സ്വകാര്യ ബസിനു പിന്നിൽ കെഎസ്ആർടിസി ബസിടിച്ചു

കാഞ്ഞിരപ്പള്ളി : ∙ കാഞ്ഞിരപ്പള്ളി – ഈരാറ്റുപേട്ട ട്ട റൂട്ടിൽ സ്വകാര്യ ബസിനു പിന്നിൽ കെഎസ്ആർടിസി ബസിടിച്ചു. ഇന്നലെ രാവിലെ 10 മണിയോടെ ചെമ്മലമറ്റത്താണ് അപകടം. കാഞ്ഞിരപ്പള്ളിക്കു പോയ ബസുകളാണ് അപകടത്തിൽപ്പെട്ടത്. പാലാ–എരുമേലി റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിനു പിന്നിലാണ് കെഎസ്ആർടിസി ബസ് ഇടിച്ചത്. മഴ പെയ്‌ത റോഡിൽ വാഹനം തെന്നിയതാണ് അപകട കാരണം. ആർക്കും പരുക്കില്ല. കെഎസ്ആർടിസി ബസിന്റെ മുൻവശത്തെ ഗ്ലാസ് തകർന്നു.

പാലാ റോഡിൽ അമ്പാറ അമ്പലം ബസ് സ്‌റ്റോപ്പിൽ കാറും ബസും ഇടിച്ച് അപകടമുണ്ടായി. കടുവാമൂഴി ജംക്‌ഷനിൽ പാചക വാതക വിതരണ കേന്ദ്രത്തിലേക്ക് പോകാനെത്തിയ ബൈക്ക് യാത്രികനെ കാറിടിച്ചിട്ടു. ഇരു സംഭവങ്ങളിലും യാത്രികർക്കു പരുക്കില്ല. കഴിഞ്ഞ ദിവസം വൈകിട്ട് ആറുമണിയോടെ തൊടുപുഴ റോഡിൽ ഇടമറുകിനു സമീപം കാർ തലകീഴായി ഓടയിലേക്കു മറിഞ്ഞു.

കാറിലുണ്ടായിരുന്ന ഈരാറ്റുപേട്ട സ്വദേശി നിസ്സാര പരുക്കോടെ രക്ഷപ്പെട്ടു. കോണിപ്പാട് ഉണ്ടായ മറ്റൊരപകടത്തിൽ നിയന്ത്രണം വിട്ട കാർ തോട്ടത്തിലേക്ക് ഇടിച്ചുകയറി കയ്യൂർ കല്ലറങ്ങാട്ട് സിബിക്ക് പരുക്കേറ്റു. റോഡിന്റെ അശാസ്‌ത്രീയമായ നിർമാണമാണ് അപകട കാരണമായി നാട്ടുകാർ പറയുന്നത്. ഉയർന്ന നിലവാരത്തിലുള്ള റോഡ് മഴയിൽ തെന്നുന്നതും അപകട കാരണമായി.