ഹോട്ടലുകളിലെ പരിശോധന :- പൊൻകുന്നത് ഒരു ഹോട്ടൽ പൂട്ടുവാൻ നിര്‍ദേശം നല്‍കി

ഹോട്ടലുകളിലെ പരിശോധന :- പൊൻകുന്നത് ഒരു ഹോട്ടൽ പൂട്ടുവാൻ നിര്‍ദേശം നല്‍കി

ഭക്ഷ്യസുരക്ഷാ വിഭാഗത്തിനു പിന്നാലെ ആരോഗ്യ വകുപ്പ്‌ നടത്തിയ പരിശോധനയില്‍ ജില്ലയിലെ നാലു ഹോട്ടലുകള്‍ പൂട്ടാന്‍ നിര്‍ദേശം. ശുചിത്വം പാലിക്കാത്ത 715 ഭക്ഷണ ശാലകള്‍ക്ക്‌ നോട്ടീസും നല്‍കി.

ആരോഗ്യ വകുപ്പിന്‍റെ സേഫ്‌ കേരള പദ്ധതിയുടെ ഭാഗമായാണ്‌ പരിശോധന നടന്നത്‌. പാന്പാടി ബ്ലോക്കിലെ മുണ്ടംകുന്നില്‍ രണ്ടും പാല ഉള്ളനാട്ടില്‍ ഒന്നും പൈക, പൊന്‍കുന്നം എന്നിവിടങ്ങളില്‍ ഓരോ ഹോട്ടലുകളുമാണ്‌ അടയ്‌ക്കാന്‍ നിര്‍ദേശം നല്‍കിയത്‌.

ജില്ലയില്‍ 465 ഹോട്ടലുകളിലും 220 കൂള്‍ബാറിലും 378 ബേക്കറികളിലും 38 കാറ്ററിംഗ്‌ യൂണിറ്റുകളിലും എട്ട്‌ ഐസ്‌ ഫാക്‌ടറികളിലും പരിശോധന നടത്തി. കോട്ടയം നഗരത്തില്‍ നടത്തിയ പരിശോധനയില്‍ നാലു ഹോട്ടലുകള്‍ക്കും ഓരോ കൂള്‍ബാറിനും കെ.എഫ്‌.സിക്കും നോട്ടീസ്‌ നല്‍കി. ഹോട്ടലുകളുടെ പിന്നാന്പുറങ്ങള്‍ വൃത്തിഹീനമാണെന്ന്‌ പരിശോധനയില്‍ കണ്ടെത്തിയതായി ആരോഗ്യ വകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ പറഞ്ഞു. പല ഹോട്ടലുകളും അറ്റകുറ്റപണികള്‍ നടത്തിയിട്ടില്ല. മഴവെള്ളം ചോര്‍ന്ന്‌ ഒലിക്കുന്നതായും മലിനജലം ആഹാരം തയാറാക്കുന്ന പ്രദേശത്തു കൂടി ഒഴുകുന്നതായും പരിശോധനയില്‍ കണ്ടെത്തി. മഴവെള്ളം ഉപയോഗിച്ചു ആഹാരം തയാറാക്കിയ നഗരത്തിലെ ഹോട്ടലിനും നോട്ടീസ്‌ നല്‍കിയിട്ടുണ്ട്‌.

ഹോട്ടല്‍ തൊഴിലാളികള്‍ക്കു ഹെല്‍ത്ത്‌ കാര്‍ഡ്‌ നിര്‍ബന്ധമാക്കിയിരുന്നുവെങ്കിലും പലയിടങ്ങളിലും ഇതു പാലിച്ചിരുന്നില്ലെന്നും തൊഴിലാളികള്‍ യൂണിഫോം ധരിച്ചിരുന്നില്ലെന്നും കണ്ടെത്തി. ദിവസങ്ങളോളം ഫ്രീസറില്‍ സൂക്ഷിച്ചിരുന്നപാകം ചെയ്‌ത ആഹാര സാധനങ്ങള്‍ കണ്ടെത്തി നശിപ്പിച്ചു. ഭക്ഷണശാലകള്‍ക്കു വീഴ്‌ച പരിഹരിക്കാന്‍ 15 ദിവസത്തെ ഇടവേള നല്‍കിയിട്ടുണ്ടെന്ന്‌ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഐഷാ ഭായി അറിയിച്ചു.

ഡപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. ആര്‍. ബിന്ദുകുമാരി, ഡോ. എന്‍. പ്രിയ, ഡോ. കെ. ആര്‍. രാജന്‍ എന്നിവരുടെ നേതൃത്വത്തില്‍ ജില്ലയിലെ 16 ബ്ലോക്ക്‌ സി.എച്ച്‌.സി-പി.എച്ച്‌.സികളില്‍നിന്നുള്ള മെഡിക്കല്‍ ഓഫീസര്‍മാര്‍ ഹെല്‍ത്ത്‌ സൂപ്രവൈസേഴ്‌സ്‌, ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍മാര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
1-web-hotel-closed

2-web-hotel-raid

3-web-hotel-raid