സ്‍പര്‍ശനശേഷിയുള്ള കൃത്രിമകൈ വികസിപ്പിച്ചെടുത്തു

artificial hand
സ്‍പര്‍ശനശേഷിയുള്ള കൃത്രിമകൈ ഇനി സങ്കല്‍പ്പമല്ല, യാഥാര്‍ഥ്യം. സ്‍പര്‍ശനശേഷിയുള്ള ലോകത്തിലെ ആദ്യ കൃത്രിമകൈ യൂറോപ്യന്‍ ശാസ്ത്രജ്ഞര്‍ ചേര്‍ന്ന് വികസിപ്പിച്ചെടുത്തു. ഇറ്റലി, സ്വിറ്റ്‌സര്‍ലാന്റ്, ജര്‍മിനി എന്നിവിടങ്ങളില്‍ നിന്നുള്ള റോബോര്‍ട്ടിക് വിദഗ്ധരുടെ സംഘമാണ് ഈ നിര്‍ണായക കണ്ടുപിടുത്തത്തിനു പിന്നില്‍. ഫയര്‍ വര്‍ക്ക്‌സ് അപകടത്തില്‍ കൈ നഷ്ടപ്പെട്ട ഡാനിഷ് സ്വദേശി ഡെന്നീസ് ആബോയുടെ അറ്റുപോയ കൈയിലെ ഞരമ്പുകളുമായി ശാസ്ത്രജ്ഞര്‍ കൃത്രിമകൈ ബന്ധിപ്പിച്ചു. പത്തു വര്‍ഷം മുമ്പാണ് ആബോയ്ക്കു അപകടം സംഭവിച്ചത്.

ആബോയുടെ നഷ്ടമായ കൈയുടെ മുകള്‍ഭാഗത്തെ രണ്ട് സിരകളില്‍ ചെറിയ ഇലക്ട്രോഡുകള്‍ സ്ഥാപിച്ചാണ് കൃത്രിമകരം പിടിപ്പിച്ചത്. റോമിലെ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. ലബോറട്ടറികളില്‍ കണ്ണുകെട്ടി നടത്തിയ പരീക്ഷണങ്ങളില്‍ കൃത്രിമ കൈകൊണ്ടു തൊടുന്ന വസ്തുവിന്റെ രൂപവും വലുപ്പവും കാഠിന്യവും തിരിച്ചറിയാന്‍ ഡെന്നീസിന് കഴിഞ്ഞു. കൈയ്യില്‍ വെള്ളകുപ്പിയും, ബോളും, നാരങ്ങയുമൊക്കെ നല്‍കിയാണ് സ്‍പര്‍ശനശേഷി അളന്നത്. സ്‍പര്‍ശനത്തിലൂടെ കൃത്രിമകൈയിലെ വസ്തുക്കളെ തിരിച്ചറിയാന്‍ കഴിയുന്നുണ്ടെന്നു മനസിലാക്കിയതോടെയാണ് ഗവേഷകര്‍ കാര്യം പുറത്തുവിട്ടത്. ലോകത്ത് ആദ്യമായാണ് കൃത്രിമമായി വികസിപ്പിച്ചെടുത്ത കൈയ്ക്ക് സാധാരണ കൈയുടേതിന് സമാനമായ സ്‍പര്‍ശനശേഷി ലഭിക്കുന്നതെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ സില്‍വെസ്റ്റ്‌റോ മിസേറ പറഞ്ഞു. ‘ബയോണിക് ഹാന്‍ഡ്’ എന്നാണ് കൃത്രിമകൈയെ മിസേറ വിശേഷിപ്പിച്ചത്