ഹര്‍ഭജന്‍ പിന്നില്‍ നിന്ന് കുത്തുന്നവനെന്ന് ശ്രീശാന്ത്‌

SREE SLAP
ക്രിക്കറ്റ് ലോകം മറന്നുതുടങ്ങിയ ഐ.പി.എല്ലിലെ ചെകിട്ടത്തടിയുടെയും പൊട്ടിക്കരച്ചിലിന്റെ നാണംകെട്ട അധ്യായം വീണ്ടും തുറന്നിരിക്കുകയാണ് മലയാളി പേസര്‍ എസ്. ശ്രീശാന്ത്. 2008ലെ ഐ.പി.എല്‍ മത്സരത്തിനിടെ തന്റെ ചെകിട്ടത്തടിച്ച ഹര്‍ഭജനെതിരെ രൂക്ഷമായ വിമര്‍ശമാണ് ഇപ്പോള്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമായ ശ്രീശാന്ത് ട്വിറ്ററിലൂടെ നടത്തിയിരിക്കുന്നത്. ഹര്‍ഭജന്‍ പിന്നില്‍ നിന്ന് കുത്തുന്നവനാണെന്നും 2008ലെ സംഭവം ആസൂത്രിതമാണെന്നുമായിരുന്നു ശ്രീശാന്തിന്റെ ആരോപണം. വിരാട് കോലിയും ഗൗതം ഗംഭീറും ഗ്രൗണ്ടില്‍ പരസ്യമായ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടത്തിന്റെ തൊട്ടടുത്ത ദിവസമാണ് അഞ്ചു വര്‍ഷം മുന്‍പത്തെ തല്ലുകേസിന്റെ കഥ അന്ന് കിങ് ഇലവന്‍ പഞ്ചാബിന്റെ താരമായിരുന്ന ശ്രീശാന്ത് പൊടിത്തട്ടിയെടുത്തത്.

അന്നത്തെ സംഭവത്തില്‍ എനിക്ക് ആരോടും പരാതിയില്ല. എന്നാല്‍ ഇപ്പോള്‍ ആ സംഭവത്തിന്റെ യാഥാര്‍ഥ്യം എല്ലാവരും അറിയണം. സത്യത്തില്‍ ഹര്‍ഭജന്‍ എന്ന തല്ലിയില്ല. മത്സരശേഷം കൈ കൊടുക്കാന്‍ ചെന്ന എന്നെ മുട്ടുകൊണ്ട് ഇടിക്കുകയായിരുന്നു. ഇങ്ങനെ ചെയ്യാന്‍ ഹര്‍ഭജന്‍ മുന്‍കൂട്ടി തീരുമാനിച്ചിരുന്നു. സംഭവത്തിന്റെ വീഡിയോ പരിശോധിച്ചാല്‍ ഈ സത്യം ബോധ്യമാകും. സംഭവത്തില്‍ എല്ലാവരും എന്നെയാണ് കുറ്റപ്പെടുത്തുന്നത്. ഞാന്‍ വികാരാധീനനായെന്നാണ് വിമര്‍ശം. എന്നാല്‍ , എല്ലാവരും ആരാധിക്കുന്ന ഒരാള്‍ നമ്മളെ പിന്നില്‍ നിന്ന് കുത്തന്നവനാണെന്ന് ബോധ്യമായാല്‍ ഏതൊരു സാധാരണക്കാരനാണ് വികാരാധീനനാകാത്തത്. ഇക്കാര്യത്തില്‍ ഞാന്‍ നിരപരാധിയാണ്. ഈ സംഭവത്തിന്റെ നിജസ്ഥിതി വെളിച്ചത്തുവരാന്‍ അതിന്റെ വീഡിയോദൃശ്യങ്ങള്‍ പരസ്യമാക്കണം. ഹര്‍ഭജനെ വേദനിപ്പിക്കണമെന്ന ആഗ്രഹമൊന്നുമില്ല. എങ്കിലും സത്യം ലോകമറിയണം. വീഡിയോ ദൃശ്യത്തില്‍ ആ സത്യം ഒളിച്ചിരിപ്പുണ്ട്-ശ്രീശാന്ത് പറഞ്ഞു

Leave a Reply

Your email address will not be published.

Enable Google Transliteration.(To type in English, press Ctrl+g)