സ്റ്റിക്കർഭയം വേണ്ട; ഉറപ്പുമായി പൊലീസ്

വീടുകളിലും സ്ഥാപനങ്ങളിലും ജനൽച്ചില്ലുകളിൽ കാണുന്ന കറുത്ത സ്റ്റിക്കറുകളിൽ അസ്വഭാവികത ഇല്ലെന്നു ഗ്ലാസ് ഹൗസ് ഉടമകൾ. ഗ്ലാസുകൾ ഉരസാതിരിക്കാൻ കമ്പനിക്കാർ തന്നെ ഒട്ടിക്കുന്നതാണ് സ്റ്റിക്കറുകൾ. ജനം ആശങ്കപ്പെടേണ്ടെന്ന പൊലീസിന്റെ നിഗമനം ശരിയാണെന്നു ഗ്ലാസ് ഹൗസ് ഉടമ ഏബ്രഹാം മാത്യു പറഞ്ഞു. ചെന്നൈയിൽ നിന്നാണ് തെക്കൻ കേരളത്തിലേക്കുള്ള ഗ്ലാസുകൾ കൂടുതലായും വരുന്നത്. കേരളത്തിൽ തന്നെയുള്ള ഏജൻസികളാണ് കടകൾക്കു നൽകുന്നത്.

ഡിസൈനുള്ള ഗ്ലാസുകളിലാണ് സ്റ്റിക്കറുകൾ കൂടുതലായും കാണുന്നത്. ചെന്നൈയിൽ നിന്നു വരുന്ന പാഴ്സലുകൾ വൈകി പൊട്ടിക്കുമ്പോൾ ഗ്ലാസുകൾ ചേർന്നിരിക്കും. ഇതു മാറ്റിയെടുക്കുമ്പോൾ പൊട്ടിപ്പോകും. ഇതു വരാതിരിക്കാനാണ് സ്റ്റിക്കറുകൾ ഒട്ടിക്കുന്നത്. അതും ഡിസൈൻ ഗ്ലാസുകളിൽ മാത്രം. എല്ലാ കമ്പനികളും ഇത്തരം സ്റ്റിക്കറുകൾ ഒട്ടിക്കാറില്ല. നേരത്തെ വയ്ക്കോലുകൾ ഗ്ലാസുകൾക്കിടയിൽ വയ്ക്കുകയായിരുന്നു പതിവ്. ഇപ്പോഴും ഈ രീതി തുടരുന്നവരുണ്ട്.

എന്നാൽ സ്റ്റിക്കർ പതിക്കലാണ് ഫലപ്രദം. ചില കമ്പനിക്കാർ ഗ്ലാസുകളിൽ ഏതോ ലായനി സ്പ്രേ ചെയ്യുമായിരുന്നു. ഇതും ഫലപ്രദമാണ്. ഗ്ലാസുകൾ ചേർന്നിരിക്കുന്നത് ഒഴിവായി കിട്ടും. പഴയ വീടുകളിലെ മൂന്നാം നിലകളിലും മറ്റും പൊട്ടിയ ഗ്ലാസുകൾ മാറ്റി പുതിയവ വയ്ക്കുമ്പോൾ ഇവ ശ്രദ്ധയിൽപെടാറില്ല. സ്റ്റിക്കർ ഭീതി പരന്നതോടെയാണു പലരും ഇതു കാണുന്നത്. നഗരത്തിലെ മിക്ക കടകളിലും പൊലീസ് പരിശോധന നടത്തി. സമൂഹ മാധ്യമങ്ങളിലെ പ്രചാരണമാണ് ജനങ്ങളിൽ ആശങ്ക പരത്തുന്നത്.

കറുത്ത സ്റ്റിക്കറുകൾ പതിക്കുന്ന സംഭവം മോഷണത്തിനു മുന്നോടിയല്ലെന്നും ഗൗരവമായി കാണേണ്ടെന്നുമുള്ള മുൻ നിഗമനം പൊലീസ് ആവർത്തിച്ചു. പൊലീസിനെയും ജനങ്ങളെയും തെറ്റിധരിപ്പിക്കാൻ ചിലർ ഇതു ബോധപൂർവം ചെയ്യുന്നുണ്ട്. സ്റ്റിക്കറുകൾ കണ്ട വീടുകളിൽ മോഷണമോ മോഷണശ്രമങ്ങളോ കണ്ടെത്താനായില്ല. ഗ്ലാസ് കടകളിലെ സ്റ്റിക്കറുകളും ഇത് ഒട്ടിക്കാൻ ഉപയോഗിച്ച പശയും ജനൽച്ചില്ലുകളിൽ കണ്ടെത്തിയതിനു സമാനമാണെന്നും കണ്ടെത്തിയിട്ടുണ്ട്.

