സ്പോർട്സ് സ്കൂൾ അക്കാദമിക് ബ്ലോക്ക് നിർമാണത്തിനു തുടക്കം

കാഞ്ഞിരപ്പള്ളി ∙ കുന്നുംഭാഗം ഗവ. ഹൈസ്‌കൂളിൽ ആരംഭിക്കുന്ന സ്പോർട്സ് സ്കൂളിന്റെ ഭാഗമായുള്ള പുതിയ അക്കാദമിക് ബ്ലോക്കിന്റെ നിർമാണോദ്ഘാടനം എൻ.ജയരാജ് എംഎൽഎ നിർവഹിച്ചു. പൊതുസമ്മേളനം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു. ചിറക്കടവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജയാ ശ്രീധർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗങ്ങളായ സെബാസ്റ്റ്യൻ കുളത്തുങ്കൽ, ശശികലാ നായർ, പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീർ, സ്‌കൂൾ ഹെഡ്മിസ്ട്രസ് ടി.എം.സുനി, റോസമ്മ എന്നിവർ പ്രസംഗിച്ചു.

എൻ.ജയരാജ് എംഎൽഎ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഒരു കോടി രൂപ വിനിയോഗിച്ചാണു സ്‌പോർസ് സ്‌കൂളിന്റെ നിർമാണത്തിനു മുന്നോടിയായി പുതിയ സ്‌കൂൾ കെട്ടിടം നിർമിക്കുന്നത്. നിലവിലത്തെ സ്‌കൂൾ കെട്ടിടത്തിന്റെ സമീപത്താണു പുതിയ അക്കാദമിക് ബ്ലോക്ക് പണിയുന്നത്. അഞ്ചു മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികൾക്കായി 14 ക്ലാസ് മുറികൾ, ഓഫിസ്, സ്റ്റാഫ് മുറികൾ, ലാബുകൾ, മൾട്ടിമീഡിയ റൂം, ലൈബ്രറി, റീഡിങ് റൂം എന്നിവയുൾപ്പെടുന്നതായിരിക്കും പുതിയ സ്‌കൂൾ കെട്ടിടം.

സ്‌കൂൾ കെട്ടിടം നിർമിച്ച ശേഷം നിലവിലുള്ള കെട്ടിടം പൊളിച്ചുമാറ്റിയാണു സ്‌പോർട്‌സ് സ്‌കൂളിന്റെയും അനുബന്ധ സൗകര്യങ്ങളുടെയും നിർമാണം ആരംഭിക്കുക. 200 മീറ്റർ സിന്തറ്റിക്ക് ട്രാക്ക്, സ്‌റ്റേഡിയം, ഫുട്‌ബോൾ ഗ്രൗണ്ട്, ഇൻഡോർ വോളിബോൾ, ബാസ്കറ്റ് ബോൾ സ്‌റ്റേഡിയം, സ്വിമ്മിങ് പൂൾ, ക്രിക്കറ്റ് പരിശീലന പിച്ച് എന്നിവയാണു സ്‌പോർട്‌സ് സ്‌കൂൾ പദ്ധതിയിലുള്ളത്.