ഹെൽമറ്റ് വീട്ടിൽ വച്ചിട്ടെന്തിന് ?

∙ ഇനി റോഡിലെ നിയമ ലംഘനങ്ങൾ ‘ചില്ലറ’ക്കാര്യം അല്ല. ഒന്നു മുതൽ റോഡ് നിയമ ലംഘനം നടത്തുന്നതിനു പിഴശിക്ഷയിൽ വൻ വർധന വരുത്തിയതോടെ വാഹന ഉടമകൾക്കു ‘നല്ല കരുതൽ’ വേണം. ജില്ലയിൽ അധികൃതർ ഏറ്റവും കൂടുതൽ പിഴ ശിക്ഷ വിധിക്കുന്നതു ഹെൽമറ്റ്, സീറ്റ്ബെൽറ്റ് എന്നിവ ഉപയോഗിക്കാതെ യാത്ര ചെയ്യുന്നതിനാണ്.മിക്കവർക്കും ഹെൽമറ്റ് ഉണ്ടെങ്കിലും ഉപയോഗിക്കാൻ മടിക്കുന്നതായി മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. സീറ്റ് ബെൽറ്റ് ഉപയോഗവും ഇങ്ങനെ തന്നെ. ഉപയോഗിക്കുന്നവരുടെ എണ്ണം കുറയുന്നു. ഇനി മുതൽ ഇരു നിയമ ലംഘനങ്ങൾക്കും 1,000 രൂപയാണു പിഴ.

പിഴയൊടുക്കേണ്ടി വരുന്നതിൽ മുന്നിട്ടു നിൽക്കുന്ന മറ്റൊരു വിഭാഗം മദ്യപിച്ചു വാഹനം ഓടിക്കുന്നവരാണ്. 2, 000 മുതൽ 10,000 രൂപ വരെയാണു പുതിയ പിഴ. മദ്യപിച്ചു വാഹനം ഓടിക്കുന്നതു നിരുത്സാഹപ്പെടുത്താൻ ബാർ ഹോട്ടലുകൾ ഡ്രൈവർമാരെ നിയോഗിക്കുന്നതിന് ആലോചിക്കുന്നുണ്ട്. മൊബൈൽ ഫോൺ ഉപയോഗത്തിന് എതിരെ നടപടി കർശനമാക്കും. 10,000 രൂപ വരെയാണു പിഴ.ഹെൽമറ്റിന് ഇടയിൽ മൊബൈൽ ഫോൺ തിരുകി സംസാരിച്ചു വാഹനം ഓടിക്കുക, ബ്ലൂ ടൂത്ത് ഹെഡ്സെറ്റ് ഉൾപ്പെടെ ഉപയോഗിച്ചു മൊബൈൽ ഫോണിൽ സംസാരിക്കുക എന്നിവയ്ക്കെല്ലാം പിടി വീഴും.