സ്വകാര്യ ആശുപത്രികളില്‍ കുറഞ്ഞ വേതനം 7825 രൂപ

സ്വകാര്യ ആശുപത്രി ജീവനക്കാരുടെ വേതനം വര്‍ദ്ധിപ്പിച്ച് സര്‍ക്കാര്‍ അന്തിമ ഉത്തരവ് പുറപ്പെടുവിച്ചു.

സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന അലോപ്പതി, ആയുര്‍വേദ, ഹോമിയോ, സ്വകാര്യ ആശുപത്രികള്‍, ഡിസ്‌പെന്‍സറികള്‍, ഫാര്‍മസികള്‍, സ്‌കാനിങ് സെന്ററുകള്‍, മെഡിക്കല്‍ ലാബുകള്‍, ആംബുലന്‍സ് സര്‍വീസുകള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഈ ഉത്തരവ് പ്രകാരം വര്‍ദ്ധിപ്പിച്ച വേതനം ലഭിക്കുമെന്ന് തൊഴില്‍ പുനരധിവാസ വകുപ്പ് മന്ത്രി ഷിബുബേബിജോണ്‍ അറിയിച്ചു.

പുതുക്കിയ ഏറ്റവും കുറഞ്ഞ അടിസ്ഥാന വേതനം 7825-160- 8625-175-9500 രൂപയും കൂടിയത് 10000-200-11000-220-12100 ഉം ആണ്. നഴ്‌സുമാരുടെ അടിസ്ഥാന വേതനം ബി.എസ്‌സി.ക്കാര്‍ക്ക് 8975-180-9875-200-10875 രൂപയും ജനറല്‍ നഴ്‌സിങ് വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് 8725-175-9600-195-10575 രൂപയും ലഭിക്കും. ജീവനക്കാര്‍ക്ക് അടിസ്ഥാനവേതനത്തോടൊപ്പം അതത് ജില്ലാ കേന്ദ്രങ്ങള്‍ക്കുവേണ്ടി പ്രസിദ്ധീകരിക്കുന്ന ജീവിത നിലവാര സൂചികയുടെ 200 പോയിന്റിനുമേല്‍ വര്‍ദ്ധിക്കുന്ന ഓരോ പോയിന്റിനും 26 രൂപ 65 പൈസ വീതം ക്ഷാമബത്തയും ലഭിക്കുമെന്നും മന്ത്രി ഷിബുബേബിജോണ്‍ പറഞ്ഞു.

ഒരേ സ്ഥാപനത്തില്‍ അഞ്ച് വര്‍ഷത്തിനുമേല്‍ സര്‍വീസ് പൂര്‍ത്തിയായവര്‍ക്ക് അവരുടെ ഓരോ അഞ്ച് വര്‍ഷ സേവനകാലയളവിനും സര്‍വീസ് വെയിറ്റേജായി ഓരോ ഇന്‍ക്രിമെന്റ് പുതിയനിരക്കില്‍ നല്‍കണം. ഇപ്പോള്‍ അഞ്ച് വര്‍ഷം സേവനകാലാവധി പൂര്‍ത്തിയാകാത്തവര്‍ക്ക് അതു പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഓരോ ഇന്‍ക്രിമെന്റ് നല്‍കണം. പുതിയ നിരക്കില്‍ ശമ്പളം നിശ്ചയിച്ച ശേഷം സേവനകാലം ഓരോ വര്‍ഷവും പൂര്‍ത്തിയാകുന്ന മുറയ്ക്ക് അവര്‍ക്ക് വാര്‍ഷിക ഇന്‍ക്രിമെന്റിന് അര്‍ഹതയുണ്ടെന്നും മന്ത്രി പറഞ്ഞു.
ആശുപത്രികളെ ബെഡ്ഡുകളുടെ അടിസ്ഥാനത്തില്‍ ആറ് വിഭാഗമായി തിരിച്ചാണ് വേതന വര്‍ദ്ധനവ് നടപ്പില്‍ വരുത്തിയത്.
101 നുമേല്‍ ബെഡ്ഡുള്ള മൂന്നാം ഭാഗത്തില്‍പ്പെട്ട ആശുപത്രികളില്‍ ജോലിചെയ്യുന്ന ബി.എസ്‌സി നഴ്‌സുമാര്‍ക്ക് 750, നാലും അഞ്ചും വിഭാഗക്കാര്‍ക്ക് 850, ആറാം വിഭാഗക്കാര്‍ക്ക് 1250 എന്ന നിരക്കിലും ജി.എന്‍.എം വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് യഥാക്രമം 500, 600, 900 എന്ന നിരക്കിലും സ്‌പെഷ്യല്‍ അലവന്‍സ് ലഭിക്കും.

കിടത്തിചികിത്സ ഇല്ലാത്ത 11ല്‍ കൂടുതല്‍ ജീവനക്കാരുള്ള സ്ഥാപനങ്ങളിലെ നഴ്‌സിങ് ജീവനക്കാര്‍ക്കും ഈ സ്‌പെഷ്യല്‍ അലവന്‍സിന് അര്‍ഹതയുണ്ട്. ഏതെങ്കിലും ജീവനക്കാര്‍ക്ക് നിലവില്‍ ഈ നിരക്കിനേക്കാള്‍ കൂടുതല്‍ ലഭിക്കുന്നുണ്ടെങ്കില്‍ ആയത് തുടര്‍ന്നും നല്‍കണമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published.

Enable Google Transliteration.(To type in English, press Ctrl+g)