ഹൃദ്‌രോഗത്തെ കരുതിയിരിക്കുക

ഹൃദയം ശരീരത്തിലുള്ള രക്തപ്രവാഹത്തെ നിയന്ത്രിക്കുന്ന ഒരു പമ്പാണ്. മിനിട്ടിൽ 70 മുതൽ 100 വരെ പ്രാവശ്യം സാധാരണ ഗതിയിൽ വികസിക്കുകയും ചുരുങ്ങുകയും ചെയ്യുന്ന പമ്പ്. നാമറിയാതെ നമ്മുടെ ഊണിലും ഉറക്കത്തിലും വിശ്രമമില്ലാതെ പ്രവർത്തിക്കുന്ന ഒരു അവയവം. മനുഷ്യശരീരത്തിൽ ഏറ്റവും ആദ്യം അനങ്ങിത്തുടങ്ങുന്നതും ഏറ്റവും അവസാനം അണയുന്നതും ഹൃദയം തന്നെ. നമ്മുടെ മനസ്സിനെയോ ശരീരത്തെയോ പരാതികൾ കൊണ്ട് വേദനിപ്പിക്കാത്ത ഈ മഹാ അവയവത്തിന്റെ ശ്രദ്ധയ്ക്കായി നാം എന്ത് ചെയ്യുന്നുവെന്ന് ആലോചിച്ചു നോക്കിയിട്ടുണ്ടോ?

ഹൃദ്രോഗസാധ്യത

ഇന്ത്യയിലെ സാധാരണ ജനങ്ങളിൽ 5% പേരെങ്കിലും വിവിധതരത്തിലുള്ള ഹൃദയ രക്തധമനിപരമായ അസുഖത്താൽ കഷ്ടപ്പെടുന്നവരാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. നഗരപ്രദേശങ്ങളിൽ അത് 20% വരെയാണെന്നതാണ് സത്യാവസ്ഥ. പാശ്ചാത്യരാജ്യങ്ങളുടേതെന്ന് നാം കരുതിയിരുന്ന ഹൃദ് രോഗം ഇന്ന് നമ്മുടെ നാടിനെ ആകമാനം വ്യാപിച്ചിരിക്കുകയാണ്.ഏഷ്യൻ രാജ്യങ്ങളിൽ ഹൃദ് രോഗം യുവാക്കളെ കൂടുതലായി ബാധിക്കുന്നു എന്ന ദുഃഖകരമായ വസ്തുത നമുക്ക് മറക്കാനാവില്ല. പാശ്ചാത്യ രാജ്യങ്ങളേക്കാൾ ഹൃദ് രോഗം ഏകദേശം 10 വയസ് മുൻപ് ഏഷ്യക്കാരിൽ ആരംഭിക്കുന്നു. 35 മുതൽ 45 വയസ് വരെയുള്ള പ്രായത്തിനിടയിൽ ഹൃദ് രോഗത്താൽ മരണപ്പെടുന്ന പുരുഷന്മാരുടെ എണ്ണം വളരെ വർദ്ധിക്കുന്നു നമ്മുടെ നാട്ടിൽ.

ഹൃദ്രോഗം – വിവിധ തരങ്ങൾ

ഹൃദ്രോഗം എന്ന് പറയുമ്പോൾ മൂന്നു പ്രധാനതരത്തിലുള്ളതാണ്.
1. ഹൃദയ രക്തധമനികൾക്കുണ്ടാകുന്ന തടസങ്ങൾ (കൊറോണി ആർട്ടി ഡിസീസ്)
2. ഹൃദയത്തിലെ വാൽവുകളുടെ അസുഖം (വാൽവുലാർ ഹാർട്ട് ഡിസീസ്)
3. ജന്മനാ ഉണ്ടാകുന്ന ഹൃദ്രോഗങ്ങൾ (കൺജനീറ്റൽ ഹാർട്ട് ഡിസീസ്)

ഹൃദയ രക്ത ധമനികളുടെ അസുഖങ്ങൾ

സാധാരണ നമ്മുടെ ഈ കാലഘട്ടങ്ങളിൽ ഹൃദ്രോഗം എന്ന് പറയുന്നത് ഹൃദയത്തിലെ രക്തധമനികളിൽ ഉണ്ടാകുന്ന അസുഖങ്ങളാണ്. ഹൃദയത്തിലെ മാംസപേശികൾക്ക് ആവശ്യമായ രക്തം നൽകുന്ന മൂന്ന് രക്തധമനികളാണുള്ളത്. അവയെ കൊറോണറി രക്തധമനികൾ എന്നാണ് വിളിക്കുക. ഹൃദയത്തിന്റെ ഇടത് ഭാഗത്ത് രണ്ടും വലതുഭാഗത്ത് ഒന്നുമാണ് ഇത്തരം ധമനികൾ കാണപ്പെടുന്നത്.