∙ നാട്ടുകർക്ക് മുന്നിൽ ഞങ്ങളും സംശയ നിഴലിലെന്ന് ഗ്ലാസ് കട്ടർ തൊഴിലാളി മാസങ്ങളായി ദിവസം കുറഞ്ഞത് അഞ്ചുപേരോടെങ്കിലും ഗ്ലാസിന്റെ സ്റ്റിക്കർ സംബന്ധിച്ച് സമാധാനം ബോധിപ്പിക്കണം. ‘നിങ്ങൾ മോഷണം നടത്താനാണോ സ്റ്റിക്കർ ഒട്ടിച്ചുവിടുന്നത്’ എന്നുവരെ കടയിൽ വന്നു ചോദിക്കുന്നുണ്ട്. എന്നാൽ ചില കമ്പനികൾ ഡിസൈൻ ഗ്ലാസുകളിൽ ഒന്നിലധികം ഭാഗത്ത് തമ്മിൽ ഉരസാതിരിക്കാൻ വേണ്ടി സ്റ്റിക്കർ പതിക്കാറുണ്ട്. ഇത് ശ്രദ്ധയിൽപെടുമ്പോൾ പറിച്ചു കളയാറുണ്ട്.

എന്നാൽ ഗ്ലാസ് പാളികൾ കൊണ്ടുപോകുമ്പോൾ പരസ്പരം ചേർന്നിരുന്ന് പൊട്ടാതിരിക്കാൻ വേണ്ടി ഇവ പറിച്ചു കളയേണ്ടെന്ന് ചില ആശാരിമാർ പറയാറുണ്ട്. എങ്കിലും ഒറ്റനോട്ടത്തിൽ തന്നെ ആർക്കും കണ്ണിൽപെടുന്നതാണ് ഇത്തരം സ്റ്റിക്കറുകൾ. എം.എസ്.അജികുമാർ‌, ഗ്ലാസ്കട്ടർ തൊഴിലാളി. ഞങ്ങൾ കണ്ടിട്ടില്ല: പെയ്ന്റിങ് തൊഴിലാളികൾ ജനൽച്ചില്ലുകളിൽ ശ്രദ്ധിക്കപ്പെടുന്ന രീതിയിൽ സ്റ്റിക്കറുകൾ നേരത്തേ കണ്ടിട്ടില്ല. മുപ്പതു വർഷമായി പെയ്ന്റിങ് ജോലികൾക്കു പോകുന്നവരാണ് ഞങ്ങൾ.

മാത്രമല്ല, പുതിയ വീടുകൾ മോടി പിടിപ്പിക്കുമ്പോൾ ഇത്തരത്തിലുള്ള കടലാസുകളോ സ്റ്റിക്കറുകളോ ഉണ്ടെങ്കിൽ തന്നെ അതെല്ലാം നീക്കിയ ശേഷമേ പെയ്ന്റ് അടിക്കാറുള്ളു. പഴയ വീടുകളിലും സ്ഥാപനങ്ങളിലും പുതിയ രീതിയിലുള്ള സ്റ്റിക്കറുകളാണ് കാണുന്നതെന്നു കേൾക്കുന്നു. പൊതുജനങ്ങളെ പറ്റിക്കാനുള്ള വികൃതിത്തരമായെ ഇതൊക്കെ കാണാൻ കഴിയു. സി.സണ്ണി, പുന്നാംപറമ്പിൽ, തെക്കുംഗോപുരം, കോട്ടയം.

സ്റ്റിക്കർ കേസ്: സിസി ടിവി ക്യാമറ വില്ലൻ ആകുമോ ജനൽ ഗ്ലാസുകളിൽ സ്റ്റിക്കർ കണ്ടുതുടങ്ങിയതോടെ സാധാരണക്കാർപോലും ഇപ്പോൾ വീടുകളിൽ സിസി ടിവി ക്യാമറകൾ സ്ഥാപിക്കണമെന്ന ആവശ്യവുമായി കടകളിൽ എത്തുന്നുണ്ട്. സംഭവങ്ങളെ തുടർന്ന് സിസി ടിവി ക്യാമറ കച്ചവടം മൂന്നിരട്ടിയായിട്ടുണ്ടെന്ന് കച്ചവടക്കാരും പറയുന്നു. സിസിടിവി ക്യാമറകൾ വിറ്റഴിക്കാനുള്ള സൂത്രപ്പണിയാണോ ജനൽ ഗ്ലാസുകളിൽ സ്റ്റിക്കർ ഒട്ടിക്കുന്നതെന്ന് പൊലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷിച്ച് വരികയാണ്. സാധാരണ നാലു ക്യാമറയും (ഡോം) മൂന്നാഴ്ച ദൃശ്യം സൂക്ഷിക്കാനുള്ള ശേഷിയുമുള്ള ഒരു സിസിടിവി ക്യാമറ യൂണിറ്റിന് 15000 രൂപ മുതൽ 25000 രൂപവരെയാണ് വില. എന്നാൽ ഇതിന് രാത്രിയിലെ ദൃശ്യങ്ങൾ പകർത്താനാകില്ല.

