച്ചടിയുടെ ശിവകാശി പെരുമ കുറഞ്ഞുവരികയാണ്. മണിക്കൂറില്‍ 30,000 കളര്‍ പോസ്റ്റര്‍ അടിക്കാവുന്ന പ്രസുകള്‍ കൊച്ചിയില്‍ എത്തിയിരിക്കുന്നു. അതേസമയം കുറഞ്ഞ നിരക്കില്‍ അച്ചടി വാഗ്ദാനവുമായി ശിവകാശിയില്‍നിന്ന് ഏജന്റുമാര്‍ സ്ഥാനാര്‍ഥികളെത്തേടി എത്തിത്തുടങ്ങിയിട്ടുണ്ട്.

ശിവകാശി പ്രസുകാര്‍ക്ക് കേരളത്തിലുമുണ്ട് ഏജന്റുമാര്‍. പോസ്റ്റര്‍ കംപ്യൂട്ടറില്‍ ഡിസൈന്‍ ചെയ്ത് ഇ-മെയില്‍ ചെയ്താല്‍ നാളെ പോസ്റ്റര്‍ സ്ഥാനാര്‍ഥിയുടെ ഓഫീസിലെത്തിക്കാമെന്നാണ് ഉറപ്പ്.

ramesh posterരാജ്യത്തിന്റെ എല്ലാ ഭാഗത്തേക്കും അച്ചടി നടക്കുന്ന ശിവകാശിയില്‍ പ്രസുകളുടെ എണ്ണം അന്‍പതിലേറെയാണ്. ഇലക്ഷന്‍ കാലം എത്തുന്നതോടെ നടപ്പു നിരക്കിന്റെ പകുതി ചെലവിലാണ് രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് അച്ചടിച്ചുകൊടുക്കുന്നത്. ഏറ്റവും മികച്ച നിലവാരത്തില്‍ ഏറ്റവുംവേഗം ജോലി തീര്‍ത്തു കൊടുക്കുന്നതിലാണു കാര്യം. പലപ്പോഴും ആഴ്ചകള്‍ക്കു ശേഷമായിരിക്കും പണം കൊടുക്കുക.

ഭിത്തികളില്‍ ഇടംപിടിക്കുന്ന ഡമ്മി പോസ്റ്റര്‍ ഒരെണ്ണത്തിന് നാലര രൂപയാണ് നിരക്ക്. ഇതിനെക്കാള്‍ വലിപ്പമുള്ള ക്രൌണ്‍ പോസ്റ്ററിന് ആറു രൂപ ചെലവുവരും. പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളില്‍ പ്രമുഖ സ്ഥാനാര്‍ഥികള്‍ ഒരു ലക്ഷം പോസ്റ്ററാണ് ഒരേസമയം അടിച്ചിറക്കാറുള്ളത്. ബാനറുകളുടെ വില അച്ചടിയുടെയും മെറ്റീരിയലിന്റെയും നിലവാരത്തെ ആശ്രയിച്ചിരിക്കും.

സാധാരണ ഫ്ളക്സുകള്‍ക്ക് 250 രൂപയോളമാണു ചെലവ്. ഫ്ളക്സും മികവുറ്റ അച്ചടിയും വ്യാപകമായതോടെ ബാനര്‍ എഴുത്തുകാര്‍ക്കാണു പണി കുറഞ്ഞിരിക്കുന്നത്. തുണി വില, പെയിന്റ് വില, എഴുത്തുകൂലി എന്നിവ കണക്കാക്കിയാല്‍ ഫ്ളക്സാണ് ലാഭം.

കാലം ഏറെ മാറിയിട്ടും ചുവരെഴുത്തിനു കുറവില്ല. ചുവരെഴുത്തുകാര്‍ക്ക് അടുത്ത രണ്ടാഴ്ച കൊയ്ത്തുകാലമാണ്. ഊണും ഉറക്കവുമില്ലാതെ പരമാവധി ചുവരുകള്‍ എഴുതി കാശുണ്ടാക്കുന്ന ദിവസങ്ങള്‍. ചുവരെഴുത്തുകാരന് രാഷ്ട്രീയമുണ്ടാവാമെങ്കിലും ഏതു സ്ഥാനാര്‍ഥിയുടെയും പേരും ചിഹ്നവും എഴുതി കാശു വാങ്ങുന്നതില്‍ ഇവര്‍ക്കു മുന്നണി വ്യത്യാസമൊന്നുമില്ല.

bjp

election-spl-web-1