സ്വകാര്യബസുകൾക്കു വാതിൽ നിർബന്ധമാക്കിയുള്ള ഉത്തരവ്;നിയമങ്ങളെല്ലാം കടലാസിലൊതുങ്ങുന്നു

കാഞ്ഞിരപ്പള്ളി : സ്വകാര്യബസുകൾക്കു വാതിൽ നിർബന്ധമാക്കിയുള്ള ഉത്തരവ് നിലവിലുണ്ടെങ്കിലും നിയമങ്ങളെല്ലാം കടലാസിലൊതുങ്ങുന്നു. നിയമലംഘനങ്ങൾക്കെതിരെ നടപടി സ്വീകരിക്കാൻ അധികൃതർക്കു കഴിയാതെ പോവുമ്പോൾ നഷ്ടപ്പെടുന്നത് അപകടത്തിൽ പെടുന്നയാളുടെ കുടുംബത്തിനു മാത്രവും.

2016 ജൂലൈ ഒന്നു മുതലാണ് എല്ലാ സ്വകാര്യബസുകൾക്കും വാതിൽ നിർബന്ധമാക്കി ഗതാഗതവകുപ്പ് ഉത്തരവിറക്കിയത്. നേരത്തേ വാതിലുകൾ നിർബന്ധമാക്കിയ ഉത്തരവിൽ സിറ്റി ബസുകളെ ഒഴിവാക്കിയ മോട്ടോർ വാഹനനിയമം ഭേദഗതി ചെയ്താണ് സിറ്റി-ടൗൺ സർവീസ് ഉൾപ്പെടെയുള്ള ബസുകൾക്ക് വാതിൽ നിർബന്ധമാക്കി ഉത്തരവിറക്കിയത്. വാതിലുകളില്ലാത്തതും തുറന്നു കെട്ടിവച്ച് സർവീസ് നടത്തുന്നതുമായ ബസുകൾക്കെതിരെ കർശന നടപടിയാണ് പ്രഖ്യാപിച്ചിരുന്നത്.

നിയമം ലംഘിക്കുന്ന ബസുകളുടെ ഫിറ്റ്‌നെസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികളാണ് ഗതാഗതവകുപ്പ് കൈക്കൊണ്ടിരുന്നത്. ഡപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മിഷണർമാർക്കും മേഖലാ ട്രാൻസ്‌പോർട്ട് ഓഫിസർമാർക്കും ഇതുസംബന്ധിച്ച നിർദേശങ്ങൾ നൽകിയിരുന്നെങ്കിലും ക്രമേണ അത്തരം പരിശോധനകൾ നിലച്ചു. നേരത്തേ, സ്വകാര്യബസുകളിൽ യാത്ര ചെയ്യുന്ന പൊതുജനങ്ങളുടെ സുരക്ഷ സംസ്ഥാന സർക്കാർ ഉറപ്പുവരുത്തണമെന്നു ഹൈക്കോടതി നിർദേശിച്ചിരുന്നു.

ഡ്രൈവറും കണ്ടക്ടറും മാത്രമുള്ള കെഎസ്ആർടിസി ബസുകളിൽ വാതിലിലൂടെ വീണുള്ള അപകടനിരക്ക് താരതമ്യേന കുറവാണ്. വാതിൽ അടച്ചശേഷമേ പുറപ്പെടാറുള്ളൂ എന്നതുതന്നെ കാരണം. ജീവനക്കാരുടെ എണ്ണം കുറയ്ക്കാനായി സ്വകാര്യബസുകളും ഈ രീതി അവലംബിച്ചിരുന്നു. ഇതിനായി ഹൈഡ്രോളിക് ഡോറുകളും സ്ഥാപിച്ചു. വാതിലുകൾക്കു സമീപം തുറക്കാനും അടയ്ക്കാനുമുള്ള സ്വിച്ചുകൾക്കൊപ്പം ഡ്രൈവറുടെ സമീപത്തും ഇവ സ്ഥാപിച്ചിട്ടുണ്ട്.

പലപ്പോഴും വാഹനം നീങ്ങിത്തുടങ്ങിയ ശേഷമാവും ഡ്രൈവർമാർ വാതിലടയ്ക്കുക. അടുത്തടുത്ത് സ്‌റ്റോപ് ഉള്ളപ്പോൾ അടയ്ക്കാത്തതും പതിവാണ്. വാഹനപരിശോധന പ്രധാനറോഡുകളിൽ മാത്രം നടക്കുന്നതിനാൽ ഇവിടെ വാതിലടച്ചാണ് സ്വകാര്യബസുകളുടെ യാത്ര. ഗ്രാമറോഡുകളിൽ വാതിൽ തുറന്നുതന്നെ കിടക്കും. പരിശോധനയില്ലാത്തതും അടുത്തടുത്ത ബസ് സ്‌റ്റോപ്പുകളും കണക്കിലെടുത്താണിത്. ഇത്തരം നിയമലംഘനങ്ങൾക്കെതിരെ പ്രതികരിക്കാൻ പൊതുജനങ്ങൾകൂടി തയാറാവേണ്ട അവസ്ഥയാണിപ്പോൾ.