ഹയർ സെക്കൻഡറി സ്കൂളിൽ മോഷണം: നാലംഗസംഘം പിടിയിൽ

പൊൻകുന്നം ∙ ഗവ. ഹയർ സെക്കൻ‍ഡറി സ്കൂളിലെ അസാപ് പഠനവിഭാഗത്തിലെ സ്റ്റോർ മുറിയിൽനിന്ന് ഒന്നര ലക്ഷം രൂപയുടെ ഇലക്ട്രോണിക്സ് പഠനോപകരണങ്ങളും അലമാരയും മോഷ്ടിച്ച നാലംഗ സംഘം പിടിയിൽ. ചിറക്കടവ് കൂമ്പുകൽ ആൽബിൻ (18), ഇളങ്ങുളം പുതുപ്പറമ്പിൽ സച്ചിൻ (19), പൊൻകുന്നം രഞ്ജിത് ഭവനിൽ രഞ്ജീഷ് (19), പൊൻകുന്നം ഇറ്റുവേലിൽ അമൽ (18) എന്നിവരാണ് അറസ്റ്റിയായത്. ഇവരെ കോടതിയിൽ ഹാജരാക്കി.

പൊലീസ് പറയുന്നത് ഇങ്ങനെ: ഗവ. ഹയർ സെക്കൻ‍ഡറി സ്കൂളിലെ അസാപ് പഠന വിഭാഗത്തിലെ സ്റ്റോർ മുറിയിൽ സൂക്ഷിച്ചിരുന്ന സ്റ്റീൽ അലമാരയും അതിൽ സൂക്ഷിച്ചിരുന്ന 50,000 രൂപ വില വരുന്ന ഉപകരണങ്ങളും വിദ്യാർഥികൾക്കു പഠനത്തിനായുള്ള വയറിങ്, പ്ലംബിങ്, എസി എന്നിവയുടെ സ്പാനറുകൾ, രണ്ട് എസി മെഷിൻ, രണ്ടു വാഷിങ് മെഷിൻ, രണ്ടു വാക്വം ക്ലീനർ, രണ്ടു യുപിഎസ് എന്നിവയാണു കഴിഞ്ഞ അവധിദിവസം മോഷണം പോയത്. കഴിഞ്ഞ മാസം 28നു സ്കൂൾ അടച്ചശേഷം ഈ മാസം അഞ്ചിനാണു വീണ്ടും തുറന്നത്.

രാവിലെ ക്ലാസെടുക്കുന്നതിനായി അധ്യാപിക മുറിയിലെത്തിയപ്പോൾ അടുത്ത മുറിയിലെ ബെഞ്ചും മേശയും അലങ്കോലമായി കിടക്കുന്നതു കണ്ടു. തുടർന്നു നടത്തിയ അന്വേഷണത്തിലാണു മോഷണം നടന്നതായി അറിഞ്ഞത്. സ്കൂൾ കെട്ടിടത്തിന്റെ പിൻവാതിൽ തുറന്നുകിടക്കുകയായിരുന്നു. വിശദമായ പരിശോധനയിൽ അലമാരയും മറ്റു സാധനങ്ങളും മോഷണം പോയതായി കണ്ടെത്തി. ഇതിൽ ഒരു അലമാര സ്കൂൾ കെട്ടിടത്തിന് 200 മീറ്റർ അകലെ ചപ്പുചവറുകൾക്കിടയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.

ജനലിന്റെ കുറ്റി ഇളക്കിയതായും കണ്ടതോടെ സ്കൂളിലെ അസാപ് പ്രോഗ്രാം മാനേജർ പൊൻകുന്നം പൊലീസിൽ പരാതി നൽകി. പൊലീസ് സ്കൂളിലെ സിസിടിവി ദൃശ്യം പരിശോധിച്ചപ്പോൾ അവധി ദിവസം ഒരു ഓട്ടോ സ്കൂളിലെത്തിയതായി കണ്ടെത്തി. ഓട്ടോ ഡ്രൈവറെ വിശദമായി ചോദ്യം ചെയ്തതോടെയാണു മോഷ്ടാക്കളെക്കുറിച്ചുള്ള വിവരം ലഭിച്ചത്. പിന്നീട് ഇവരെ അറസ്റ്റു ചെയ്യുകയായിരുന്നു. ജനലിലൂടെയാണു സംഘം സ്കൂളിലെ മുറിയിൽ കയറിയതെന്നു പൊലീസ് പറ‍ഞ്ഞു.

ഓട്ടോ ഡ്രൈവർക്കു സംഭവത്തിൽ പങ്കില്ലെന്നു പൊലീസ് പറഞ്ഞു. കാഞ്ഞിരപ്പള്ളി, ഇരുപതാംമൈൽ എന്നിവിടങ്ങളിലെ ആക്രിക്കടകളിൽ വിൽപന നടത്തിയ യുപിഎസ്, വാഷിങ് മെഷീൻ, എസി, സ്റ്റീൽ അലമാര എന്നിവ പൊലീസ് കണ്ടെടുത്തു. പൊൻകുന്നം സിഐ: സി.ആർ.പ്രമോദ്, എസ്ഐ: എ.സി.മനോജ് കുമാർ, ജൂനിയർ എസ്ഐ: എസ്.പ്രദീപ് എന്നിവരാണു മോഷണസംഘത്തെ അറസ്റ്റ് ചെയ്തത്.