സ്വകാര്യ ബസ് സ്റ്റാന്റ് ഉദ്ഘാടനം ജൂലൈ 15 നകം

കാഞ്ഞിരപ്പള്ളി: സ്വകാര്യ ബസ് സ്റ്റാന്റിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി രണ്ടാഴ്ച്ചക്ക് ശേഷം തുറന്നു നല്‍കാന്‍ തീരുമാനം. ജൂലൈ 15 നകം ഉദ്ഘാടനം നടത്താനാണ് അധികൃതര്‍ ആലോചിക്കുന്നത്. എം. എല്‍. എ. ഫണ്ടില്‍ നിന്നും അനുവദിച്ച 90 ലക്ഷം രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ ബസ് സ്റ്റാന്റിന്റെ മുഖഛായ തന്നെ മാറും.

നിലവില്‍ ബസ് സ്റ്റാന്റിനുള്ളില്‍ കോണ്‍ക്രീറ്റിങ് പൂര്‍ത്തിയായിരിക്കുകയാണ്. നടപ്പാതകളും ഓടകളുടെയും നിര്‍മ്മാണം അവസാനഘട്ടത്തിലാണ്. ബസ് സ്റ്റാന്റില്‍ നിന്നും ബസുകള്‍ ഇറങ്ങി പോകുന്ന കവാടത്തിലെ സ്ലാബുകള്‍ ഇനി മാറ്റി സ്ഥാപിക്കണം. സ്റ്റാന്റിലെ പൊതുകിണര്‍ സംരക്ഷിക്കുകയും അതിനു സമീപത്തു കൂടി പുത്തനങ്ങാടി റോഡിലേയ്ക്ക് ഇറങ്ങുന്നത്തിനായി നടകളും സ്ഥാപിക്കും. യാത്രക്കാര്‍ക്കായി ബസ് കാത്തിരുപ്പു കേന്ദ്രത്തിന്റെ നിര്‍മ്മാണം ആരംഭിച്ചു. നൂറോളം പേര്‍ക്ക് മഴയും വെയിലും കൊള്ളാതെ നില്‍ക്കാവുന്ന രീതിയിലാണ് കാത്തിരിപ്പു കേന്ദ്രം നിര്‍മ്മിക്കുന്നത്. വൈദ്യുതി തൂണ്‍ നീക്കം ചെയ്താലുടന്‍ നിര്‍മ്മാണം ആരംഭിക്കാനാകും.

ബസ് കയറി വരുന്ന കവാടത്തിലെ രണ്ട് കടമുറികള്‍ എടുത്തു കളഞ്ഞതോടെ ആവശ്യത്തിന് സ്ഥല സൗകര്യം ലഭ്യമായി. ഇതിന്റെ ഇരു വശങ്ങളിലും നടപാതകള്‍ സ്ഥാപിക്കും. ബസ് ഇറങ്ങി പോകുന്ന ഭാഗത്ത് സ്ഥാപിക്കുന്ന നടപാതകള്‍ക്ക് വീതി കുറവാണെന്ന് ആരോപണമുണ്ട്. കംഫര്‍ട്ട് സ്‌റ്റേഷനായുള്ള പുതിയ ടാങ്ക് നിര്‍മ്മാണവും നടന്നിട്ടില്ല. ടാങ്കിന്റെ സംഭരണ ശേഷി കുറവായതിനാല്‍ മിക്ക ദിവസങ്ങളിലും കംഫര്‍ട്ട് സ്‌റ്റേഷന്‍ അടച്ചിടേണ്ടതായി വന്നിരുന്നു.

സ്വകാര്യ സ്റ്റാന്റിലെ സ്ഥല സൗകര്യങ്ങുടെ അപര്യാപ്തത ഏറെ പരാതിക്കിടയാക്കിയിരുന്നു. ഈ കുറവും പരിഹരിക്കുന്നതോടെ യാത്രക്കാര്‍ക്ക് എല്ലാവിധ സൗകര്യവുമാകും. കൂടാതെ രാത്രിയില്‍ കൂരിരിട്ടാകുന്നതിന് പരിഹാരമായി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കും. നിലവില്‍ സ്ഥാപിച്ചിരിക്കുന്ന ക്യാമറകളുടെ പ്രവര്‍ത്തനം കൂടി കാര്യക്ഷമമാക്കുന്നതോടെ സാമൂഹ്യ വിരുദ്ധരുടെയും മോഷ്ടാക്കളുടെയും ശല്യം നിയന്ത്രിക്കാനാകും. കുണ്ടും കുഴിയും നിറഞ്ഞ സ്റ്റാന്റ് യാത്രക്കാര്‍ക്ക് ഏറെ ദുരിതമായിരുന്നു. പലപ്പോഴും യാത്രക്കാര്‍ക്ക് ബസ് തട്ടി അപകടമുണ്ടാകുകയും ചെയ്തിരുന്നു. നിര്‍മ്മാണം പൂര്‍ത്തിയായി സ്റ്റാന്റ് തുറന്നു കൊടുക്കുന്നതോടെ യാത്രക്കാര്‍ക്ക് ആശ്വാസകരമാകും.