ഹെൽമറ്റ് പരിശോധനകൾ ആരംഭിച്ചു; പിന്തുടർന്ന് പിടികൂടരുത്

ഇരുചക്രവാഹന യാത്രക്കാരിൽ പിന്നിലിരിക്കുന്നവർക്കും ഹെൽമറ്റ് നിർബന്ധമാക്കിയതോടെ പൊലീസും മോട്ടർ വാഹന വകുപ്പും പരിശോധനകൾ ആരംഭിച്ചു. ഹെൽമറ്റ് ഉപയോഗിക്കുന്നുണ്ടെന്നു ഉറപ്പുവരുത്താൻ കർശന പരിശോധന നടത്തുമെന്ന് മോട്ടർ വാഹനവകുപ്പ് അറിയിച്ചു. പൊലീസും മോട്ടർ വാഹന വകുപ്പും ജില്ലയിൽ വിവിധയിടങ്ങളിൽ ഹെൽമറ്റ് പരിശോധന നടത്തി. ആദ്യ ദിനങ്ങളിൽ ഹെൽമറ്റിന്റെ ആവശ്യകത യാത്രക്കാരെ പറഞ്ഞു മനസ്സിലാക്കും. വരും ദിവസങ്ങളിൽ പിഴ ഉൾപ്പെടെയുള്ള ശിക്ഷയിലേക്കു കടക്കാനാണ് തീരുമാനം.

ഹെൽമറ്റ് ധരിക്കാത്തവരെ പിന്തുടർന്ന് പിടികൂടരുതെന്നും വകുപ്പുകൾക്ക് നിർദേശമുണ്ട്. വിഡിയോ ക്യാമറ ഉപയോഗിച്ചുള്ള പരിശോധനാ രീതിയാണ് ഇത്തരം സംഭവങ്ങളിൽ സ്വീകരിക്കുകയെന്ന് മോട്ടർവാഹന വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു. 500 രൂപയാണ് ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നവർക്കുള്ള പിഴ. തൽക്കാലം പിഴ ഒഴിവാക്കി ഹെൽമറ്റ് വാങ്ങാൻ സാവകാശം നൽകും.

പിഴ 2 തവണയിൽ കൂടുതലായാൽ ലൈസൻസ് റദ്ദ് ചെയ്യുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും.നാലു വയസ്സിനു മുകളിലുള്ള യാത്രക്കാർക്കുൾപ്പെടെ ഹെൽമറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. നടപടികൾ കർശനമാകുമെന്നതിനാൽ മിക്കയിടങ്ങളിലും പിന്നിലിരിക്കുന്ന ആളുകൾ ഹെൽമറ്റ് ഉപയോഗിച്ചു തുടങ്ങിയതായി അസി. മോട്ടർ വാഹന ഇൻസ്പെക്ടർ ജയചന്ദ്രൻ പറഞ്ഞു.വിവിധ പൊലീസ് സ്റ്റേഷനുകളുടെ നേതൃത്വത്തിൽ ജില്ലയിൽ വിവിധയിടങ്ങളിൽ ബോധവൽക്കരണം നടത്തി.

കിട്ടാനില്ല ‘കുട്ടി ഹെൽമറ്റ് ’

നാലു വയസ്സിനു മുകളിലുള്ള ഇരുചക്രവാഹന യാത്രക്കാർക്ക് ഹെൽമറ്റ് നിർബന്ധമാക്കിയതോടെ നഗരത്തിലെയും പരിസരങ്ങളിലെയും കടകളിൽ ഇത്തരം ഹെൽമറ്റ് അന്വേഷിച്ച് ചെല്ലുന്ന ആളുകളുടെ എണ്ണം വർധിച്ചിട്ടുണ്ട്. സ്റ്റോക്ക് ഉള്ളയിടങ്ങളിൽ തന്നെ ഇവ പരിമിതമാണ്.