സൗരവിളക്കുകൾ പേരിനു മാത്രം; പലതും നോക്കുകുത്തി

മുണ്ടക്കയം∙ പൈങ്ങണ മുതൽ കല്ലേപ്പാലം വരെയുള്ള വഴിയോര‌ സൗരവിളക്കുകളിൽ പലതും നോക്കുകുത്തികളാകുന്നു. പൈങ്ങണ പാലത്തിനു സമീപം സ്ഥാപിച്ച ലൈറ്റ് തല ഉയർത്തി നിൽപുണ്ട് പക്ഷേ, ബൾബ് ഇല്ലെന്നു മാത്രം. ലൈറ്റ് സ്ഥാപിച്ച് ഒരു വർഷം പിന്നിട്ടപ്പോൾ തന്നെ ബൾബ് ആരോ മോഷ്ടിച്ചതാണ്. ഇതുവരെയും പകരം ബൾബ് സ്ഥാപിച്ചില്ല. സമീപമുള്ള മറ്റൊരു ലൈറ്റിനു ബൾബ് ഉണ്ട്. പക്ഷേ, ബാറ്ററി പെട്ടിയിൽ നിന്ന് ആരോ മോഷ്ടിച്ചു.

വൈഎംസിഎ വളവിനു സമീപമുള്ള ലൈറ്റ് കാണണമെങ്കിൽ അടുത്തെത്തി സൂക്ഷ്മമായി നോക്കണം. കാടുകൾ വളർന്നുപന്തലിച്ചു റോഡരികിൽ മരം പോലെയായി വിളക്കിന്റെ അവസ്ഥ. ടൗണിലുള്ള ചില ലൈറ്റുകൾ ചിലപ്പോൾ മാത്രമേ പ്രകാശിക്കൂ. പൊലീസ് സ്റ്റേഷനു സമീപമുള്ള വിളക്കിന്റെ ബൾബുകൾ കാണാനില്ല. കല്ലേപ്പാലത്തിനു സമീപം ഉണ്ടായിരുന്ന വിളക്കുതൂണ് ഒടിഞ്ഞു താഴെവീണിരുന്നു. ഇതു വളരെനാളായി അറ്റകുറ്റപ്പണികൾ ചെയ്യാതെ കിടന്നതോടെ ബാറ്ററി മോഷണം പോയി.

കൂട്ടിക്കൽ റോഡിൽ സിഎംഎസ് ഹൈസ്കൂളിനു മുൻപിൽ സോളർ പാനൽ മാത്രമാണ് അവശേഷിക്കുന്നത്. ബാറ്ററിയും ബൾബും നഷ്ടമായി. കോസ്‌വേ പാലത്തിലേക്കു സ്ഥാപിച്ച വിളക്കുകളിൽ ചിലതൊക്കെ തെളിയാറുണ്ട്. മാർക്കറ്റിനു മുൻപിൽ ലൈറ്റ് വീഴാറായി നിൽക്കുന്നു. മൂന്നു വർഷം മുൻപ് ആന്റോ ആന്റണി എംപിയുടെ ഫണ്ടിൽ നിന്നു 13 ലക്ഷം രൂപ മുടക്കിയാണു കല്ലേപ്പാലം മുതൽ പൈങ്ങണ വരെയും കൂട്ടിക്കൽ റോഡിൽ സിഎംഎസ് സ്കൂൾ കോരുത്തോട് റൂട്ടിൽ കോസ്‌വേ പാലം വരെയും 42 സൗരവിളക്കുകൾ സ്ഥാപിച്ചത്.