എന്നാൽ രാത്രിയിലെ ദൃശ്യങ്ങൾകൂടി പകർത്താൻ കഴിയുന്ന (ബുള്ളറ്റ് ക്യാമറ) വിധമുള്ള ക്യാമറകൾക്ക് 25000 രൂപ മുതൽ 35000 രൂപ വരെയാണ് വില. രാത്രി ദൃശ്യങ്ങൾ പകർത്തുന്ന ക്യാമറകൾക്ക് കമ്മിഷൻ കൂടുതലാണ്. 25 ശതമാനം കമ്മിഷൻവരെ നൽകുന്ന കമ്പനികളുമുണ്ട്. അതിനാൽ കൂടുതൽ പേരെ വീട്ടിൽ രാത്രിദൃശ്യങ്ങൾകൂടി പകർത്താൻ കഴിയുന്ന ക്യാമറകൾ വാങ്ങുന്നതിന് പ്രേരിപ്പിക്കാനാണോ സ്റ്റിക്കറുകൾ പതിക്കുന്നതെന്നാണ് സംശയം.

സംശയ മുനകൾ ∙അസ്വഭാവികമായ വിധത്തിൽ സ്റ്റിക്കറുകൾ കണ്ടെത്തിയ ഭൂരിഭാഗം വീടുകളും സിസിടിവി ക്യാമറ യൂണിറ്റ് സ്ഥാപിക്കാൻ കഴിയുന്ന വിധം സാമ്പത്തികമായി ഉയർന്ന ചുറ്റുപാടുള്ളവരാണ്.

∙സ്റ്റിക്കർ കണ്ടെത്തിയ വീടുകളിലൊന്നും മോഷണം റിപ്പോർട്ട് ചെയ്തിട്ടില്ല.

∙എല്ലാവർക്കും പെട്ടെന്ന് കാണാനാകുന്ന വിധമാണ് സ്റ്റിക്കറുകൾ പതിച്ചത്.

∙പ്രായമായവർ തനിച്ച് താമസിക്കുന്ന വീടുകൾ, താമസം ഇല്ലാത്ത വീടുകൾ‌, സ്ത്രീകൾ തനിച്ച് താമസിക്കുന്ന വീടുകൾ, പുറത്ത് ജോലിക്ക് പോകുന്നവരുള്ള വീടുകൾ. എന്നിവിടങ്ങളിലാണ് സ്റ്റിക്കറുകൾ കൂടുതലായി കാണുന്നത്. ഭയപ്പെടാനില്ല; ജാഗ്രതയോടെ പൊലീസ് ജില്ലയിലെ വീടുകളുടെ ജനാല ഗ്ലാസുകളിൽ കണ്ടെത്തിയ കറുത്ത സ്റ്റിക്കർ അസ്വാഭാവികതയില്ലെന്ന് പൊലീസ് ഉറപ്പിക്കുകയും ഇത് സംബന്ധിച്ച വിവാദം കെട്ടടങ്ങുകയും ചെയ്ത ശേഷമാണ് ഇപ്പോൾ മറ്റ് ജില്ലകൾക്കൊപ്പം ഇവിടെയും സ്റ്റിക്കറുകൾ കാണപ്പെടുന്നത്.

ആദ്യം നട്ടാശേരിയിലും കുമാരനല്ലൂരിലും വീടുകളുടെ ജനൽ ഗ്ലാസുകളിൽ കണ്ടെത്തിയ സ്റ്റിക്കറുകൾ പിന്നീട് ദിവസങ്ങൾക്കുള്ളിൽ ജില്ലയിലെ വിവിധ മേഖലകളിലെ വീടുകളിൽ കണ്ടെത്തിയതായി നാട്ടുകാർ പൊലീസിനെ അറിയിച്ചു. 60 പരാതികളാണ് പൊലീസിന് ലഭിച്ചത്. എല്ലാ പരാതികളിലും പൊലീസ് പരിശോധന നടത്തി. സ്റ്റിക്കർ കണ്ടെത്തിയ വീടുകളിലും പരിസര പ്രദേശങ്ങളിലും ജനങ്ങൾ ഭയപ്പെട്ട് രാത്രി കാവൽ ഇരുന്നു. പൊലീസ് ദിവസങ്ങളോളം നിരന്തര നിരീക്ഷണവും പരിശോധനയും നടത്തിയെങ്കിലും സംശയകരമായ ഒരു സംഭവം പോലും ഉണ്ടായില്ലെന്നും ഡിവൈഎസ്പി സക്കറിയ മാത്യു പറഞ്ഞു. എന്നാൽ ഇത്തരം നിസ്സാര കേസുകൾ പോലും അവഗണിക്കാതെ പൊലീസ് നിരീക്ഷിക്കുന്നുണ്ടെന്നും ഡിവൈഎസ്പി പറഞ്ഞു.