ഈ രക്തധമനികളിലൂടെ പ്രവഹിക്കുന്ന രക്തം ഹൃദയപേശികൾക്ക് ആവശ്യമായ ഊർജം പ്രദാനം ചെയ്യുന്നു. വിവിധ തരത്തിലുള്ള കാരണങ്ങൾ വഴി ഈ ധമനികളിൽ വിവിധ ശതമാനത്തിലുള്ള തടസ്സങ്ങൾ ഉണ്ടാകാം. രക്തധമനികളുടെ ഉള്ളിൽ അടിയുന്ന അമ്ളവും രക്തക്കട്ടകളും കാത്സ്യവുമെല്ലാം രക്തപ്രവാഹത്തെ തടസ്സപ്പെടുത്താം. പൂർണമായി തടസമുണ്ടാകുമ്പോഴാണ് ഹൃദയാഘാതം സംഭവിക്കുക.

രക്താതിസമ്മർദ്ദം

രക്തസമ്മർദ്ദം 140/90 മില്ലീമീറ്ററിൽ കൂടിയാൽ ആശങ്കാജനകമായി തീരുന്നു. രണ്ടുതരത്തിലുള്ള രക്താതിസമ്മർദ്ദമാണ് സാധാരണ കാണുന്നത്. പ്രൈമറിയും സെക്കന്ററിയും. പ്രൈമറി രക്താതിസമ്മർദ്ദത്തിന്റെ കാരണങ്ങൾ വ്യക്തമായി കണ്ടുപിടിക്കപ്പെട്ടിട്ടില്ല. നമ്മുടെ പ്രായവും രക്തസമ്മർദ്ദവും തമ്മിലും ചില ബന്ധങ്ങളുണ്ട്. ലഹരി കൂടുതലായി ഉപയോഗിക്കുന്നവരിലും മാനസിക സംഘർഷം അമിതമായി അനുഭവിക്കുന്നവരിലും ഗർഭിണികളിലും രക്താതിസമ്മർദ്ദം കാണുവാനുള്ള സാധ്യത വളരെ കൂടുതലാണ്. രക്താതിസമ്മർദ്ദം ഹൃദ് രോഗം പോലെതന്നെ തലച്ചോറ്, വൃക്ക തുടങ്ങിയ അവയവങ്ങളിലേക്കുള്ള രക്തധമനികളേയും രോഗാതുരമാക്കുന്ന സാഹചര്യം ഉണ്ടാകാറുണ്ട്.

നമ്മുടെ നാട്ടിലെ സാധാരണക്കാരായ മദ്ധ്യവയസ്ക്കരിൽ 20% വരെ രക്താതിസമ്മർദ്ദത്തിനടിമകളാണ്. ശരിയായ ഭക്ഷണ രീതി, ജീവിതക്രമീകരണം, വ്യായാമം എന്നിവവഴി രക്തസമ്മർദ്ദത്തെ നിയന്ത്രിക്കുകയും അത് വഴി ഹൃദ് രോഗസാധ്യത കുറക്കുകയും ചെയ്യേണ്ടതാണ്.

പ്രമേഹം
രണ്ടുതരം പ്രമേഹമുണ്ട് നമ്മുടെ ഇടയിൽ. ഒരു കൂട്ടം പ്രമേഹരോഗികൾക്ക് ആഹാരക്രമീകരണം വഴി അതിനെ നിയന്ത്രിക്കാനാകും, ചില ഗുളികകളുടെ സഹായവും വേണ്ടിവരാം. മറ്റു കൂട്ടർക്ക് ഇൻസുലിൻ കുത്തിവെയ്പ് അത്യാവശ്യമായ സാഹചര്യവും ഉണ്ടാകുന്നവരാണ്.

പ്രമേഹരോഗികൾക്ക് ഹൃദ്രോഗവും രക്തധമനികളുടെ അസുഖവും വരാനുള്ള സാധ്യത മറ്റുള്ളവരേക്കാൾ കൂടുതലാണ്. ഏഷ്യൻ വംശജരിൽ ഹൃദ്രോഗം സംഭവിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്നായി പ്രമേഹം കണക്കാക്കപ്പെടുന്നു. പ്രമേഹം കുടുംബപരമായ ഒരു അസുഖം കൂടിയാണ്. വ്യായാമം, ഭക്ഷണരീതി എന്നിവ വഴി പ്രമേഹത്തെ നിയന്ത്രണത്തിൽ ഒതുക്കുവാനാവുന്നതാണ്.