ഹെൽമറ്റ് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടവ

ഇരുചക്ര വാഹനങ്ങളിൽ പിൻസീറ്റിൽ യാത്ര ചെയ്യുന്നവർക്കും ഹെൽമറ്റ് നിർബന്ധമാക്കിയ ഹൈക്കോടതി ഉത്തരവിനോട് ജില്ലയിൽ പൊതുവേ പ്രതിഷേധമില്ല. സ്ഥിരം യാത്രികരിൽ ഭൂരിഭാഗവും ഹെൽമറ്റ് ഉടൻ വാങ്ങാനുള്ള തീരുമാനത്തിലാണ്. ഹെൽമറ്റ് ഉപയോഗിക്കുന്നത് അധികൃതരുടെ പരിശോധനയിൽ നിന്നു രക്ഷപ്പെടാനാകരുത്. വീട്ടിൽ കാത്തിരിക്കുന്നവരോടുള്ള കരുതലാകണം അതിനു പിന്നിൽ.

ഹെൽമറ്റ് വാങ്ങുമ്പോൾ

∙ 850 രൂപ മുതൽ ഐഎസ്ഐ മുദ്രയുള്ള ഹെൽമറ്റുകൾ വിപണിയിൽ ലഭിക്കും.

∙ ഫുൾ ഫെയ്സ്, ഓപ്പൺ ഫെയ്സ്, ഫ്ലിപ് അപ് ഹെൽമറ്റുകളാണ് വിപണിയിൽ ലഭിക്കുന്നത്.

∙ ഫുൾ ഫെയ്സ് ഹെൽമറ്റുകൾക്ക് ആവശ്യക്കാരേറെയുണ്ട്. ഇതു തലയ്ക്കും മുഖത്തിനും താടിയെല്ലിനും കൂടുതൽ സുരക്ഷ നൽകും.

∙ ഓപ്പൺ ഫെയ്സ് അഥവാ ഹാഫ് ഫെയ്സ് ഫെൽമറ്റുകൾ ലേഡീസ് ഹെൽമറ്റ് എന്നറിയപ്പെടുന്നു.

∙ ഫ്ലിപ് അപ് ഹെൽമറ്റുകളുടെ മുൻഭാഗം ഒരു സ്വിച്ച് അമർത്തിയാൽ ഉയർത്താം. ഇവയ്ക്ക് 1200 രൂപ മുതൽ വിലയുണ്ട്.

∙ ഹെൽമറ്റ് വാങ്ങുമ്പോൾ ആദ്യം പരിശോധിക്കേണ്ടത് തലയിൽ മുറുക്കം ഉണ്ടോ എന്നാണ്.

∙ ഫുൾ ഫെയ്സ് ഹെൽമറ്റ് താടിയിൽ നിന്ന് ഒരു ഇഞ്ച് താഴ്ന്നു നിൽക്കണം.

∙ താടിക്കും ഹെൽമറ്റിനും ഇടയിൽ ഒരു വിരൽ അകലം വേണം.

∙ തലയുടെ പിന്നിൽ കഴുത്തിനു തൊട്ടു മുകളിൽ വരെ സംരക്ഷണം ലഭിക്കണം.

പൊലീസ് നടപടി ഇങ്ങനെ

നിലവിലുള്ള പരിശോധനകൾ തുടരാൻ തന്നെയാണ് കോട്ടയത്തെ പൊലീസിന്റെയും മോട്ടർ വാഹന വകുപ്പിന്റെയും തീരുമാനം. ഇപ്പോൾ ഹെൽമറ്റില്ലാതെ പിന്നിലിരിക്കുന്നവർക്ക് താക്കീതും ഉപദേശവും നൽകും. നിയമമായാൽ പരിശോധന കർശനമാക്കുമെന്ന് മോട്ടർ വാഹന വകുപ്പ് അറിയിച്ചു.

4 വയസ്സിനു മുകളിലുള്ള കുട്ടികളെ ഇരുചക്ര വാഹനങ്ങളിൽ മൂന്നാമത് യാത്രികനായി കണക്കാക്കും. 4 വയസ്സിനു മുകളിലുള്ള 2 യാത്രക്കാരിൽ കൂടുതൽ ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്നത് നിയമപരമായി കുറ്റകരമാണ്. എന്നാൽ ഒരു വാഹനത്തിന് ഒരു ഹെൽമറ്റ് പിഴ ഈടാക്കാൻ മാത്രമേ നിലവിലെ വ്യവസ്ഥകൾ അനുവദിക്കൂ. ഹെൽമറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നവർക്ക് സംസ്ഥാന സർക്കാർ നിശ്ചയിച്ച പിഴത്തുക 500 രൂപയാണ്. മോട്ടർ വാഹന നിയമങ്ങൾ സംബന്ധിച്ച വിവരങ്ങൾക്ക് കടപ്പാട് ടോജോ എം.തോമസ് (എൻഫോഴ്സ്മെന്റ് ആർടിഒ, കോട്ടയം)

ഹെൽമറ്റ് വാങ്ങാൻ വായ്പ

ഹെൽമറ്റ് വാങ്ങാനും വായ്പ ലഭിക്കും. ചില വാഹന വ്യാപാരികൾ സൗജന്യമായി ഹെൽമറ്റ് നൽകാറുണ്ട്. അത് ഒരെണ്ണം മാത്രം.

കുട്ടി ഹെൽമറ്റ്

നമ്മുടെ നാട്ടിൽ ഇതുവരെ കുട്ടികൾ ഹെൽമറ്റ് വയ്ക്കുന്ന പതിവ് കുറവായിരുന്നു. അതുകൊണ്ട് ഇപ്പോൾ കോട്ടയത്തെ വിപണികളിലും കുട്ടികൾക്കു വേണ്ടിയുള്ള ഹെൽമറ്റ് കുറവാണ്. തലയിൽ ഒതുങ്ങുന്ന ഭാരക്കുറവുള്ളവയാണ് കുട്ടികൾക്ക് ഇണങ്ങുന്നത്.