100 രൂപ മുദ്രപ്പത്രങ്ങൾക്ക് ക്ഷാമം

കാഞ്ഞിരപ്പള്ളി : ∙ നൂറു രൂപയുടെ മുദ്രപ്പത്രങ്ങൾക്കു ക്ഷാമമുണ്ടാകുന്നതു ജനത്തെ വലയ്ക്കുന്നു. ഈ മുദ്രപ്പത്രങ്ങൾ ആഴ്ചകളായി ലഭിക്കുന്നില്ല. ഇനി എന്ന് ലഭിക്കുമെന്ന കാര്യത്തിൽ യാതൊരു അറിയിപ്പുകളുമില്ല. സാധാരണക്കാർക്ക് ഏറ്റവും ആവശ്യം വരുന്നത് 100 രൂപയുടെ മുദ്രപ്പത്രമാണ്. കരാറുകൾ എഴുതുന്നത് 200 രൂപയുടെ പത്രത്തിലാണ്.

ഇതിനായി രണ്ടു 100 രൂപ പത്രങ്ങളാണ് ഉപയോഗിച്ചിരുന്നത്. സാമ്പത്തിക വർഷം അവസാനിക്കാറായതോടെ ത്രിതല പഞ്ചായത്തുകളുടെ നിർമാണ പ്രവർത്തനങ്ങളുടെ കരാറുകൾ എഴുതേണ്ടതുണ്ട്. സ്ഥലം വിൽപന ഇടപാടുകൾക്ക് കരാറുണ്ടാക്കുന്നതും നൂറു രൂപയുടെ പത്രത്തിലാണ്. പത്രം ലഭ്യമല്ലാതെ വരുന്നതോടെ നിർമാണ പ്രവർത്തനങ്ങൾ വൈകുകയാണ്.

എന്നാൽ 500 രൂപയുടെ മുദ്രപ്പത്രം സുലഭമാണ്. 100 രൂപ പത്രം ലഭിക്കാതെ വരുമ്പോൾ ആത്യാവശ്യക്കാരൻ 500 രൂപയുടെ മുദ്രപ്പത്രം വാങ്ങി ഉപയോഗിക്കും. ഇതോടെ സർക്കാരിന് അധിക വരുമാനവും ലഭിക്കും. ഇതിനായി മനഃപൂർവം മുദ്രപ്പത്രങ്ങൾക്ക് ക്ഷാമമുണ്ടാക്കുന്നതാണോയെന്ന സംശയവും ജനങ്ങൾക്കുണ്ട്.