ഹയര്‍ സെക്കന്‍ഡറി പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിക്കും

ഈ വര്‍ഷത്തെ ഹയര്‍ സെക്കന്‍ഡറി പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് മൂന്നിന് വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് തിരുവനന്തപുരത്ത് ഫലപ്രഖ്യാപനം നടത്തും. ഉടന്‍ തന്നെ എല്ലാ ഔദ്യോഗിക വെബ്‌സൈറ്റുകളിലും ഫലം ലഭ്യമാകും. കേരളത്തിലും ലക്ഷദ്വീപിലും ഗള്‍ഫിലുമുള്ള പരീക്ഷാകേന്ദ്രങ്ങളിലായി നാലര ലക്ഷത്തോളം പേരാണു പരീക്ഷ എഴുതിയത്. 67 ക്യാംപുകളിലാണു മൂല്യനിര്‍ണയം നടന്നത്. കഴിഞ്ഞവര്‍ഷം ഹയര്‍ സെക്കന്‍ഡറിയില്‍ 81.35ഉം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ 85.35ഉം ആയിരുന്നു വിജയ ശതമാനം..

15 ക്യാംപുകള്‍ ഫിസിക്‌സ്, കെമിസ്ട്രി, കണക്ക് എന്നിവയുടെ ഇരട്ട മൂല്യനിര്‍ണയ ക്യാംപുകളായിരുന്നു. എന്‍ജിനീയറിങ് പ്രവേശനത്തിനു ഹയര്‍ സെക്കന്‍ഡറി മാര്‍ക്ക് കൂടി പരിഗണിക്കുന്ന സാഹചര്യത്തിലാണ് ഇരട്ട മൂല്യനിര്‍ണയം. ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി ഫലം ജൂണ്‍ പകുതിയോടെ പ്രസിദ്ധീകരിക്കും.

ജൂണിലെ സേ പരീക്ഷയ്ക്ക് എല്ലാ വിഷയങ്ങള്‍ക്കും മൂല്യനിര്‍ണയ ക്യാംപുകളില്‍ നിന്ന് ഓണ്‍ലൈന്‍ ടാബുലേഷന്‍ നടപ്പാക്കും. ഇതുമൂലം സേ ഫലം നേരത്തെ പ്രസിദ്ധീകരിക്കാനാകും. ഫലം ലഭിക്കുന്ന വെബ്‌സൈറ്റുകള്‍.www.kerala.gov.in, www.dhse.gov.in, www.keralaresults.nic.in, www.prd.kerala.gov.in